തൃശൂർ: ആടിപ്പാടി ആഘോഷമായാണ് ഊട്ടിയിലേക്കുള്ള വിനോദയാത്ര സ്കൂളിൽനിന്ന് പുറപ്പെട്ടത്.
ബസ് എത്താൻ രണ്ടു മണിക്കൂർ വൈകി എങ്കിലും ടൂറിസ്റ്റ് ബസ് പാട്ടു വച്ചും ലൈറ്റുകൾ തെളിയിച്ചും ആഘോഷമായിതന്നെയാണ് യാത്ര പുറപ്പെട്ടത്.
മക്കളെ യാത്രയാക്കാൻ വന്ന രക്ഷിതാക്കൾ പലരും അറിഞ്ഞില്ല അത് അതിദാരുണമായ ദുരന്തത്തിലേക്കുള്ള യാത്രയാണെന്ന്.
മറ്റൊരു ദീർഘദൂര യാത്ര കഴിഞ്ഞാണ് സ്കൂളിലേക്ക് ഈ ബസ് എത്തിയതെന്ന് പറയുന്നു. അതുകൊണ്ടുതന്നെ ഡ്രൈവർ ക്ഷീണത്തിനായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
ഇക്കാര്യം ചില രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ പ്രശ്നമൊന്നുമില്ല എന്നാണ് ഡ്രൈവർ പറഞ്ഞത്. മക്കളെ യാത്രയാക്കി വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് പല രക്ഷിതാക്കൾക്കും അപകടവിവരം ഫോണിൽ ലഭിച്ചത്.
പല കുട്ടികളും നേരിട്ട് വീടുകളിൽ വിളിച്ച് തങ്ങളുടെ ബസ് അപകടത്തിൽപ്പെട്ട വിവരം അറിയിക്കുകയായിരുന്നു.
പരിക്കേറ്റവരെ കൊണ്ടുപോയിരുന്ന ആംബുലൻസ് ജീവനക്കാരാണ് പല രക്ഷിതാക്കളെയും വിളിച്ച് അപകടവിവരം അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ രക്ഷിതാക്കൾ തൃശൂരിലേക്കും വടക്കഞ്ചേരിയിലേക്കും പുറപ്പെട്ടു.
ബസ് മറിയാതിരിക്കാൻ പാടുപെട്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ
തൃശൂർ: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് വന്നിടിച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് മറിയാതിരിക്കാൻ പാടുപെട്ടെന്ന് ഡ്രൈവർ സുമേഷ് പേടിയോടെ ഓർക്കുന്നു.
തികച്ചും അപ്രതീക്ഷിതമായാണ് ബസിനു പിന്നിൽ വലതുവശത്ത് ടൂറിസ്റ്റ് ബസ് വന്നിടിച്ചത്. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നു.
കെഎസ്ആർടിസി ബസിന്റെ വലതുവശത്തെ ഇരുമ്പ് ഷീറ്റ് പൂർണമായും തകർന്ന നിലയിലാണ്. കൊട്ടാരക്കരയിൽനിന്നു വരികയായിരുന്നു കെഎസ്ആർടിസി ബസ്.
അവധി ദിനങ്ങൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന നിരവധിപേർ ബസിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാലയിടത്തും ആളുകളെ ഇറക്കിയാണ് ബസ് പോയിക്കൊണ്ടിരുന്നത്.
അതിനാൽ തന്നെ വളരെ വേഗത കുറച്ചാണ് ബസ് പോയിരുന്നത്. വടക്കഞ്ചേരിയിൽ ആളെ ഇറക്കി ഇടതുവശം ചേർന്ന് പോകുന്നതിനിടെയാണ് പിന്നിൽനിന്നു പാഞ്ഞു വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനെ ഇടിച്ചത്.
എന്താണ് സംഭവിച്ചത് എന്ന് പെട്ടെന്ന് മനസിലാകാതെ ഒരു നിമിഷം പകച്ചു പോയെങ്കിലും പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് ബസ് തൊട്ടപ്പുറത്തെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട് മറിയാതിരിക്കാൻ ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നും കെഎസ്ആർടിസി ഡ്രൈവർ സുമേഷ് പറഞ്ഞു.