കൊച്ചി: സംസ്ഥാനത്ത് ക്ഷയരോഗ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നല്കുന്ന ക്ഷയരോഗ മരുന്നിനാണ് നിലവില്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നത്. ക്ഷയരോഗികള്‍ക്കു നല്കുന്ന മള്‍ട്ടി ഡ്രഗ് തെറാപ്പിയിലെ റിഫാമ്പിസിന്‍, ഐസോനിയാസിഡ്, പൈറാസിനാമൈഡ്, എത്താംമ്പ്യൂട്ടോള്‍ എന്നീ നാല് മരുന്നുകളാണ് സംസ്ഥാനത്ത് പലയിടത്തും ഇപ്പോള്‍ ലഭിക്കാത്തതത്.
1993ല്‍ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയായി റിവൈസ്ട്രഡ് നാഷണല്‍ ടിബി കണ്ട്രോള് പ്രോഗ്രാം തുടങ്ങിയപ്പോള്‍ മുതല്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ ടിബി ഡിവിഷനില്‍നിന്ന് ക്ഷയരോഗ മരുന്നു വാങ്ങിയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നത്.
ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയിലും സ്റ്റേറ്റ് ടിബി സെന്റര്‍ വഴി എല്ലാ ജില്ല ടിബി കേന്ദ്രങ്ങളിലേക്കുമാണ് ക്ഷയരോഗത്തിനുള്ള മരുന്ന് എത്തിച്ചിരുന്നത്. എന്നാല്‍ ക്ഷയരോഗ മരുന്നുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നു കാണിച്ച് രണ്ടു മാസം മുമ്പ് സെന്‍ട്രല്‍ ടിബി ഡിവിഷനില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് മെയില്‍ ലഭിച്ചിരുന്നു. അതിനാല്‍ സംസ്ഥാനങ്ങള്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ മരുന്നു സംഭരിക്കാനായിരുന്നു നിര്‍ദേശം.
സംസ്ഥാനത്ത് സാധാരണ മൂന്നു മാസത്തേക്കുള്ള മരുന്നുകള്‍ ബഫര്‍ സ്റ്റോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഫണ്ടിന്റെ ലഭ്യത കുറവുമൂലം ലോക്കല്‍ പര്‍ച്ചേസ് ചെയ്യാന്‍ ജില്ലാ ക്ഷയരോഗ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. മരുന്നു ലഭ്യമാക്കുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്ത് ശരാശരി ഓരോ വര്‍ഷവും പുതുതായി 20,000 ക്ഷയരോഗികളാണ് ഉണ്ടാവുന്നത്. അതിഥിത്തൊഴിലാളികള്‍ കൂടുതലുള്ള എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ക്ഷയരോഗികള്‍ കൂടുതലുള്ളത്. ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ രോഗികളുടെ എണ്ണം കുറവാണ്.
എറണാകുളം ജില്ലയില്‍ പ്രതിവര്‍ഷം 2600 പുതിയ ക്ഷയരോഗികള്‍ ഉണ്ടാകുന്നുണ്ട്. ആദ്യത്തെ 56 ദിവസത്തെ തീവ്ര ഘട്ട ചികിത്സയ്ക്കു ശേഷം 112 ദിവസത്തെ തുടര്‍ ഘട്ടമാണ് ക്ഷയരോഗ ചികിത്സയിലുള്ളത്. ഇതിനു ശേഷം നടത്തുന്ന പരിശോധനയില്‍ രോഗം മാറിയില്ലെങ്കില്‍ വീണ്ടും മരുന്ന് നല്‍കണം.
തുടര്ച്ചാഘട്ടത്തിലുള്ള മരുന്നിനാണ് ഇപ്പോള്‍ കടുത്ത ക്ഷാമം നേരിടുന്നത്. രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് മരുന്നു എത്തിച്ചു നല്‍കുന്നത്. രോഗികളുടെ തൂക്കത്തിന് അനുസരിച്ച് ലൂസ് മെഡിസിന് നല്‍കുകയാണ് ചെയ്യുന്നത്. 5 ദിവസത്തേക്കു മാത്രമാണ് ഇങ്ങനെ മരുന്നു നല്‍കുന്നത്. മരുന്നു മുടങ്ങിയാല്‍ മരുന്നിനെ പ്രതിരോധിക്കുന്ന മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ്സ് (എംഡിആര്‍) ടിബിയായി മാറും. അങ്ങനെ വരുമ്പോള്‍ രോഗം മാറാന്‍ കൂടുതല്‍ കാലം മരുന്നു കഴിക്കേണ്ടിവരും.
സീമ മോഹന്‍ലാല്‍