സ്വന്തം ലേഖകൻ

വിയ്യൂർ: നാട്ടാനകൾക്ക് കോവിഡ് കാലത്തേക്ക് ഖരാഹാരം വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിയ്യൂർ പാറമേക്കാവ് ആനപ്പന്തിയിൽ ഗവ. ചീഫ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. പാറമേക്കാവ് കാശിനാഥൻ എന്ന ആനയ്ക്ക് തീറ്റ നൽകിയായിരുന്നു ഉദ്ഘാടനം.
കോർപറേഷൻ കൗണ്‍സിലർ അഡ്വ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാട്ടാനകൾക്ക് പ്രതിദിനം 400 രൂപ എന്ന നിരക്കിൽ 40 ദിവസത്തേയക്കാണ് തീറ്റ നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് ജില്ലയിലെ ആനകൾക്ക് ആനുകൂല്യം നൽകുന്നത്.
ഇതിനായി 16000 രൂപയുടെ തീറ്റ അംഗീകൃത ഏജൻസികളിൽ നിന്ന് തീറ്റ ഇൻഡന്റ് ചെയ്ത് വിതരണം നടത്തും. ഒരു ആനയ്ക്ക് പ്രതിദിനം മൂന്ന് കിലോ അരി, നാല് കിലോ ഗോതന്പ്, 13 കിലോ റാഗി, അര കിലോ വീതം മുതിര, ചെറുപയർ, കടല, 100 ഗ്രാം മഞ്ഞൾപൊടി, 150 ഗ്രാം ശർക്കര എന്നി നിരക്കിലാണ് 40 ദിവസത്തേയ്ക്ക് തീറ്റ നൽകുന്നത്.
ജില്ലയിലെ 132 ആനകളാണ് വനം വകുപ്പിൽ രജിസ്ട്രേഷനിൽ ഉള്ളത്.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വനം വകുപ്പ് അംഗീകരിച്ചു നൽകിയ ലിസ്റ്റിലുള്ള 58 ആനകൾക്കാണ് തീറ്റ വിതരണം ചെയ്യുന്നത്.
ലിസ്റ്റ് പ്രകാരമുള്ള ആനകളുടെ ഉടമസ്ഥരിൽ നിന്നു വാങ്ങിയ അപേക്ഷയും അനുബന്ധ രേഖകളും ആനകളെയും പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീറ്റ ലഭ്യമാക്കുന്നത്.
ഡോ.പി.ബി.ഗിരിദാസ്, ജില്ല മൃഗസംരക്ഷണ ഓഫീസർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പൊതുവാൾ, എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സെക്രട്ടറിയും കൗണ്‍സിലറുമായ മഹേഷ്, എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി മണികണ്ഠൻ, ഡോ.ലത മേനോൻ തുടങ്ങിയവർ പങ്കെടുത്തു.