
തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ ശരീര വലിപ്പമുള്ള മനുഷ്യൻ, ബ്ലാക്ക് മാൻ, അപൂർവ ജീവി തുടങ്ങിയ വിശേഷണങ്ങൾ നൽകി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ പ്രചരിക്കുന്നതു വ്യാജമാണെന്നു പോലീസ് വ്യക്തമാക്കി.
കുന്നംകുളം പരിസരത്തുനിന്നുമാണ് ആദ്യമായി ഇത്തരത്തിലൊരു വാർത്ത വരാനിടയായത്. ക്രമേണ സമൂഹമാധ്യമങ്ങളിലൂടെ ഈ വാർത്ത ജില്ലയുടെ മറ്റു പ്രദേശത്തേക്കും വ്യാപിച്ചു. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയായി ഇതു മാറുകയാണ്.
മണ്ണുത്തി, ചിറയ്ക്കാക്കോട്, പട്ടിക്കാട്, ചെന്പൂത്ര, ചുവന്നമണ്ണ് ഭാഗങ്ങളിലും ബ്ലാക്ക് മാൻ എത്തിയിട്ടുണ്ടെന്ന പ്രചാരണം വാട്സാപ്പിലൂടെ ഇന്നലെ പല ഭാഗത്തും പ്രചരിക്കുന്നുണ്ട്.
കൈയിൽ കിട്ടുന്നവരൊക്കെ ഒന്നും നോക്കാതെ ഫോർവേഡ് ചെയ്യുകയാണിപ്പോൾ. അതിനിടെ മുണ്ടൂരിൽ ഈ വാർത്ത കേട്ട് ഒരു മാതാവ് പേടിച്ചുവീണതിനെതുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകി.
സത്യാവസ്ഥ
കോവിഡ് 19 വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സന്പൂർണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ വ്യവസായശാലകളോ, കച്ചവടകേന്ദ്രങ്ങളോ പ്രവർത്തിക്കുന്നില്ല.
ജനങ്ങൾ മുഴുവനും വീടുകളിൽ കഴിയുന്നതിനാൽ രാത്രികാലങ്ങളിൽ സന്പൂർണ നിശബ്ദതയാണ് അനുഭവപ്പെടുന്നത്. ബ്ലാക്ക്മാനോ, അപൂർവ ജീവിയോ ആരുമാകട്ടെ, ഇത്തരത്തിലൊന്നിനെ യഥാർത്ഥത്തിൽ ആരും കണ്ടിട്ടില്ല.
രാത്രിയിൽ എന്തെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങിയ ഏതോ ഒരാൾക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസിക വിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വാർത്ത പ്രചരിപ്പിച്ചതു കുബുദ്ധികൾ
ഈ മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് കുബുദ്ധികളാരോ ഭീകരജീവിയുടെ വിശേഷണങ്ങൾ പരാമർശിക്കുന്ന ശബ്ദസന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങൾവഴി പ്രചരിപ്പിക്കാനിടയായതാണ് സംഭവത്തിനു തുടക്കമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ദിവസങ്ങൾകൊണ്ട് ഈ വാർത്ത നിരവധിയാളുകളിലേക്ക് എത്തിച്ചേർന്നു. സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഈ വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എത്രതന്നെ ആത്മവിശ്വാസമുള്ളയാളായാലും ഇത്തരം വാർത്തകൾ കേൾക്കാനിടയാവുന്നവർക്ക് കുറച്ചുനാളത്തേക്കെങ്കിലും ഇരുട്ടിനേയും ഒറ്റപ്പെട്ട സ്ഥലങ്ങളേയും പേടിതോന്നാൻ സാധ്യതയുണ്ട്.
ടോർച്ചും വടിയുമായി ജനങ്ങൾ
രാത്രികാലങ്ങളിൽ ജനങ്ങൾ സംഘടിച്ച് ടോർച്ചും വടിയുമൊക്കെയായി പുറത്തിറങ്ങിനടക്കുന്ന സംഭവങ്ങൾ കുന്നംകുളം മേഖലയിലെ ചില സ്ഥലങ്ങളിൽനിന്നും അറിഞ്ഞിട്ടുണ്ട്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ഇത്തരത്തിലൊരാളേയോ ജീവിയേയോ ജനങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രാത്രിയിൽ 500ൽ പരം പോലീസ്
കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായും സാധാരണ പോലീസിംഗ് നടപടികളുടെ ഭാഗമായും തൃശൂർ സിറ്റി പോലീസ് ജില്ലയിൽ രാത്രികാലങ്ങളിൽ 500 ൽപരം പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്.
വാഹന പരിശോധന, നൈറ്റ് പട്രോളിംഗ്, ഇരുചക്രവാഹനങ്ങളിലും ജീപ്പുകളിലുമായി പോലീസ് പട്രോളിംഗ് എന്നിങ്ങനെ ജനങ്ങളുടെ സന്പൂർണ സുരക്ഷയൊരുക്കുകയാണ് പോലീസ് ചെയ്യുന്നത്. ഈ ഡ്യൂട്ടികൾക്കിടയിൽ ബ്ലാക്ക്മാനോ, അപൂർവ ജീവിയോ ഒരു പോലീസുദ്യോഗസ്ഥന്റേയും ശ്രദ്ധയിൽപെട്ടിട്ടില്ല.
കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങൾ കൂട്ടംകൂടുന്നതും, അകാരണമായി വീടുവിട്ടിറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു പോലീസ് മുന്നറിയിപ്പു നൽകി.
സന്ദേശം കൈമാറുന്നവർക്കു പിടിവീഴും
ബ്ലാക്ക് മാൻ, അപൂർവ ജീവി എന്നിവ പരാമർശിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങൾ വഴി അഭ്യൂഹ പ്രചാരണം നടത്തുന്നവരെ സൈബർസെൽ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി ബ്ലാക്ക്മാനെ കണ്ടതായി പ്രചരിക്കുന്ന ഒരു ചിത്രം സൈബർസെൽ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ഇതേ ചിത്രം ഉപയോഗിച്ച് 2012 ൽ ദിനോസോറിനെ കണ്ടതായി അഭ്യൂഹപ്രചാരണം നടത്തിയതായി കാണപ്പെട്ടിട്ടുള്ളതാണ്.
ബ്ലാക്ക് മാൻ, അപൂർവ ജീവി എന്നിവ പരാമർശിച്ചുകൊണ്ട് ഏതെങ്കിലും രീതിയിലുള്ള ചലഞ്ചുകളോ മൊബൈൽഫോണ് ഗെയിമുകളോ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.