കോട്ടയം: ബിസിസിഐയുടെ പ്രസിഡന്റ് ആരെന്നു തീരുമാനിക്കേണ്ടത് സുപ്രീംകോടതിയും ബിസിസിഐയുമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം രാജിവച്ച ടി.സി. മാത്യു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമാണത്. കോടതിയുടെ തീരുമാനം നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ബിസിസിഐ ഉചിതമായ തീരുമാനം കൈക്കൊള്ളും.
താന്‍ ബിസിസിഐയുടെ പ്രസിഡന്റാകുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ദീപികയോടു പ്രതികരിക്കുകയായിരുന്നു മാത്യു.
പുതിയ പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും തീരുമാനിക്കാന്‍ ബിസിസിഐക്ക് അനുമതിയുണ്ടെന്നാണ് താന്‍ കോടതിവിധിയില്നിന്നു മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കോടതി പറഞ്ഞ 19 വരെ ശുഭവാര്ത്തകള്ക്കു കാത്തിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.സി. മാത്യു ചര്‍ച്ചയാകുന്നത്…
കെസിഎയിലും ബിസിസിഐയിലും മികച്ച പദവികളിലിരുന്നിട്ടുള്ള ടി.സി. മാത്യുവിന് ലോകത്തെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ കായികസംഘടനയുടെ തലപ്പത്തെത്താനുള്ള സാധ്യത എങ്ങും ചര്‍ച്ചചെയ്യുന്നത്. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ബിസിസിഐക്കു പാലിക്കേണ്ടിവരുമ്പോള്‍ മാത്യുവിനു സാധ്യതയേറെയാണ്.
ലോധ മാര്ഗനിര്ദേശങ്ങള്ക്കുള്ളില്നിന്ന് ഏറ്റവും സീനിയറായ വൈസ് പ്രസിഡന്റിനെ പ്രസിഡന്റാക്കണമെന്നാണ് കോടതി നിര്‍ദേശം. അങ്ങനെവരുമ്പോള്‍ പല വൈസ് പ്രസിഡന്റുമാര്‍ക്കും പ്രായവും മറ്റ് കുറ്റാരോപണങ്ങളും തിരിച്ചടിയാകും. ബിസിസിഐയില്‍ അഞ്ചു വൈസ് പ്രസിഡന്റുമാരാണുള്ളത്. ഓരോ മേഖലയുടെയും പ്രതിനിധികളാണിവര്‍. നോര്‍ത്ത് സോണിന്റെ എം.എല്‍. നെഹ്റു (ജമ്മു കാഷ്മീര്‍), സൗത്ത് സോണിന്റെ ഡോ. ജി. ഗംഗാരാജു (ആന്ധ്ര), ഈസ്റ്റിന്റെ ഗൗതം റോയി (ആസാം), സെന്‍ട്രലിന്റെ സി.കെ. ഖന്ന (ഡല്‍ഹി), വെസ്റ്റിന്റെ ടി.സി. മാത്യു (കേരളം) എന്നിങ്ങനെ അഞ്ചു പേരാണ് നിലവിലെ വൈസ് പ്രസിഡന്റുമാര്‍.
വടക്കന്‍ മേഖലയുടെ പ്രതിനിധിയായുള്ള മോത്തിലാല്‍ നെഹ്റുവിനു തടസമാകുന്നത് അദ്ദേഹത്തിന്റെ പ്രായമാണ്. ലോധ നിര്‍ദേശമനുസരിച്ച് 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രസിഡന്റാകാനാവില്ല. 75 വയസു കഴിഞ്ഞ നെഹ്റു അതുകൊണ്ടുതന്നെ പ്രസിഡന്റാകില്ല. സൗത്ത് സോണിന്റെ പ്രതിനിധിയായ 70 വയസ് കഴിഞ്ഞ ഗംഗാ രാജുവിനും പ്രശ്നം പ്രായമാണ്.
മധ്യമേഖലയുടെ പ്രതിനിധി എം. കെ. ഖന്നയ്ക്ക് പ്രായം പ്രശ്നമല്ലെങ്കിലും അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്നകറ്റും. ഐപിഎല്‍ വാതുവയ്പിനെക്കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി തന്നെ അദ്ദേഹത്തിനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഈസ്റ്റ് സോണിന്റെ പ്രതിനിധിയായ ഗൗതം റോയിക്കും പ്രായം പ്രശ്നമല്ല. എന്നാല്‍, അദ്ദേഹത്തിന്റെ പേരിലും അഴിമതി ആരോപണങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാത്യുവിനു സാധ്യതയേറുന്നത്. മാത്യുവിനു ! തടസമായി നില്ക്കുന്ന കാര്യം ലോധ നിര്‍ദേശങ്ങളിലെ അവസാന പരാമര്‍ശമാണ്. ഏതെങ്കിലും സംസ്ഥാന അസോസിയേഷനില്‍ ഒമ്പതു വര്‍ഷത്തിലേറെ കാലം ഭാരവാഹിയായിരുന്നയാളെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കരുതെന്നുള്ളതാണ് അത്. ഇതു തിരിച്ചടിയായില്ലെങ്കില്‍ 53കാരനായ മാത്യു ബിസിസിഐയുടെ അടുത്ത പ്രസിഡന്റാകും.
11 വര്‍ഷമായി ബിസിസിഐയില്‍
ടി.സി. മാത്യു കഴിഞ്ഞ 11 വര്‍ഷമായി ബിസിസിഐയിലുണ്ട്. ഇക്കാലയളവില്‍ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചു. വിവിധ കമ്മിറ്റികളുടെ തലവനായിരുന്ന മാത്യു ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ അധ്യക്ഷപദവി വരെയെത്തി. കഴിഞ്ഞ രണ്ടര വര്‍ഷമായി വൈസ് പ്രസിഡന്റാണ്. സീനിയോറിറ്റിയില്‍ മറ്റേതു വൈസ് പ്രസിഡന്റിനേക്കാളും മുന്നിലാണ് മാത്യു. 1997ല്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ അദ്ദേഹം ട്രഷററായി. പിന്നീട് 2005വരെ ആ സ്ഥാനത്തു തുടര്‍ന്ന മാത്യു 2005ല്‍ കെസിഎ സെക്രട്ടറിയായി. 2013 മുതല്‍ കെസിഎ പ്രസിഡന്റാണ്. ബിസിസിഐയില്‍ മറ്റ് ഭാരവാഹിത്വം വഹിക്കുന്നവര്‍ സംസ്ഥാന അസോസിയേഷനില്‍ ഭാരവാഹികളാകാന്‍ പാടില്ലാത്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പ്രസിഡന്റ് സ്ഥാനമൊഴിയുകയായിരുന്നു.
സൗരവിന്റെ സാധ്യത
മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അനുരാഗ് ഠാക്കുര്‍ പുറത്തായതോടെ ആരാകും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ അധ്യക്ഷ സ്ഥനത്തേക്കു വരുക എന്നതില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. താത്കാലികമായി ഇപ്പോള്‍ നിലവിലുള്ള സീനിയര്‍ വൈസ് പ്രസിഡന്റുമാരില്‍ ആരെങ്കിലുമാകും അധ്യക്ഷനാവുക. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയായിരിക്കും അടുത്ത ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. ഇപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായ സൗരവ് ഇക്കാര്യത്തില്‍ ഇതുവരെയും മനസ് തുറന്നിട്ടില്ല.
മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ക്രിക്കറ്റ് ഭരണസമിതിയിലേക്കു വരണമെന്നുള്ള ലോധ കമ്മറ്റിയും മുന്‍ നിര്‍ദേശമാണ് ബംഗാളിന്റെ ദാദയ്ക്ക് അനുകൂലമാകുന്നത്. രാജ്യാന്തര തലത്തില്‍ സൗരവിനുള്ള സ്വീകാര്യതയും ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെയെത്തിച്ച നായകനെന്നുള്ള പേരും സൗരവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കറും ബിസിസിഐ അധ്യക്ഷനാവാന്‍ നിലവില്‍ യോഗ്യന്‍ ഗാംഗുലിയാണെന്ന് പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്കു പറയപ്പെടുന്നവരെല്ലാം അവരുടെ സ്ഥാനങ്ങളില്‍ ഒമ്പത് വര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയവരും 70തില്‍ കൂടുതല്‍ പ്രായമുള്ളവരുമായതും സൗരവിന് അനുകൂല ഘടകങ്ങളാണ്. എന്നാല്‍, സൗരവ് ഗാംഗുലിക്കു നിലവിലുള്ള ടെലിവിഷന്‍ കരാറുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്കു വരുന്നതിനുള്ള വിലങ്ങുതടിയാകാം.
സി.കെ. രാജേഷ്കുമാര്‍