കൊടകര: ടൗണിലെ ഇ-ടോയ്ലറ്റിൽ കയറിയ വയോധികൻ പുറത്തുകടക്കാനാകാതെ ഒന്നരമണിക്കൂറോളം ഉള്ളിൽ കുടുങ്ങി.
കൊടകര മേല്‍പാലം ജംഗ്ഷനിലുള്ള ഐപി ടോയ്ലറ്റിലാണു ലോട്ടറി വില്പനക്കാരനായ ആലത്തൂർ സ്വദേശിയായ വയോധികൻ അകപ്പെട്ടത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
നാണയം ഇട്ടു തുറക്കുന്ന സംവിധാനമാണ് ഐപി ടോയ്ലറ്റിലുള്ളത്. ഈ സംവിധാനത്തിലൂടെ അകത്തുകയറിയ വയോധികനു പുറത്തു കടക്കാൻ കഴിഞ്ഞില്ല. വാതിൽ തുറക്കുന്ന സംവിധാനം തകരാറിലായതാണു കാരണം.
തുറക്കാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ ഹാൻഡിൽ ഇളകിപ്പോരുകയും ചെയ്തു. സഹായത്തിനായി ഏറെ നേരം ഇയാൾ ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല.
ഒടുവിൽ വാതിലിൽ ഇടിച്ചു ശബ്ദമുണ്ടാക്കിയപ്പോഴാണു സമീപത്തുള്ളവർ ടോയ്ലറ്റിനകത്തു വയോധികൻ കുടുങ്ങിയതായി അറിഞ്ഞത്.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇ-ടോയ്ലറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്നു ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പുതുക്കാട് ഫയർഫോഴ്സ് എത്തി വാതിൽ ബലം പ്രയോഗിച്ചു തുറന്ന് ഒന്‍പതരയോടെ വയോധികനെ പുറത്തെത്തിക്കുകയായിരുന്നു.
പുതുക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ കെ.എസ്. ശശി, രഞ്ജിത്ത്, സുൽഫിക്കർ, ബിജോയ്, ജയന്തൻ എന്നിവർ നേതൃത്വം നൽകി.