സ്വന്തം ലേഖകൻ
രാമവർമ്മപുരം: ജനം വിധിയെഴുതിയതിന് ഇനി കാവലായി ഇമ ചിമ്മാതെ അവരുണ്ട്, മെയ് രണ്ടു വരെ..
വോട്ടെടുപ്പിന് ശേഷം സ്ട്രോംഗ് റൂമുകളിലെത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ കേന്ദ്ര സേനയുടേയും കേരള പോലീസിന്റെയും നിതാന്ത നിരീക്ഷണജാഗ്രതയിൽ സുഭദ്രം.
വോട്ടെണ്ണൽ ദിനമായ അടുത്ത മാസം രണ്ടുവരെ ഈ ജാഗ്രതയും നിരീക്ഷണവും തുടരും.
കാവൽഭടൻമാരുടെ കണ്ണുവെട്ടിച്ച് ഒരീച്ച പോലും വോട്ടിംഗ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന കോന്പൗണ്ടിലേക്ക് കടക്കാനാകാത്ത വിധമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ആയുധധാരികളായാണ് കേന്ദ്ര സേനയും കേരള പോലീസും വോട്ടിംഗ് മെഷിനുകൾക്ക് കാവൽ നിൽക്കുന്നത്.
തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളജിലെ സ്ട്രോംഗ് റൂമുകളിൽ നാലു നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് മെഷിനുകളാണ് സൂക്ഷിച്ചിരിക്കുന്നത്.
തൃശൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങളിലെ ജനവിധി രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളാണ് ഇവിടെ കനത്ത കാവലിൽ സൂക്ഷിച്ചിട്ടുള്ളത്.
കേന്ദ്രസേനയിലെ അന്യസംസ്ഥാന പോലീസുകാർക്ക് അവരുടെ ഇഷ്ടാനുസരണമുള്ള ഭക്ഷണം അവർ തന്നെ ഇവിടെ പാചകം ചെയ്തു കഴിക്കുകയാണ്.
കേരള പോലീസിനുള്ള ഭക്ഷണം എൻജിനീയറിംഗ് കോളജിനു സമീപമുള്ള കേരള പോലീസ് അക്കാദമിയിൽ നിന്ന് കൊണ്ടുവന്നു കൊടുക്കുകയാണ്. രാത്രിയിൽ പ്രകാശപൂരിതമാണ് സ്ട്രോംഗ് റൂമുകളുടെ പരിസരം.