തൃശൂർ: കെനിയയിലെ മസായ്-മാരയിൽ നിന്നുള്ള വന്യജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ കാണുന്നതിന് അവസരമൊരുക്കി ഡോ.വിനോദ് മാധവന്റെ ചിത്ര പ്രദർശനം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ. വിനോദ് മാധവനാണ് ആഫ്രിക്കൻ ഒഡീസി എന്ന വിഷയം അടിസ്ഥാനമാക്കി പ്രദർനം നടത്തുന്നത്.
കെനിയയിലെ മസായ് -മാരയിൽ നിന്നുള്ള ഇരുപതോളം ചിത്രങ്ങളാണ് കേരള ലളിതകലാ അക്കാദമിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
വൈൽഡ് ബീസ്റ്റുകളുടെ മൽപിടുത്തം, ഇരയ്ക്കുവേണ്ടിയുള്ള പുള്ളിപുലിയുടെ കാത്തിരിപ്പ്, അസ്തമയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒട്ടകപക്ഷികൾ, ആഫ്രിക്കൻ ഉൾക്കാടുകളിൽ മാത്രം കാണപ്പെടുന്ന ബബൂണ്‍ തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തെ കൂടുതൽ ആകർഷകമാക്കുന്നു. 2018-19 കാലയളവിൽ പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ദോഹ, ഖത്തർ എന്നിവിടങ്ങളിൽ ഇതിനു മുന്‍പായി പ്രദർശനം നടത്തിയിട്ടുണ്ട്. പ്രകൃതി സ്നേഹികളെ ഒരുമിച്ച് കൊണ്ട് വരുന്നതിനും അതുവഴി ആഗോള വന്യജീവികളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ചിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് വന്യജീവി ഫോട്ടോഗ്രാഫറായ ഡോ.വിനോദ് മാധവൻ പറഞ്ഞു. പ്രദർശനം 31ന് സമാപിക്കും.