എരുമപ്പെട്ടി (തൃശൂർ): ഗുണ്ടാനേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പുലിയന്നൂർ പാത്രമംഗലം സ്വദേശി സനീഷ് (വീരപ്പൻ സനീഷ് -26) വെട്ടേറ്റു മരിച്ചു.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകിയെന്ന് സംശയിക്കുന്ന സുഹൃത്തും കുടുംബവും ഒളിവിലാണ്. എരുമപ്പെട്ടി കോടശ്ശേരി മലയ്ക്കടുത്ത് വച്ചാണ് കൊലപാതകം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ മുതൽ സുഹൃത്തും കൊലപാതകിയെന്ന് സംശയിക്കുന്ന ഇസ്മയിലുമായി സനീഷ് ഓട്ടോറിക്ഷയിൽ വിവിധയിടങ്ങളിൽ കറങ്ങിയെന്നു പറയുന്നു. വൈകുന്നേരമായപ്പോൾ ഇരുവരും ഓട്ടോ ഡ്രൈവർക്കു പണം നൽകാതെ ഭീഷണിപ്പെടുത്തി കടന്നു.
പിന്നീട് ഇസ്മയിലിന്റെ വീട്ടിലെത്തിയ ഇരുവരും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇസ്മയിൽ സനീഷിനെ വെട്ടി കൊലപ്പെടുത്തുകയുമാണെന്നാണ് പറയുന്നത്.
കൊലപാതകത്തിനുശേഷം ഇസ്മയിലും ഭാര്യയും കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഒളിവിൽ പോയി. ഇവർക്കായി അന്വേഷണം തുടങ്ങിയെന്ന് എരുമപ്പെട്ടി പോലീസ് അറിയിച്ചു.