സ്വന്തം ലേഖകൻ
തൃശൂർ: ഭർത്താവിനെ കൊല്ലാൻ ഭാര്യ കാമുകന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ നിർണായക തെളിവാകും. കോലഴിയിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിന് ഭാര്യയും കാമുകനും സന്ദേശങ്ങൾ കൈമാറിയത് വാട്സ്ആപ്പ് വഴിയാണ്.
കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഭാര്യ സുജാത തന്നെയാണ് ക്വട്ടേഷൻ നൽകാൻ മുൻകയ്യെടുത്തെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. തെളിവെടുപ്പിനായി സുജാതയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ സുജാത ഭർത്താവ് കൃഷ്ണകുമാറിനോട് പറഞ്ഞതിങ്ങനെ ’ ചേട്ടാ തെറ്റുപറ്റി, ക്ഷമിക്കണം’. കൃഷ്ണകുമാറിന്റെ മറുപടി – ’ഇത്രയും സ്നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ പറഞ്ഞില്ലേ’.
സംഭവം നടന്ന 22ന് പറവൂരിലെ വീട്ടിലേക്ക് പോകാൻ പുലർച്ചെ നാലോടെയാണ് കൃഷ്ണകുമാർ എണീറ്റത്. ഇതേസമയത്തുതന്നെ ക്വട്ടേഷൻ സംഘവും വീടിനു പരിസരത്ത് എത്തിയതായാണ് വിവരം. ഭർത്താവിന്റെ ഓരോ ചലനങ്ങളും ഭാര്യ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടം ക്വട്ടേഷൻ സംഘത്തിന് നൽകിക്കൊണ്ടിരുന്നു. പുലർച്ചെ അഞ്ചോടെ ഭാര്യയോട് യാത്ര പറഞ്ഞ് കൃഷ്ണകുമാർ റോഡിലിറങ്ങി. ഇറങ്ങിയത് കൃഷ്ണകുമാറാണെന്നും സുജാത സന്ദേശത്തിലൂടെ സംഘത്തെ അറിയിച്ചു.
വാട്സ്ആപ്പ് സന്ദേശം കിട്ടിയയുടനെ കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ട് ചെയ്തു. കാർ ഓടിച്ചത് ഓമനക്കുട്ടനാണ്. കൃഷ്ണകുമാറിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്താനായിരുന്നു ഉദ്ദേശം. എന്നാൽ അപ്രതീക്ഷിതമായി കൃഷ്ണകുമാർ റോഡ് ഇടമുറിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നീങ്ങിയത് ക്വട്ടേഷൻ സംഘത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. കാർ കൃഷ്ണകുമാറിന് നേരെ തിരിച്ചെടുക്കേണ്ടി വന്നത് അതുകൊണ്ടാണ്.
അപകടത്തിൽ തോളെല്ലിനും കാലിനും പരിക്കുപറ്റി റോഡിൽ കിടന്ന കൃഷ്ണകുമാർ കരുതിയത് ഡ്രൈവർ ഉറങ്ങിയതാകാമെന്നാണ്. എന്നാൽ എന്നാൽ കാർ വേഗത്തിൽ നിർത്താതെ പോയത് കൃഷ്ണകുമാറിന് സംശയത്തിനിടയാക്കി. ഈ സംശയമാണ് ആശുപത്രിയിൽവച്ച് കൃഷ്ണകുമാർ പോലീസിനോട് പറഞ്ഞത്.
കൃഷ്ണകുമാറിന്റെ സംശങ്ങൾക്ക് പോലീസ് തീർപ്പുകൽപ്പിച്ചപ്പോഴാണ് സ്വന്തം ഭാര്യ തന്നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കൃഷ്ണകുമാർ അറിഞ്ഞത്. പ്രഭാതസവാരിക്ക് പോകുന്നവരുടെ സഹായത്തോടെയാണ് കൃഷ്്ണകുമാർ് തന്നെ ഇടിച്ച കാറിന്റെ നന്പർ കണ്ടെത്തിയത്. ഇതിന്റെ ഉടമ കാർ വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നുവെന്ന് പോലീസിനോട് പറയുകയും വാടകക്കെടുത്തവരെ തേടിയുള്ള അന്വേഷണത്തിനൊടുവിൽ പ്രതികൾ കുടുങ്ങുകയുമായിരുന്നു.
ക്വട്ടേഷൻ കൊടുത്തയാൾക്ക് തിരിച്ചുപണികൊടുക്കാൻ വരുന്പോൾ കുടുങ്ങി
മുളങ്കുന്നത്തുകാവ്: ക്വട്ടേഷൻ കൊടുത്ത സുരേഷ്ബാബുവിന് തിരിച്ചു പണി കൊടുക്കാനൊരുങ്ങുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം പോലീസ് പിടിയിലായത്. കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ നാലു ലക്ഷം രൂപയ്ക്ക ്ക്വട്ടേഷൻ ഉറപ്പിച്ച സുരേഷ്ബാബു പക്ഷേ കൊലപാതകം നടക്കാതെ പോയതുകൊണ്ട് ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്ത പണം നൽകിയിരുന്നില്ല.
ഇതിൽ രോഷാകുലരായ ക്വട്ടേഷൻ സംഘം സുരേഷ്ബാബുവിനെ കൈകാര്യം ചെയ്ത് പണം മേടിക്കാനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തിരുന്നു. അഞ്ചുവർഷമായി കൃഷ്ണകുമാറും ഭാര്യ സുജാതയും മാനസികമായി അകൽച്ചയിലായിരുന്നുവത്രെ.
സുരേഷ്ബാബുവുമായുള്ള അടുപ്പം കൃഷ്ണകുമാറിന് നേരത്തെ അറിയാമായിരുന്നു. ഇതുസംബന്ധിച്ച് വിയ്യൂർ പോലീസിൽ കൃഷ്ണകുമാർ നേരത്തെ പരാതി നൽകിയപ്പോൾ ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ സുരേഷ്ബാബു ഹാജരായില്ല. തുടർന്ന് സുജാതയെ താക്കീത് നൽകി വിട്ടയച്ചു. സുജാതയുമായുള്ള അടുപ്പത്തെ ചൊല്ലി സുരേഷ്ബാബുവിന്റെ ഭാര്യ സുരേഷ്ബാബുവിന്റെ ഭാര്യയും പിണങ്ങി നിൽക്കുകയായിരുന്നു.