ചാലക്കുടി: കൈയേറ്റക്കാർക്കെതിരെ പരാതിയുമായി വിഹരിക്കുന്നവരുടെ ഇരകളായി സാധാരണക്കാർ വീഴുന്പാൾ വന്പൻമാർക്ക് കുലുക്കമില്ല.
ചാലക്കുടിയിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ അധികൃതർക്കു പരാതി നൽകി പൊളിപ്പിക്കൽ വിനോദമാക്കിയവർ വലിയ മീനുകളെ കാണുന്പോൾ കണ്ണടച്ച് ഇരിക്കുന്നു.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളാണ് ഇവരുടെ ക്രൂരവിനോദത്തിന് ഇരയാകുന്നത്.
അറിയാതെ ഇഞ്ചു കണക്കിനുമാത്രം അല്പം പുറന്പോക്ക് ഭൂമി സ്വന്തം ഭൂമിയിൽ ഉൾപ്പെട്ടവരെ ഇവർ വേട്ടയാടുന്പോൾ വന്പൻമാരുടെ കൈയേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.
ഇതിനു പിന്നിൽ ഉദ്യോഗസ്ഥ ലോബിയും പരാതി സംഘവുമായി ഒത്തുകളിയാണ് നടക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
പരാതി സംഘം ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകുകയും ഉദ്യോഗസ്ഥരെ വരുതിയിൽ നിർത്തി നിയമം നടപ്പിലാക്കുന്നതായി പൊതുജനമധ്യത്തിൽ കാണിക്കും.
ഉദ്യോഗസ്ഥർ ഇവരുടെ പരാതിയനുസരിച്ച് പരാതിയുള്ള സ്ഥലങ്ങളിൽ നോട്ടീസ് പതിക്കുകയും ഇവർ സാധാരണക്കാരാണെങ്കിൽ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും കൈയേറ്റങ്ങൾക്കെതിരെ പൊരുതുന്നവർ അഭിനവ നവാബുമാരായി വിലസുകയും ചെയ്യുന്നു.
ഇവർ പരാതി നൽകിയ സ്ഥലങ്ങളിൽ വന്പൻമാർ ഇപ്പോഴും ഒന്നും അറിയാത്തപോലെ നിൽക്കുന്പോൾ വീടുകൾ ഉൾപ്പെടെ സാധാരണക്കാർ പൊളിച്ചുമാറ്റുകയാണ്.
ഗവ. ഗേൾസ് ഹൈസ്കൂൾ റോഡിൽ അല്പംമാത്രം വ്യത്യാസമുള്ള വീടിന്റെ മതിലും മറ്റൊരു സാധാരണകാരന്റെ വീടിന്റെ മുൻഭാഗവും പൊളിച്ചുമാറ്റി.
ഈ റോഡിലുള്ള മറ്റ് അനധികൃത നിർമാണങ്ങൾ യാതൊരു മാറ്റവുമില്ലാതെ നില്ക്കുകയും ചെയ്യുന്നു. സാധാരണക്കാരുടെ വീടും മതിലും പൊളിച്ചുമാറ്റി നിയമം നടപ്പിലാക്കിയതായി ഉദ്യോഗസ്ഥർ നടക്കുന്നു.
പരാതികാർക്ക് മിണ്ടാട്ടവുമില്ല. പരാതി നൽകുന്നവർ അഭിനവ നവാബ്മാരായി നിൽകുന്പോൾ പിന്നണിയിൽ ഇവരുടെ പിണിയാളുകൾ ചില അന്തർനാടകങ്ങളും നടത്തുന്നത് ആരും അറിയുന്നില്ല.