തൃശൂർ: നാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കുന്ന പത്രം ഏജന്റിനു കോവിഡ് ബാധിച്ചു. വീട്ടുകാരെല്ലാം ക്വാറന്റൈനിലായി.
നാട്ടുവിശേഷങ്ങളും ലോകവിശേഷങ്ങളുമെല്ലാം അറിയാനുള്ള പത്രം വിതരണം മുടങ്ങുമെന്ന അവസ്ഥയായപ്പോൾ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി.
നാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കാൻ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കെഎസ്യു പ്രവർത്തകരുമെല്ലാം കൈകോർത്തു.
നെടുപുഴയിലാണു സംഭവം. പത്രം ഏജന്റ ആന്റോ ചീനിക്കലിനു കോവിഡ് ബാധിച്ചതോടെയാണ് നാട്ടിലെ പത്രം വിതരണം മുടങ്ങുമെന്ന അവസ്ഥയായത്.
വാർത്ത മുടങ്ങാതിരിക്കാൻ കോർപറേഷൻ കൗണ്‍സിലർ എബി വർഗീസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പത്രവിതരണത്തിനു തയാറായത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ചിരിയങ്കണ്ടത്ത്, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, കെ.പി. ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പത്രവിതരണത്തിനു ക്രമീകരണമുണ്ടായത്.
ഏതെല്ലാം പത്രം ആരുടെയെല്ലാം വീടുകളിൽ എന്ന് അറിയാത്തതാണ് വിതരണത്തിനു തടസമായത്. ഏജന്റ് ആന്റോയെ ഫോണിൽ വിളിച്ച് ഏതെല്ലാം വീടുകളിൽ ഏതെല്ലാം പത്രം എത്തിക്കണമെന്ന് ചോദിച്ചറിഞ്ഞു.
അതു കടലാസിൽ രേഖപ്പെടുത്തി. അങ്ങനെയാണ് പത്രവിതരണം നടത്തിയത്. ട്രിപ്പിൾ ലോക്ക്ഡൗണ്‍ ആയതിനാൽ എട്ടു മണിക്കു മുന്‍പ് വിതരണം പൂർത്തിയാകുമോയെന്ന ആശങ്കയുണ്ടായിരുന്നു.
എന്നാൽ ഏഴു മണിയോടെ വിതരണം പൂർത്തിയാക്കി. നാട്ടിലെ എല്ലാ വീടുകളിലും വാർത്തകൾ മുടങ്ങാതിരിക്കാനാണ് ഈ യത്നത്തിനു മുതിർന്നതെന്ന് വിഷ്ണു ചന്ദ്രൻ പറഞ്ഞു.