സ്വന്തം ലേഖകൻ
പഴയന്നൂർ: നമ്മടെ വീട്ടിൽ അമ്മയുടെ കാൽ മുറിഞ്ഞാൽ നമ്മൾ പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കും പോലെ ഞാൻ അവരുടെ കാലിലെ മുറിവിൽ പ്ലാസ്റ്ററൊട്ടിച്ചെന്നു മാത്രം – സോഷ്യൽമീഡിയയിൽ വൈറലായ പോലീസുകാരൻ വൃദ്ധയുടെ കാലിലെ മുറിവിൽ പ്ലാസ്റ്റർ ഒട്ടിക്കുന്ന ചിത്രത്തിലെ ഹീറോ എഎസ്ഐ എ.എ.ബെന്നി ആ ചിത്രനിമിഷത്തിനു പിന്നിലെ കഥ പറഞ്ഞു.
സോഷ്യൽമീഡിയയിൽ പലരും പറയും പോലെ ആണികൊണ്ട് മുറിഞ്ഞതോട കന്പികുത്തിക്കയറിയതോ ഒന്നുമല്ല സത്യത്തിൽ സംഭവിച്ചതെന്നും സ്റ്റേഷനിൽ ഇടക്കിടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കാനെത്തുന്ന വൃദ്ധയുടെ കാലിൽ നേരത്തെയുണ്ടായിരുന്ന മുറിവിൽ പ്ലാസ്റ്റർ വെച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും പഴയന്നൂർ സ്റ്റേഷനിലെ എഎസ്ഐയും പിആർഒയുമായ ബെന്നി വെളിപ്പെടുത്തി.
കാലിൽ മുറിവ് നേരത്തെയുണ്ടായതാണെന്നും അതുകണ്ടപ്പോൾ അതിൽ പൊടിയും മണ്ണും ആകാതിരിക്കാൻ വേണ്ടി അടുത്ത കടയിൽ നിന്നും ഒരു പ്ലാസ്റ്റർ വാങ്ങിയൊട്ടിച്ചുകൊടുത്തുവെന്ന് മാത്രം. ആ നിമിഷം സുഹൃത്തുക്കളിലൊരാൾ മൊബൈലിൽ പകർത്തി എഫ്ബിയിലും മറ്റും ഇട്ടതോടെ സംഗതി ഹിറ്റായി – ബെന്നി പറഞ്ഞു.
എന്തുതന്നെയായായാലും ബെന്നി വൃദ്ധയുടെ കാലിൽ പ്ലാസ്റ്റർ പതിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ കണ്ട് നിരവധി പേരാണ് ലൈക്ക് ചെയ്തതും ഷെയർ ചെയ്തതതും. ഇതുതാൻടാ പോലീസ്, ഇങ്ങനെയാകണം പോലീസ് തുടങ്ങിയ കമന്റുകളും ധാരാളം.
ചിത്രം കണ്ട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും വിളിച്ച് ബെന്നിയെ അഭിനന്ദിച്ചു. പഴയന്നൂർ സ്റ്റേഷൻ നന്പർ തപ്പിയെടുത്ത് ബെന്നിയെ വിളിക്കുന്നവരുമുണ്ട്. വടക്കാഞ്ചേരി അറങ്ങാശേരി വീട്ടിൽ പരേതനായ റിട്ട.എഎസ്ഐ അൽഫോണ്സിന്റയും റോസിയുടേയും മകനാണ് ബെന്നി.
ഭാര്യ ജാൻസി കരുവാങ്കാട് വിമലഗിരി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളുണ്ട്. കേരള പോലീസ് ചെറിയ തെറ്റു ചെയാതാലും ചെറിയ നന്മ ചെയ്താലും അത് സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഒരിക്കൽ കൂടി തെളിയുകയാണ് ഈ ചിത്രത്തിലൂടെ…