ദയ ആശുപത്രിയില്‍ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കിടത്തിയ സ്ട്രെച്ചറിനരികെ നില്ക്കുമ്പോള് കണ്ണുനീര് കൊണ്ട് കാഴ്ച വ്യക്തമായിരുന്നില്ല. കഴിഞ്ഞ ദിവസം എനിക്കു മുന്നില്‍ ആവേശത്തോടും ആഘോഷത്തിമര്പ്പോടും വീല്‍ചെയറിലിരുന്ന സൈമണ്‍ ബ്രിട്ടോ ഇപ്പോള്‍ ഈ ഭൂമുഖത്തില്ലെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. മനസില്‍ സങ്കടക്കടല്‍ തിരയടിക്കുമ്പോഴാണ് അജിത കല്യാണി പറഞ്ഞത്, മരിക്കും മുന്‍പ് ഷീബയെ വിളിച്ച് എന്തോ സംസാരിക്കാന്‍ സൈമണ്‍ ബ്രിട്ടോ ആഗ്രഹിച്ചിരുന്നുവെന്ന്.
മരണം കടന്നെത്തും മുന്‍പ് വൈകീട്ട് നാലിന് ഷീബ അമീറിനെ വിളിക്കണമെന്നും എന്തോ പറയാനുണ്ടെന്നും സൈമണ്‍ പറഞ്ഞിരുന്നുവത്രെ. എന്നാല്‍ എന്റെ നമ്പര്‍ കൈയിലില്ലാത്തതുകൊണ്ട് അതു നടന്നില്ല. അപ്പോഴേക്കും അസുഖം കൂടി ആശുപത്രിയിലേക്കു കൊണ്ടുപോയി വൈകാതെ മരണവും സംഭവിച്ചു.
എന്തായിരിക്കാം സൈമണ്‍ ബ്രിട്ടോയ്ക്ക് എന്നോടു പറയാനുണ്ടായിരുന്നത്… നിശ്ചലം എന്‍ മുന്നില്‍ കിടക്കുന്ന സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹത്തിലേക്കു ഞാന്‍ നോക്കി. നിശബ്ദം എന്നോടും പിന്നെ ബ്രിട്ടോയോടുമായി ചോദിച്ചു. എന്താണ് എന്നോട് പറയാനുണ്ടായിരുന്നത്…
കഴിഞ്ഞ ദിവസം തൃശൂര്‍ ഡിബിസിഎല്‍സി ഹാളില്‍ നടന്ന സൊലേസിന്റെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സൗഹൃദസായാഹ്നമായ സ്നേഹാര്‍ദ്രമായ് എന്ന പരിപാടി കാണാന്‍ സൈമണ്‍ ബ്രിട്ടോ എത്തിയിരുന്നു. തൃശൂരില്‍ എഴുത്തുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനിടെയാണ് അദ്ദേഹം സ്നേഹാര്‍ദ്രമായ് എന്ന പരിപാടിക്കെത്തിയത്.
മുകള്‍ നിലയിലാണ് പരിപാടി എന്നറിഞ്ഞപ്പോള്‍ പരിപാടികൾ താഴത്തെ നിലയിലാക്കണമെന്ന നിര്‍ദേശം സൈമണ്‍ മുന്നോട്ടുവച്ചിരുന്നു. സൊലേസിന്റെ വോളന്റിയർമാർ സൈമണ്‍ ബ്രിട്ടോയെ വീല്‍ചെയറോടെ ഹാളിന്റെ മുകള്‍നിലയിലേക്ക് എടുത്തുകൊണ്ടുവന്നു. വീല്‍ചെയറില്‍നിന്ന് മാറി കസേരയിലേക്ക് ഇരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും വീല്‍ചെയറിലിരുന്ന് പരിപാടി ആസ്വദിച്ചോളാമെന്നുമായിരുന്നു മറുപടി.
പരിപാടിയുടെ ഭാഗമായുള്ള ഗസല്‍ ഖവാലി സൂഫി ഗീതങ്ങള്‍ വീല്‍ചെയറിലിരുന്ന സൈമണ്‍ നന്നായി ആസ്വദിച്ചിരുന്നു. ചില പാട്ടുകള്‍ പാടണമെന്ന് ഗായകരോട് ആവശ്യപ്പെടുകയും ഖവാലിക്കൊപ്പം വീല്‍ചെയറിലിരുന്ന് കൈകള്‍ വീശി ആവേശത്തോടെ അതില്‍ ലയിച്ചുചേരുകയും ചെയ്തു.
ഗിത്താറിസ്റ്റ് പോള്‍സണേയും ഗസല്‍ഗായകന്‍ ഉമ്പായിയുടെ മകനേയുമൊക്കെ വിളിച്ച് സൗഹൃദം പങ്കിടാനും സൈമണ്‍ ബ്രിട്ടോ സമയം കണ്ടെത്തി. അവരെല്ലാം സന്തോഷത്തോടെ സൈമണിനരികെ വന്ന് സംസാരിച്ചു. ഉമ്പായിയുടെ മകനുമായി ഏറെ നേരം സംഗീതത്തെക്കുറിച്ചായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ വര്‍ത്തമാനം. പരിപാടിയെല്ലാം കഴിഞ്ഞ് എല്ലാവരും പോയശേഷമായിരുന്നു സൈമണ്‍ ബ്രിട്ടോ മടങ്ങിയത്. പരിപാടിയില്‍ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. അഞ്ചുമണിക്കൂറോളം പരിപാടിയില്‍ ചെലവിട്ടു.
പിന്നെ ഇന്നലെ കേള്‍ക്കുന്നത് സൈമണ്‍ ബ്രിട്ടോ മരിച്ചെന്ന വാര്‍ത്തയാണ്.
മനസു നിറയെ സംഗീതം ആസ്വദിച്ചാണ് സൈമണ്‍ ബ്രിട്ടോ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. സന്തോഷത്തോടെ ചിരിച്ച് ആര്‍ത്തുല്ലസിക്കുന്ന കുട്ടിയെ പോലെ വീല്‍ചെയറിലിരുന്ന് ഗസലും ഖവാലിയും ആസ്വദിക്കുന്ന സൈമണ്‍ ബ്രിട്ടോയാണ് എന്റെ മനസില്‍. ആ ചിരിയും സന്തോഷവും മറക്കാന്‍ കഴിയുന്നില്ല. ദയ ആശുപത്രിയില്‍നിന്ന് ഇറങ്ങി വീട്ടിലേക്കു പോകുമ്പോഴും എന്നെ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു…
എന്തായിരിക്കും സൈമണ്‍ ബ്രിട്ടോയ്ക്ക് എന്നോട് പറയാനുണ്ടായിരുന്നത്… ഉത്തരം കിട്ടില്ലെന്നറിയാമെങ്കിലും അതറിയാന്‍ വെറുതെ ഒരു മോഹം….