സ്വന്തം ലേഖകൻ
അയ്യന്തോൾ: കളക്ടറേറ്റിന് മുന്നിലെ വൻമരങ്ങളിൽ ചേക്കേറിയ പക്ഷിക്കൂട്ടങ്ങളെ പേടിച്ച് ഇപ്പോൾ ഇതുവഴി ആളുകൾക്ക് നടക്കാൻ കഴിയാത്ത സ്ഥിതി. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള മരങ്ങളിൽ താമസിച്ചിരുന്ന പക്ഷിക്കൂട്ടങ്ങൾ അവിടെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോഴാണ് അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിലെ മരങ്ങളിലേക്ക് ചേക്കേറിയത്.
മാസങ്ങൾക്കുമുന്പ് സിവിൽസ്റ്റേഷൻ മെയിൻ ഗേറ്റിനു മുന്നിലുള്ള മദിരാശി മരത്തിലായിരുന്നു ഇവ പാർത്തിരുന്നതെങ്കിൽ ഇപ്പോൾ സിവിൽസ്റ്റേഷനു ചുറ്റുമുള്ള എല്ലാ മരങ്ങളിളും ഇവ കൂടുകെട്ടി പാർക്കുകയാണ്. ഇവ കാഷ്ഠിക്കുന്നതു മൂലം കളക്ടറേറ്റിലെത്തുന്നവർ ബുദ്ധിമുട്ടിലാണ്. കാൽനടയാത്രക്കാർ മൂക്കുപൊത്തിയാണ് കളക്ടറേറ്റിന് മുന്നിലൂടെ കടന്നുപോകുന്നത്. അസഹ്യമായ ദുർഗന്ധവും പരിസരമാകെ പടരുന്നുണ്ട്.
സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വിശ്രമിക്കാൻ ഉപയോഗിക്കുന്ന സ്ഥലത്ത് ഇപ്പോൾ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പക്ഷികുഞ്ഞുങ്ങൾ ചത്തു വീഴുന്നതും മറ്റൊരു പ്രശ്നമാണ്. കളക്ടറേറ്റിനു ചുറ്റുമുള്ള മതിലിനോട് ചേർന്നുള്ള ഫുട്പാത്തിൽ മുന്പ് അപേഷകൾ പൂരിപ്പിക്കാൻ നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. ഇവരും ഇപ്പോൾ ഇവിടെ ഇരിക്കാൻ കഴിയാതെ സ്ഥലം മാറിയിരിക്കുന്നു. കാൽനടയാത്രക്കാർ ഇപ്പോൾ ഇവിടെ ഫുട്പാത്ത് ഉപയോഗിക്കുന്നില്ല.
കളക്ടറേറ്റിന്റെ പാർക്കിൽ പ്രവർത്തിക്കുന്ന കാന്റീനിലും പക്ഷികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവിടെ കുടിവെള്ളത്തിന് വേണ്ടി ഉപയോഗിക്കുന്ന കിണർ പക്ഷികളുടെ കാഷ്ഠം കൊണ്ട് മലിനപ്പെട്ടിരിക്കുകയാണ്. വെള്ളത്തിന് ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പരിസരം ദുർഗന്ധമായതിനാലും കാന്റിനിനു പുറത്ത് ഇരിക്കാൻ സാധിക്കുന്നുമില്ല. കാന്റീനിൽ കച്ചവടം കുറഞ്ഞെന്ന് ഇവർ പറയുന്നു.
ശോഭ സിറ്റി – അടാട്ട് – പുല്ലഴി ഭാഗത്തേക്ക് പോകുന്ന ബസുകൾ ഇപ്പോൾ കളക്ടറേറ്റ് സ്റ്റോപ്പിൽ നിന്നും മുന്നിലേക്ക് കയറ്റിയാണ് നിർത്തുന്നത്. കളക്ടറേറ്റ് സ്റ്റോപ്പിൽ ബസ് കാത്തു നിന്നാൽ അടിമുടി കാഷ്ഠത്തിൽ കുളിക്കേണ്ടി വരുമെന്നതിനാൽ ബസ് കാത്തു നിൽക്കുന്നവർ ഇപ്പോൾ ആ സ്ഥലം ഉപേക്ഷിച്ച് മുന്നോട്ടു കയറി നിൽക്കുകയാണ്.
കളക്ടറേറ്റിന് ചുറ്റുമുള്ള മതിലുകൾ മോടി കൂട്ടുന്നതിന് ഭാഗമായി യുവ ചിത്രകാര·ാർ വരച്ചിട്ടുള്ള ചിത്രങ്ങളും പക്ഷികൾ കാഷ്ഠം വീണ് പുതിയ ചിത്രങ്ങളായി മാറിയിട്ടുണ്ട്.
പക്ഷികളെ ഓടിക്കുവാൻ വേണ്ടി പകൽസമയങ്ങളിൽ പടക്കം പൊട്ടിക്കുന്ന പതിവുണ്ടെങ്കിലും പക്ഷികൾ കൂടൊഴിഞ്ഞു പോകുന്നില്ല. പക്ഷികൾ മുട്ടയിട്ടു വിരിയുന്ന തോടെ ഇവയുടെ എണ്ണം കൂടി. കുളക്കോഴി, നീർകാക്ക, ചേരക്കോഴി ഇനത്തിൽ പെട്ടവയും ദേശാടന സ്വഭാവം ഇല്ലാത്തവയും മെലിഞ്ഞ കഴുത്തുള്ള കഠാര പോലെ കൊക്കുള്ള പക്ഷികളുമെല്ലാം മരങ്ങളിലുണ്ട്.