സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് വരികയായിരുന്ന യുവതി കാറിൽ പ്രസവിച്ചു. കാറുടമയുടെ സമയോചിതമായ ഇടപെടൽ കുഞ്ഞിനും അമ്മയ്ക്കും രക്ഷയായി. ഇന്നുരാവിലെ സംഭവം. പാലക്കാടുനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് ഓട്ടോയിൽ വരികയായിരുന്ന പാലക്കാട് സ്വദേശിനിയായ രേഷ്മയ്ക്ക് (25) പട്ടിക്കാടിനടുത്ത് മുടിക്കോടു വച്ചാണ് പ്രസവവേദന കൂടിയത്.
വേദന കലശലായപ്പോൾ ഓട്ടോ റോഡരികിൽ നിർത്തിയിട്ടു. രേഷ്മയുടേയും കൂടെയുണ്ടായിരുന്ന അമ്മയുടേയും സഹോദരിയുടേയും നിലവിളികേട്ട് ഇതുവഴി കാറിൽ പോയിരുന്ന ചിറയ്ക്കാക്കോട് സ്വദേശി ബിജേഷ് കാർ നിർത്തി ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പനിയുള്ള മകനെ പട്ടിക്കാടുള്ള ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ പോവുന്പോഴാണ് ബിജേഷ് വഴിയരികിൽ ഇവർ ഓട്ടോയിൽ ഇരുന്ന് കരയുന്നത് കണ്ടത്.
കാറിൽ പോകുംവഴി യുവതി പ്രസവിച്ചു. ഇതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഫോണ് ചെയ്ത് യുവതിയെ പ്രസവിച്ച അവസ്ഥയിൽ കാറിൽ കൊണ്ടുവരുന്ന വിവരം അറിയിച്ചു. സമരത്തിലായിട്ടു പോലും മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാരും ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും എല്ലാ സജ്ജീകരണങ്ങളുമായി അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തുനിന്നു.
കാറിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും പൊക്കിൾകൊടി വേർപെടുത്തിയിരുന്നില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുംമുന്പ് വനിത ഗൈനക്കോളജിസ്റ്റുകളടക്കമുള്ളവർ കാറിനുള്ളിൽവച്ചുതന്നെ പൊക്കിൾകൊടി മുറിച്ച് മാറ്റിയ ശേഷമാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്കു മാറ്റിയത്.അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.