രാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തി! കൈവിട്ടില്ല ആ ജീവൻ, തൊടുപുഴ ഫയർഫോഴ്സിന് ബിഗ് സല്യൂട്ട്

ഇന്നലെ രാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തിയത്.

കാലവർഷം തിമിർത്തു പെയ്യുന്ന രാത്രിയായതിനാൽ ഫയർ ഉദ്യോഗസ്ഥർ സദാ സജ്ജരായി തന്നെ സ്റ്റേഷനിൽ ഉണ്ടായിരുന്നു.

ഫോണിൽ വിളിച്ചയാൾ ഉദ്യോഗസ്ഥരോട് ചോദിച്ചത് ഒരു നായ്ക്കുട്ടിയെ നിങ്ങൾ രക്ഷിക്കുമോ എന്നാണ്.

കഴിഞ്ഞ രണ്ടു ദിവസമായി റോഡ് നിർമാണത്തിനായി കൊണ്ടുവന്ന ടാറിൽ പുതഞ്ഞു കിടന്ന് ജീവനു വേണ്ടി മല്ലടിക്കുകയാണ് നായ്ക്കുട്ടി.

ജീവന് മനുഷ്യനോ മൃഗമെന്നോ വ്യത്യാസമില്ലല്ലോ. ഞങ്ങൾ ഉടൻ എത്തിയേക്കാമെന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ഇ. അലിയാർ മറുപടി പറഞ്ഞപ്പോൾ വിളിച്ച മനുഷ്യത്വമുള്ളയാൾ ആശ്വാസത്തോടെ ഫോണ്‍ വച്ചു. അദ്ദേഹം അതു വഴി കടന്നു പോയപ്പോഴാണ് ആ ദയനീയ ദൃശ്യം കണ്ടത്.

കഴിഞ്ഞ രണ്ടുദിവസമായി ടാറിൽ പൊതിഞ്ഞു മരണത്തിന്‍റെ വക്കി ലെത്തിയ മൂന്നു മാസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ കണ്ടപ്പോൾ വിട്ടു പോകാൻ തോന്നിയില്ല. അങ്ങനെയാണ് സഹായത്തിനായി ഫയർഫോഴ്സിനെ വിളിച്ചത്.

ആലക്കോട് ഇഞ്ചിയാനി സിഎസ്ഐ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. റോഡ് നിർമാണത്തിനായി കൊണ്ടു വന്നതായിരുന്നു ടാർ വീപ്പ. മറിഞ്ഞു കിടന്ന ടാർ വീപ്പയിൽ കയറിയ നായ്ക്കുട്ടി ഇതിൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്തോറും കൂടുതൽ കൂടുതൽ മുങ്ങി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.പി.ഷാജിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിബിൻ ഗോപി, രഞ്ജി കൃഷ്ണൻ, വി.കെ.മനു എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നായ്ക്കുട്ടിയെ പുറത്തെടുത്തു. തുടർന്ന് മണ്ണെണ്ണ ഉപയോഗിച്ച് ശരീരത്തിലെ ടാർ മുഴുവൻ നീക്കം ചെയ്തു. ഷാന്പു ഉപയോഗിച്ച് കുളിപ്പിച്ചു വൃത്തിയാക്കി വെള്ളം നൽകി.

പിന്നീട് കുഞ്ഞിനെ കാത്ത് സമീപത്തു തന്നെയുണ്ടായിരുന്ന അമ്മയോടൊപ്പം വിട്ടു. ഒരു കുഞ്ഞിനെപ്പോലെ പരിപാലിച്ചു ആ നായ്കുട്ടിയുടെ ജീവൻ നിലനിർത്താൻ പ്രയത്നിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ നൽകി ഒരു ബിഗ് സല്യൂട്ട്.

Related posts

Leave a Comment