ഗുരുവായൂർ: നഗരസഭ ഓഫീസിൽ പ്രേതമുണ്ടെന്നും കർമങ്ങൾ നടത്തി പ്രേതത്തെ ഒഴിവാക്കിയതായും കൗണ്‍സിലർ ബഷീർ പൂക്കോട് കൗണ്‍സിലിൽ അറിയിച്ചു. മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗയുടെ ദേഹത്ത് പ്രവേശിക്കുന്ന നാഗവല്ലിയെ അനുസ്മരിച്ചുകൊണ്ടാണ് ബഷീർ പ്രേതകഥ കൗണ്‍സിലിൽ അറിയിച്ചത്. നഗരസഭയിലെ പ്രേതത്തിന് ഫയലുകളോടാണ് താൽപ്പര്യം. നഗരസഭയിലെ പ്രധാന ഫയലുകളാണ് പ്രേതം കൊണ്ടുപോകുന്നത്.
പിഎംഎവൈ അപേക്ഷകൾ രജിസ്റ്ററിൽ ചേർത്തശേഷം സൂക്ഷിച്ച ഫയലുകളും ഭൂമി സറണ്ടർ ചെയ്തുനൽകുന്ന ഫയലുകളുമാണത്രെ പ്രതത്തിന് ഇഷ്ടം. പ്രേതത്തെ ഒഴിവാക്കി ഫയലുകൾ തിരിച്ചുലഭിക്കാനായി ബഷീർ പരികർമിയായ സെക്രട്ടറിയെ സമീപിച്ചു. സെക്രട്ടറിയുടെ കർമങ്ങൾക്ക് ഫലമുണ്ടാവുകയും പ്രേതത്തെ ഒഴിവാക്കി ഫയലുകൾ തിരിച്ചു ലഭിക്കുകയും ചെയ്തതായി ബഷീർ കൗണ്‍സിലിൽ അറിയിച്ചു.