സ്വന്തം ലേഖകൻ
വിയ്യൂർ: സംസ്ഥാനത്തെ ആദ്യത്തെ അതീവസുരക്ഷ ജയിൽ (ഹൈ സെക്യൂരിറ്റി പ്രിസണ്‍) വിയ്യൂരിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്നു ജയിലുകളിൽ കഴിയുന്ന 55 കൊടും കുറ്റവാളികളെ ആദ്യമായി അതീവ സുരക്ഷ ജയിലിലേക്ക് മാറ്റും.
കണ്ണൂർ, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ കഴിയുന്ന എൻഐഎ കേസുകളിലെ പ്രതികളടക്കമുള്ളവരെയാണ് ഇവിടേക്ക് മാറ്റുക. മാധ്യമപ്രവർത്തകരെ ജയിലിന്റെ ഉദ്ഘാടന ചടങ്ങുകൾ റിപ്പോർട്ടു ചെയ്യാനും പകർത്താനും അകത്തേക്ക് കടത്തിവിട്ടില്ല.
ഈച്ചപോലും അകത്തുകടക്കില്ല ഈ ഹൈടെക് സെക്യൂരിറ്റി ജയിലിൽ
വിയ്യൂർ: രാജ്യത്തിന് അഭിമാനമായ വിയ്യൂരിലെ ഹൈടെക് സെക്യൂരിറ്റി ജയിൽ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംവിധാനങ്ങളും സജ്ജീകരണങ്ങളുമുള്ള അതീവസുരക്ഷ ജയിലാണ്. തീവ്രവാദികളടക്കം കൊടും കുറ്റവാളികളെയാണ് ഇവിടെ പാർപ്പിക്കുക.
ഒന്പതേക്കറിൽ മൂന്നുനില കെട്ടിടമാണ് ഹൈടെക് സെക്യൂരിറ്റി പ്രിസണിനായി നിർമിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള കെട്ടിടത്തിൽ ജയിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുമുണ്ട്. സ്കാനർവഴിയാണ് തടവുകാരെ അകത്തേക്ക് പ്രവേശിപ്പിക്കുക. മറ്റുള്ളവർക്ക് വിരൽ കൊണ്ടുള്ള പഞ്ചിങ് നടത്തിയാലേ അകത്ത് പ്രവേശിക്കാനാകൂ. ജയിനലകത്തു നിന്ന് പുറത്തേക്ക് തിരിച്ചുവരുന്പോഴും ഇതേരീതിയിൽ പഞ്ചിങ് നടത്തിയാലേ ഗേറ്റ് തുറക്കൂ.
കൊടുംകുറ്റവാളികളായ തടവുകാർക്ക് തമ്മിൽ കാണാനാവാത്ത വിധമാണ് സെല്ലുകളും ജയിലറകളും ഒരുക്കിയിരിക്കുന്നത്. ബന്ധുക്കളോ മറ്റോ വന്നാൽ വീഡിയോ കോണ്‍ഫറൻസ് വഴിയാണ് കാണാൻ അവസരമുള്ളത്. എല്ലാ മുറികളിലും സി.സി.ടി.വി ഘടിപ്പിച്ചിട്ടുണ്ട്. ശുചിമുറിയുണ്ട്. സുരക്ഷാ സംവിധാനത്തിൽ ഏറ്റവും പ്രധാനമായ 24 മണിക്കൂറും സുരക്ഷാഭടന്മാർ നിലയുറപ്പിക്കുന്ന നാല് ടവറുകളുമുണ്ട്.
ജയിലിന് ചുറ്റും ഫയർ ഹൈഡ്രന്റും സ്ഥാപിച്ചിട്ടുണ്ട്. റോഡുകളുടെ നിർമാണവും ആധുനിക അടുക്കളയുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. താൽക്കാലിക വൈദ്യുതി കണക്ഷനാണ് അതീവ സുരക്ഷ ജയിലിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ശക്തമായ പ്രകാശം പുറപ്പെടുവിക്കുന്ന സണ്‍ ലൈറ്റുകൾ, ടവർ ലൈറ്റുകൾ എന്നിവയെല്ലാം ജയിലിലുണ്ട്.
പ്രത്യേകം ട്രാൻസ്ഫോർമർ ഉൾപ്പെടെ ഘടിപ്പിക്കാനുള്ള പ്രവൃത്തികളും ബാക്കിയുണ്ട്. ആശുപത്രി സൗകര്യവും ഒരുക്കണം. ജയിൽ തുറന്നശേഷം ഇക്കാര്യങ്ങൾ പൂർത്തീകരിക്കും. തൽക്കാലം സെൻട്രൽ ജയിലിൽനിന്ന് ഭക്ഷണം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സെൻട്രൽ ജയിലിലെ ആശുപത്രി സൗകര്യവും തൽക്കാലം പ്രയോജനപ്പെടുത്തും. അതീവസുരക്ഷാ ജയിലിൽ അറുന്നൂറോളം തടവുകാരെ താമസിപ്പിക്കാൻ കഴിയും.
ജയിൽ സൂപ്രണ്ട്, അസി. സൂപ്രണ്ട് ഉൾപ്പെടെ 62 തസ്തിക അനുവദിച്ചിട്ടുണ്ട്. എ.ജി സുരേഷാണ് സൂപ്രണ്ട്.2011 ജൂണ്‍ 18ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് അതീവ സുരക്ഷ ജയിലിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
ആറു മീറ്ററാണ് പുറം മതിലിന്റെ ഉയരം. ചുറ്റളവ് 700 മീറ്ററും. നാല് വാച്ച് ടവറുകൾക്ക് 15 മീറ്റർ ഉയരമുണ്ട്. ആകെയുള്ളത് 192 സെല്ലുകളാണ്. ഒരാളെ വീതം പാർപ്പിക്കാവുന്ന സെല്ലുകൾ 60 ഉം രണ്ടാളെ വീതം പാർപ്പിക്കാവുന്ന സെല്ലുകൾ 20 എണ്ണവും മൂന്നാളെ വീതം പാർപ്പിക്കാവുന്ന സെല്ലുകൾ 66 ഉം അഞ്ചാളെ വീതം പാർപ്പിക്കാവുന്ന സെല്ലുകൾ 46 എണ്ണവുമുണ്ട്.
4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. 30 കിടക്കകളുള്ള ആധുനിക ആശുപത്രിയും സജ്ജമാക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരി 13ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ജയിലിന്റെ ഉദ്ഘാടനം നിർവഹിച്ചതാണെങ്കിലും പ്രവർത്തികൾ പൂർത്തീകരിക്കാതെയായിരുന്നു ഉദ്ഘാടനം.
ഇതാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം പ്രവൃത്തികൾ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 22 കോടിയും ഇടത് സർക്കാർ ചുമതലയേറ്റ ശേഷം 11.51 കോടിയും ചിലവിട്ടു.