ജോമി കുര്യാക്കോസ്
ലോക ക്ഷയരോഗ ദിനമായ മാർച്ച് 24നു ക്ഷയരോഗത്തെപ്പറ്റിയും അനുബന്ധപ്രവർത്തനങ്ങളെപ്പറ്റിയും നമ്മൾ ബോധവാന്മാരാകാറുണ്ട്. തുടർന്നുള്ള പ്രവർത്തങ്ങളിൽ നമ്മൾ പിന്നോക്കാവസ്ഥയിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലോകം പുറന്തുള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വലിയൊരുസമൂഹം നമ്മുക്കിടയിലുണ്ട്. മാലിന്യം നിറംകെടുത്തിയ ഒരുപിടി സമൂഹം പൊതുസ്ഥലത്തെ ശുചീകരണത്തിൽ പുലർച്ചെ മുതൽ വ്യാപൃതരാകുന്പോൾ പലരോഗങ്ങളും ഇവരെ പിടികൂടുകയാണ്. പലവിധമായരോഗങ്ങൾ പിടിപെട്ടവർ ചുമച്ചും മലമൂത്രവിസർജ്യം ചെയ്തും പൊതുസ്ഥലങ്ങൾ മലിനമാക്കുന്പോൾ സ്വന്തം ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കാതെ ശുചീകരണപ്രവർത്തകർ ഇവനീക്കം ചെയ്യുന്പോൾ ഇവരും രോഗത്തിന് അടിമപ്പെടുകയാണ്. ഇവരുടെ ആരോഗ്യം പൂർണമായും നമ്മുടെ കൂടി ആരോഗ്യസംരക്ഷണത്തിനു അനിവാര്യമാണ്.
പകർച്ച വ്യാധികളിൽ മുൻപന്തിയിൽനിൽക്കുന്ന ക്ഷയരോഗ നിർമാർജനത്തിനു കേരളം മുൻപന്തിയിലാണെങ്കിലും ശുചീകരണതൊഴിലാളികളിൽ ആധുനിക സംസ്കരണരീതികളുടെയും ശുചീകരണ ഉപകരണങ്ങളുടെ അപര്യാപ്തതയും ക്ഷയരോഗം തിരിച്ചുവിളിക്കുന്ന സ്ഥിതിയാണ്.
ശ്വാസംവഴി രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസകോശത്തിൽ ഇടം കണ്ടെത്തി അവപ്രവർത്തനം തുടങ്ങുന്നു. വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാകുക. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതുകൊണ്ടുമാത്രം രോഗം വരണമെന്നില്ല. ശരീരത്തിൽ കയറിയ രോഗാണുക്കൾ അവിടെവച്ചുതന്നെ ദിവസങ്ങൾക്കുളളിൽ നശിച്ചുപോകാം. അല്ലെങ്കിൽ അവിടെ ചെറിയ വ്യത്യാസങ്ങളുണ്ടാക്കിയതിനുശേഷം പതുക്കെ പതുക്കെ നശിച്ചുപോകാം. അതല്ലെങ്കിൽ ശ്വാസകോശത്തിൽ ഒരുപാട് കേടുപാടുകളുണ്ടാക്കി കഫം തുപ്പുന്ന രോഗിയാക്കിമാറ്റാം.
ചിലപ്പോൾ രോഗാണുക്കൾ അൽപാൽപമായി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും കടന്ന് രോഗം മൂർച്ഛിക്കാനിടയാക്കിയേക്കാം. രോഗാണു ശരീരത്തിന്റെ എല്ലാ അവയവത്തിലും എത്തിയാലും അവയെ കീഴ്പ്പെടുത്തി രോഗബാധയില്ലാത്ത അവസ്ഥയിലും രോഗിയെത്തിയെന്നുവരാം. ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്നുണ്ടാകാം.
രോഗാണുക്കളുടെ ശരീരത്തിലെ പെരുമാറ്റരീതി ശരീരത്തിന്റെ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കും. തീരെ പ്രതിരോധശേഷിയില്ലാത്തവർക്കാണ് ക്ഷയരോഗബാധയുണ്ടാകുന്നത്. പ്രതിരോധശേഷിയുള്ളവരിൽ അണുക്കൾ ഉടൻതന്നെയോ പതുക്കെപതുക്കെയോ നശിക്കും. രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലാകും. പ്രതിരോധശക്തി കുറഞ്ഞ് അനുകൂല സാഹചര്യമുണ്ടായാൽ അവ വളരാൻതുടങ്ങും. ഈ രീതയിൽ ശരീരത്തിലെ ഏത് അവയവത്തിലും ക്ഷയരോഗബാധ ഉണ്ടാകാം.
ഏതാണ്ട് 90 ലക്ഷംപേർക്ക് ഓരോ കൊല്ലവും ക്ഷയരോഗബാധയുണ്ടാകുന്നു. ഇവരിൽ 11 ലക്ഷംപേർ മരിക്കുന്നു. എച്ച്ഐവി ബാധിതരായ ക്ഷയരോഗികളിൽ മൂന്ന് ലക്ഷത്തോളംപേരും ഓരോവർഷവും മരണമടയുന്നു. ഇവരിൽ 80 ശതമാനത്തിലധികം പേർ ഏഷ്യയിലും ആഫ്രിക്കയിലുമാണ്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലുമാണ്. അതായത് ലോകത്തിലേറ്റവും കൂടുതൽ ക്ഷയരോഗമുള്ളവരും എച്ച്ഐവി ബാധിതരും ഇന്ത്യയിലും ആഫ്രിക്കയിലുമാണെന്നു നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബി റെസ്പിറേറ്ററി ഡിസീസിലെ ഡോ. വിക്രം ബാറെ വ്യക്തമാക്കി.മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ട്യൂബർകുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാക്കുന്നത്.
85 ശതമാനം പേരിൽ ശ്വാസകോശത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. 15 ശതമാനത്തോളം പേരിൽ ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നു. ലിംഫ് ഗ്രന്ഥികൾ അഥവാ കുഴലകൾ, തലച്ചോറിനു പുറമെയുള്ള മെനിഞ്ചസ് ആവരണം, ശ്വാസകോശത്തിനു പുറമെയുള്ള പ്ളൂറ, ഹൃദയത്തിനു പുറമെയുള്ള പെരികാർഡിയം, കുടൽ, വൃക്ക, ജനനേന്ദ്രിയങ്ങൾ, ത്വക്ക്, എല്ലുകൾ എന്നിവിടങ്ങളിലാണ് ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നത്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ ശരീരത്തിലെ മുടിയും നഖവും ഒഴികെയുള്ള എല്ലായിടത്തും ടിബി വരാം. സാധാരണ കാണാറുള്ള രോഗലക്ഷണങ്ങൾ, വിട്ടുമാറാത്ത പനി, നീണ്ടുനിൽക്കുന്ന കഫത്തോടുകൂടിയ ചുമ, ഭാരക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ്. ഇതിനുപുറമെ ചിലരിൽ നെഞ്ചുവേദന, ശ്വാസംമുട്ടൽ, കഫത്തിൽ ചോരയുടെ അംശം എന്നിവയും കാണാറുണ്ട്.