ഒറ്റപ്പാലം: ലോക്ഡൗണ്‍ കാലത്ത് ലോണ്‍ തട്ടിപ്പിന് ഇരകളാകരുതെന്ന് പോലീസ് മുന്നറിയിപ്പ്. ഫോണിൽ കുത്തി ഇരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ അറിവിലേക്കാണ് തൃശൂർ സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ കെ.ബ്രീജുകുമാർ മേൽ പറഞ്ഞ മുന്നറിയിപ്പ് തരുന്നത്.
ഫോണിലേക്ക് രണ്ട് ശതമാനം പലിശയ്ക്ക് ലക്ഷ്മി ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും ലോണ്‍ എന്നൊരു എസ്എംഎസ് വരുന്നതോടുകൂടിയാണ് തട്ടിപ്പിന്റെ തുടക്കം.
കോണ്ടാക്റ്റ് നന്പർ സഹിതമാണ് മെസേജ് എത്തുന്നത്. ആവശ്യക്കാരൻ പത്ത് ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചാൽ ശ്രമിച്ച ആളുടെ പക്കൽ നിന്നും പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഇവർ പല കാര്യങ്ങളും നിരത്തി അവരുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുമെന്നാണ് ഇരകൾ പറയുന്നത്.
ലോണിനായി ബന്ധപ്പെടുന്നവരോട് മലയാളത്തിൽ തന്നെയാവും ഇവർ സംസാരിക്കുക. ലോണിനായി ആധാർ വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുകയും തുടർന്ന് ലോണ്‍ അപ്രൂവലിനായ് 10,000രൂപ അടക്കാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം.
പതിനായിരം രൂപ അടക്കുന്നവരോട് ഫണ്ട് ട്രാൻസ്ഫറിനായി 45,000 രൂപയ്ക്ക് ഡിഡി എടുക്കണമെന്നതാവും അടുത്ത ആവശ്യം. ഇത് കഴിഞ്ഞാൽ ടാക്സിനത്തിൽ 42,000 രൂപ കൂടി അടക്കണമെന്ന ആവശ്യമാവും മേൽ പറഞ്ഞവർ ഉന്നയിക്കുക.
ഇത് കഴിഞ്ഞാൽ ഇൻഷുറൻസ് തുകയായി 35,000രൂപയും ആറു മാസത്തെ ലോണ്‍ തിരിച്ചടവിനത്തിൽ 60,000 രൂപയും അടക്കണമെന്ന ആവശ്യവും ഉന്നയിക്കും.
തുടർന്ന് അക്കൗണ്ട് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനായി ഒരു 42,000 രൂപ കൂടി അടക്കണമെന്ന ആവശ്യവും ഉയർന്ന് വരും.
ഇതിന് പുറമേ പുതിയ എഗ്രിമെന്റ് എടുക്കാനായി 14,000 രൂപ കൂടി അടക്കാനും ആവശ്യമുയരും. തുടർന്ന് സ്റ്റാന്പിന് വേണ്ടി 13,000 രൂപയും ബാങ്ക് ചാർജ്, സ്റ്റാന്പ് ചാർജ്, എന്നി ഇനങ്ങളിലായി 18,000 രൂപയും അടക്കാനും ആവശ്യമുയരും.
പത്ത് ലക്ഷം രൂപ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇതെല്ലാം അടക്കുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുകയാണന്ന് തിരിച്ചറിയാൻ കഴിയുന്പോഴക്കും പണമെല്ലാം നഷ്ടപ്പെട്ടിരിക്കുമെന്ന് പോലീസ് പറയുന്നു.
നിബന്ധനകളെല്ലാം പാലിക്കുന്നവരോട് ബാങ്കിൽ അക്കൗണ്ട് എടുക്കാൻ 50,000 രൂപ കൂടി അടക്കാൻ ആവശ്യപ്പെടും. ഇത് കഴിഞ്ഞാൽ ഡിഡി എടുക്കാൻ വീണ്ടും 15,000 രൂപയും പിന്നീട് 20,000 രൂപയും കൂടി അടക്കണം.
കൂടാതെ ബാങ്ക് ചാർജസായി 32,000 രൂപയും കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെടും. ഏജന്റുമാർക്ക് ഫീസ് ആയി ആദ്യം 24,000 രൂപയും പിന്നീട് 25,000 രൂപയും അടക്കണ്ടതായുമുണ്ട്.
മാനേജർക്ക് കമ്മീഷനായി ആദ്യം തന്നെ 8000 രൂപയും അടക്കണം. പിന്നീട് 7500 രൂപയും കൂടി ആവശ്യപ്പെടും. എന്തായാലും നനഞ്ഞിറങ്ങി.
ഇനി കുളിച്ച് കയറാം എന്ന ചിന്തയിൽ ലോണ്‍ കിട്ടും എന്ന പ്രതീക്ഷയിൽ മേൽ പറഞ്ഞവർ ആവശ്യപ്പെട്ട തുകയെല്ലാം നൽകും.
കബളിപ്പിക്കപ്പെടുന്ന കാര്യം വൈകിയാണ് ഇവർ തിരിച്ചറിയുകയെന്നതാണ് നേര്. അവസാനം ലോണ്‍ ശരിയാകണമെങ്കിൽ എനി ഡെസ്ക്ക് എന്ന ഒരു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാൻ കൂടി ഇവർ ആവശ്യപ്പെടും.
ഈ ആപ്പ് വഴി ഫോണിലെ മുഴുവൻ ചാറ്റ് ഹിസ്റ്ററിയും ഇവർ ഒരു തെളിവും വയ്ക്കാതെ മായ്ച്ചു കളയുകയുമാണ് ചെയ്യുന്നത്.
വിളിക്കാൻ ഉപയോഗിക്കുന്ന സിം കാർഡുകൾ ഇവരുമായി ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലുമൊരു അന്യസംസ്ഥാനക്കാരന്റെതാവുമെന്നതാണ് സത്യം.
പണം ഇട്ടുകൊടുക്കുന്ന അക്കൗണ്ടുകളും ഇത്തരത്തിലായിരിക്കും. ഇവർ വിളിക്കുന്നത് ഡൽഹിയിലിരുന്ന് ആയാൽ പോലും പണം പിൻവലിക്കുന്നത് യുപിയിലേയോ മറ്റോ എടിഎം കൗണ്ടർ വഴിയാവും. സമൂഹത്തിന്റെ എല്ലാ തട്ടിൽ ഉള്ളവരും ഇവർക്ക് ഇരകളാകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ ഭൂരിഭാഗം ഇരകളും സ്ത്രീകളാണ്. ഇവരുടെ നന്പരിൽ വിളിച്ചവരെ ബന്ധപ്പെട്ടാൽ അൻപത് ലക്ഷത്തിന്റെ ലോണിന് 22 ലക്ഷം രൂപ വരെ ഇട്ടു കൊടുത്ത ഇരകളുണ്ടന്നാണ് വിവരം. ട്രാപ്പിൽ പെട്ടു പണം നഷ്ടപ്പെട്ടവർ നിരവധിയാണന്ന് തൃശൂർ സൈബർ ക്രൈം ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ പറഞ്ഞു.