തലശേരി: വ്യാജ രേഖയുണ്ടാക്കി കോടികൾ തട്ടിയെടുത്ത കേസിൽ ഗുരുവായൂരിൽ അറസ്റ്റിലായ തിരുവങ്ങാട് മണൽ വട്ടം കുനിയിൽ ശ്യാമള (58) യുടെ ആദ്യ തട്ടിപ്പ് നടന്നത് തലശേരിയിൽ. ലോക്കൽ ഫണ്ട് ഓഫീസിൽ ജീവനക്കാരിയായിരിക്കെ ഓഫീസറുടെ വ്യാജ സീൽ നിർമിച്ച് ബാങ്കിൽ നിന്നും വായ്പയെടുത്തു കൊണ്ടാണ് ശ്യാമള തട്ടിപ്പിന് തുടക്കം കുറിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പതിനഞ്ച് വർഷം മുമ്പാണ് ഇവർ തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് പുറത്തായതോടെ ജോലി നഷ്ടപ്പെടുകയും താമസിക്കുന്ന വീടും സ്ഥലവും അധികൃതർ ജപ്തി ചെയ്യുകയും ചെയ്തു. ഇതോടെ ഇവർ രണ്ട് മക്കളേയും കൂട്ടി നാട് വിടുകയുമായിരുന്നു. ജോലിയിലിരിക്കെ മാതാവ് മരണപ്പെട്ടതിനെ തുടർന്നാണ് ശ്യാമളക്ക് ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫീസിൽ ജോലി ലഭിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഭർത്താവും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തലശേരിയിൽ നിന്നും നാടുവിട്ട് കോഴിക്കോട് താമസിച്ചു വരികയായിരുന്നു.
ഇതിനിടയിൽ മകൻ കംപ്യൂട്ടർ എൻജിനീയർ ആയെന്നും അമേരിക്കയിലേക്ക് പോകുകയാണെന്നും ശ്യാമള തലശേരിയിലെ അയൽവാസികളോട് പറഞ്ഞിരുന്നു.കോഴിക്കോട് ബിലാത്തി കുളത്തെ വാടക വീട്ടിൽ നിന്നാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ശ്യാമളയെ അറസ്റ്റ് ചെയ്തത്.ശ്യാമളയുടെ മകൻ വിപിൻ കാർത്തിക് (29) ഓടി രക്ഷപെട്ടു.
കനത്ത മഴയിൽ ജമ്മു കാശ്മീരിലെ കുപ്പ് വാര ജില്ലയിലെ പോലീസ് സൂപ്രണ്ട് ചമഞ്ഞായിരുന്നു വിപിൻ കാർത്തിക് തട്ടിപ്പ് നടത്തിയിരുന്നത്. രണ്ട് വർഷക്കാലമായി ഗുരുവായൂരിൽ ഫ്ലാറ്റിൽ താമസിച്ചു കൊണ്ടായിരുന്നു അമ്മയും മകനും കോടികളുടെ തട്ടിപ്പ് നടത്തിയത്.
വ്യാജ രേഖകൾ ചമച്ച് ബാങ്കുകളിൽ നിന്നും വാഹന വായ്പയെടുത്താണ് ഇരുവരും കോടികൾ തട്ടിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് മകളെ നല്ല നിലയിൽ വിവാഹം കഴിപ്പിച്ച ശ്യാമള മകനോടൊപ്പം ആഡംബര കാറുകളിലാണ് തലശേരിയിലെത്തിയിരുന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർവരെ അമ്മയും മകനും തട്ടിപ്പ് നടത്തിയതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. മകനാണ് എല്ലാം ചെയ്തതെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പിടിയിലായ ശ്യാമള പോലീസിനോട് പറഞ്ഞത്. പോലീസ് പിടിയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിപിൻ കാർത്തിക്കിനു വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്.