വൈപ്പിൻ: മുനന്പത്തുനിന്ന് യാത്രാരേഖകളില്ലാതെ ഓസ്ട്രേലിയയിലേക്കു കടക്കാൻ എത്തിയ സംഘത്തിനു യാത്രയ്ക്കായി ഏർപ്പെടുത്തിയിരുന്ന ജയമാതാ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്താൻ പോലീസിന്റെ തീവ്രശ്രമം. നേവിയും കോസ്റ്റ്ഗാർഡും കടലിൽ വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല.
10 ദിവസം മുന്പ് മുനന്പം സ്വദേശിയായ ഒരാളുടെ പക്കൽനിന്ന് ഒരു കോടി രൂപയ്ക്ക് രണ്ടു പേർ ചേർന്ന് വാങ്ങിയതാണ് ഈ ഉരുക്കു നിർമിത ബോട്ട്. ഒരു മാസത്തിലധികം കടലിൽ തന്പടിച്ച് മത്സ്യബന്ധനം നടത്താൻ കെൽപ്പുള്ള വന്പൻ ബോട്ടാണിത്. ഉടമകളിലൊരാൾ തിരുവനന്തപുരത്തുകാരനും രണ്ടാമൻ കുളച്ചൽ സ്വദേശിയുമാണെന്നാണ് സൂചന.
ഈ മാസം ഏഴുവരെ മുനന്പത്ത് ഒരു മറൈൻ ഡീസൽ പന്പിനു സമീപം കെട്ടിയിട്ടിരുന്ന ഈ ബോട്ടിൽ ഇക്കഴിഞ്ഞ ഏഴിന് 7,500 ലിറ്റർ ഫുൾ ടാങ്ക് ഡീസൽ നിറച്ചിരുന്നു. ഇതിനുശേഷം 11 നു 6,000 ലിറ്റർ ഡീസൽ ബോട്ടിന്റെ താഴെത്തട്ടിൽ സൂക്ഷിച്ചിരുന്ന ബാരലുകളിലും നിറച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഏതാണ്ട് 10 ലക്ഷം രൂപയുടെ ഇന്ധനമാണ് നിറച്ചത്. കൂടാതെ 150 ബ്ലോക്ക് ഐസും അന്നുതന്നെ നിറച്ചു. സാധാരണ ഗതിയിൽ മത്സ്യബന്ധനത്തിനു പോകുന്ന വലിയ ബോട്ടുകൾ 6000 ലിറ്റർ ഡീസലും 300 ബ്ലോക്കിലേറെ ഐസുമാണ് കരുതുക. പതിവിനു വിപരീതമായി ഡീസൽ കൂടുതൽ കരുതിയതാണ് സംശയത്തിനിടവരുത്തിയിട്ടുള്ളത്. ഇതിനുശേഷം രാവിലെ 11 ഓടെ ബോട്ട് ഇവിടം വിട്ടുപോയെന്നും പന്പിലെ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നു വ്യക്തമായിട്ടുണ്ട്.
ഇതിനിടെ ഈ മാസം അഞ്ചിനും ആറിനുമായി ചെറായി ബീച്ചിലെ ആറു ചെറുകിട റിസോർട്ടുകളിലായി തങ്ങിയ സംഘം 12നു പുലർച്ചെ കന്യാകുമാരിയിലേക്കെന്ന് പറഞ്ഞ് ഒരു മിനിബസിലും മറ്റൊരു ട്രക്കിലും കയറിപ്പോയെന്നാണ് ഇവർ അവസാനമായി തന്പടിച്ചിരുന്ന റിസോർട്ടിന്റെ ഉടമ പോലീസിനോട് പറഞ്ഞത്.
എന്നാൽ ഇവർ എങ്ങോട്ടു പോയെന്നകാര്യത്തിൽ വ്യക്തതയില്ല. ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല. ചെറായിയിൽ നിന്നു 12നു പുലർച്ചെ 5.30നു മിനിബസിലും ട്രക്കിലുമായി യാത്ര തിരിച്ച സംഘം പുലർച്ചെ 5.45 ഓടെ മാല്യങ്കരയിലെത്തുകയും 11ന് ഇവിടെ കൊണ്ടുവന്ന് കെട്ടിയിരുന്ന ജയ മാതാ എന്ന ബോട്ടിൽ കയറി തുറമുഖം വിട്ടിരിക്കാമെന്നുമാണ് പോലീസിന്റെ നിഗമനം.
ബോട്ടിൽ കയറ്റാൻ കഴിയാതിരുന്ന സാധനങ്ങളായിരിക്കാം ഉപേക്ഷിച്ചു പോയതത്രേ. അതുപോലെതന്നെ സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടതിനാൽ ഇവർ യാത്രയ്ക്ക് കരുതിയിരുന്ന സാധനങ്ങൾ ഉപേക്ഷിച്ച് തിരികെ പോയിരിക്കാമെന്നും പോലീസ് കരുതുന്നുണ്ട്.
വഴിത്തിരിവായത് ബാഗുകൾ സംബന്ധിച്ച അന്വേഷണം
പറവൂർ മാല്യങ്കരയിൽ ബോട്ടുകൾ കെട്ടുന്ന ഒരു ജെട്ടിയിൽനിന്നു ശനിയാഴ്ച നാട്ടുകാർ കണ്ടെത്തിയ 14 യാത്രാ ബാഗുകൾ സംബന്ധിച്ച് വടക്കേക്കര പോലീസ് നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട റാക്കറ്റിലേക്ക് തിരിഞ്ഞത്. ബാഗിൽ കടലിൽ ദീർഘയാത്രയ്ക്കായി ഉപയോഗിക്കുന്ന ഭക്ഷണപദാർഥങ്ങളും എനർജറ്റിക് ഡ്രിംങ്ക്സും വസ്ത്രങ്ങളും മരുന്നുകളുമെല്ലാം കണ്ടെത്തിയതാണ് പോലീസിനു സംശയമുളവാക്കിയത്.
ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇവിടെനിന്ന് ആറു ബാഗുകൾകൂടി കണ്ടെത്തിയിരുന്നു. റിസോർട്ടുകളിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കേസ് ഇപ്പോൾ കേരളാപോലീസിനു പുറമെ ഐബിയും എൻഐഎയും ഏറ്റെടുത്ത് അന്വേഷിച്ചു വരികയാണ്.