സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിലെ മോട്ടോർ വാഹനവകുപ്പ് കൂടുതൽ സാങ്കേതിക മികവോടെ അടിമുടി മാറാനൊരുങ്ങുന്നു. നിയമലംഘനങ്ങൾ കണ്ടെത്താൻ റോഡരികിൽ വണ്ടി നിർത്തിയിട്ട് നടത്തുന്ന വാഹനപരിശോധനകളും ചെക്ക്പോസ്റ്റ് പരിശോധനകളും അപ്പാടെ മാറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആധുനിക സംവിധാനവും ഉപയോഗപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
തൃശൂർ രാമവർപുരം കേരള പോലീസ് അക്കാദമിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വർഷം ജനുവരി ഒന്നുമുതൽ കേരളത്തിലെ നിരത്തുകളിൽ ഓടുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി എല്ലാ വാഹനങ്ങളുടേയും ഡ്രൈവറുടേയും സർവ വിവരങ്ങളും ജിപിഎസ് സംവിധാനം വഴി ശേഖരിക്കാൻ കഴിയും. നികുതി വകുപ്പിനടക്കം വാഹനഉടമയുടെ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പരിശോധന വഴി ഡ്രൈവർമാർ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചിട്ടുണ്ടോ എന്നും അറിയാൻ കഴിയും. വാഹനങ്ങൾ നിർത്തിയിട്ട് പരിശോധിക്കേണ്ട സ്ഥിതി പിന്നീടുണ്ടാവില്ല.
ചെക്ക് പോസ്റ്റിൽ വാഹനം നിർത്തിയുള്ള പരിശോധന ഭാവിയിൽ ഇല്ലാതാകാകും. ചെക്ക്പോസ്റ്റിലൂടെ വാഹനങ്ങൾ കടന്നുപോകുന്പോൾ വാഹനം നിർത്താതെ തന്നെ എ.എൻ.പി.ആർ സംവിധാനത്തിലൂടെ വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാകുന്നത് വഴി ശരിയായ വാഹനങ്ങൾക്ക് തടസം ഇല്ലാതെ കടന്നുപോകാൻ കഴിയും. ഓവർ ലോഡു പോലുള്ള പ്രധാന കുറ്റകൃത്യങ്ങൾ ഉറപ്പാണെങ്കിൽ മാത്രം വാഹനംനിർത്തി പരിശോധിച്ചാൽ മതി.
ക്യാമറയുടെ റേഞ്ചിൽ വരുന്പോൾ മാത്രം ഓവർ സ്പീഡ് കുറയ്ക്കുന്നവരെ പിടികൂടാനും നടപടികളെടുക്കും. ഒന്നിലധികം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ഡ്രൈവിംഗിന്റെ ശരാശരി സ്പീഡ് കണക്കുകൂട്ടിയാണ് പുതുതായി സ്ഥാപിച്ചിരിക്കുന്ന കാമറ സംവിധാനങ്ങളിൽ വാഹനങ്ങളുടെ അമിതവേഗത കണ്ടുപിടിക്കുന്നത്. സേഫ് കേരളയുടെ ഭാഗമായി ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളുമുള്ള പത്ത് ഇന്റർസെപ്റ്ററുകൾ കൂടി നിരത്തിലിറങ്ങുമെന്നും മന്ത്രി വിശദീകരിച്ചു.
സേഫ് കേരളയുടെ ഭാഗമായ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനത്തിലേക്ക് നിയമിച്ച 173 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നാലുമാസത്തെ പരിശീലനത്തിനു ശേഷമുള്ള പാസിംഗ് ഒൗട്ട് പരേഡാണ് തൃശൂരിൽ നടന്നത്. പിഎസ് സി വഴി നേരിട്ട് തെരഞ്ഞെടുത്ത വനിതയും ഈ ബാച്ചിലുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിനി സരിഗ ജ്യോതിയാണ് ഏക വനിത. മികച്ച പെർഫോമെൻസിനുള്ള അവാർഡും ഇവർ മന്ത്രിയിൽനിന്ന് സ്വീകരിച്ചു. സേഫ് കേരളയുടെ ഭാഗമായ 85 വാഹനപരിശോധന സ്ക്വാഡുകളുടെ പ്രവർത്തനം ഇപ്പോൾ പുറത്തിറങ്ങുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നിയമനംകൊണ്ട് കൂടുതൽ മികവുറ്റതാകുമെന്നും മന്ത്രി പറഞ്ഞു.
കായിക പരിശീലനത്തിനു പുറമെ റോഡ് സുരക്ഷ എൻഫോഴ്സമെന്റ്, സിആർപിസി, ഐപിസി, മോട്ടോർ വാഹന നിയമങ്ങൾ, ഫോറൻസിക് സയൻസ്, നീന്തൽ, യോഗ, കരാട്ടേ, വയർലെസ് കമ്യൂണിക്കേഷൻ, പ്രഥമ ശുശ്രൂഷ എന്നിവയിലും ഇവർക്ക് വിദഗ്ധ പരിശീലനം നൽകി.ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി സുധേഷ്കുമാർ, കേരള പോലീസ് അക്കാദമി ഡയറക്ടർ അനൂപ് കുരുവിള ജോണ് തുടങ്ങിയവർ സംബന്ധിച്ചു.