ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനു സമീപം വാടകവീട്ടിൽ ഇന്നു പുലർച്ചെയാണ് സംഭവം. കുട്ടപ്പശേരി വീട്ടിൽ ഇമ്മാനുവൽ (68), ഭാര്യ മേഴ്സി (64) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവസമയത്ത്്് ഇമ്മാനുവലും മേഴ്സിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മേഴ്സിയെ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിലും ഇമ്മാനുവലിനെ മറ്റൊരു മുറിയിൽ തുങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.
ഒരുവർഷമായി ഈ വാടകവീട്ടിലാണ് താമസം. ആസാദ് റോഡിൽ പുതിയതായി വീട് നിർമിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇമ്മാനുവൽ സ്വയം വിരമിച്ച് നാട്ടിൽ കഴിയുകയായിരുന്നു. മേഴ്സി ഇരിങ്ങാലക്കുട സ്കൂളിലെ റിട്ടയേഡ് അധ്യാപികയാണ്. അടുത്തമാസം മകളുടെ പ്രസവ ശുശ്രൂഷയ്ക്കായി അമേരിക്കയിലേക്ക് പോകുവാനിരിക്കുകയായിരുന്നു ഇരുവരും. നാല് പെണ്മക്കളാണ് ഇവർക്കുള്ളത്. രണ്ടു മക്കൾ വിദേശത്തും ഒരാൾ ബംഗളുരുവിലുമാണ്.
വീട്ടിൽ പാൽ കൊണ്ടുവന്നയാളാണ് ആദ്യം വിവരം അറിഞ്ഞത്. ഇരിങ്ങാലക്കുട എസ്ഐ എസ്കെ സുശാന്തിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.മക്കൾ: ഷിനിത, ഷാനിത, ഷിബിത, ഷിജിത, മരുമക്കൾ: സോണി, വിനിക്, ജിതിൻ.