തൃശൂർ: നെടുപുഴയിൽ അതിർത്തിത്തർക്കത്തിനിടെ അയൽവാസിയായ യുവാവിനുനേരേ മധ്യവയസ്കൻ വെടിയുതിർത്തു.
നെടുപുഴ ദുർഗാദേവി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചിരിയങ്കണ്ടത്ത് റോഷനു(28) നേരേയാണ് വെടിയുതിർത്തത്. തലനാരിഴയ്ക്കു യുവാവ് രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സായി റിട്ട. കോച്ച് നെടുപുഴ കരുവന്നൂർക്കാരൻ വീട്ടിൽ പ്രേമദാസനെ(63) പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായിരുന്നു. ഇന്നലെ രാവിലെ പ്രേമദാസൻ വളർത്തുനായയെ റോഷന്റെ പുരയിടത്തിൽ കെട്ടിയിട്ടു.
ഇതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും തുടർന്നു വെടിയുതിർക്കലിലും എത്തിയത്.
വാക്കേറ്റം രൂക്ഷമായതോടെ പ്രേമദാസൻ വീടിനകത്തുനിന്നു പിസ്റ്റൾ എടുത്ത് ആദ്യം ഒരു റൗണ്ട് ആകാശത്തേക്കും പിന്നീട് യുവാവിനെ ലക്ഷ്യമാക്കിയും വെടിയുതിർക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ നെടുപുഴ എസ് ഐ കെ.സി. ബൈജുവും സംഘവും പ്രേമദാസനെ പിസ്റ്റൾ സഹിതം കസ്റ്റഡിയിലെടുത്തു.
പിസ്റ്റൾ ലോഡ് ചെയ്ത നിലയിലായിരുന്നു. തോക്കിനു ഡിസംബർ വരെ ലൈസൻസ് കാലാവധിയുണ്ട്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.