സ്വന്തം ലേഖകൻ
തൃശൂർ: ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തൃശൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയെ നിർണയിക്കാനാവാതെ നേതൃത്വം വലയുന്നു.
തൃശൂരിലേക്ക് സുരേഷ്ഗോപി എത്തുമെന്ന് നേതൃത്വം പറയുന്നണ്ടെങ്കിലും തൃശൂരിനോട് സുരേഷ്ഗോപി ഇതുവരെയും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
കേന്ദ്രനേതൃത്വം ഏറ്റവുമൊടുവിൽ തിരുവനന്തപുരമോ തൃശൂരോ സുരേഷ്ഗോപി മത്സരിക്കാൻ തെരഞ്ഞെടുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മത്സരിക്കാൻ സുരേഷ്ഗോപി തീരുമാനിച്ചാൽ തൃശൂരിലേക്ക് പിന്നെയാര് എന്ന ചോദ്യമാണ് നേതൃത്വത്തിന് മുന്നിലുള്ളത്.
ശോഭ സുരേന്ദ്രന്റെ പേര് കഴക്കൂട്ടത്തേക്ക് നിർദ്ദേശിക്കുന്നുണ്ടെങ്കിലും സുരേഷ്ഗോപി തൃശൂർ വേണ്ടെന്ന് തീരുമാനിച്ചാൽ ശോഭയുടെ പേര് തൃശൂരിലേക്ക് പരിഗണിക്കും.
കേന്ദ്ര നേതൃത്വം ശോഭയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.
ഷൂട്ടിംഗ് തിരക്കുകളുടെ പേരിൽ തനിക്ക് തിരുവനന്തപുരമാണ് കൂടുതൽ താത്പര്യമെന്നാണ് സുരേഷ്ഗോപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഗുരുവായൂരിലും തനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് സുരേഷ്ഗോപി പറഞ്ഞിട്ടുണ്ട്. എന്നാൽ ഗുരുവായൂരിൽ നിവേദിതയെയാണ് ബിജെപി മത്സരിപ്പിക്കാനൊരുങ്ങുന്നത്.
ശോഭ കഴക്കൂട്ടത്തു തന്നെ മത്സരിക്കുകയാണെങ്കിൽ തൃശൂരിൽ സ്ഥാനാർഥിയായി ഇതുവരെ പറഞ്ഞു കേൾക്കാത്ത ആരെങ്കിലും എത്തും.
പ്രാദേശിക ലിസ്റ്റിൽ ഉണ്ടായിരുന്ന അഡ്വ.ബി.ഗോപാലകൃഷ്ണനും സന്ദീപ് വാര്യർക്കും മറ്റു മണ്ഡലങ്ങൾ നൽകിയതോടെ തൃശൂരിൽ നിന്ന് അവരും പുറത്തായിരിക്കുകയാണ്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സന്പൂർണയുടെ പേരും തൃശൂരിൽ ഇപ്പോൾ പരിഗണനയിലുണ്ടെന്നാണ് സൂചന.
സ്ഥാനാർഥിയാരായാലും തൃശൂർ നിയോജകമണ്ഡലം പിടിച്ചെടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ബൂത്തുതല യോഗങ്ങൾ അടുത്ത ദിവസം തന്നെ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നും ജില്ല നേതൃത്വം അറിയിച്ചു.