സ്വന്തം ലേഖകൻ
തൃശൂർ: പേരാമംഗലം ദുർഗാവിലാസം സ്കൂളിലെ പത്താം ക്ലാസ് ഇ ഡിവിഷനിലെ വിദ്യാർഥികളറിഞ്ഞില്ല തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ മരണം തട്ടിയെടുത്ത വിവരം.
ഇന്നലെ രാവിലെ അസംബ്ലി കഴിഞ്ഞ് ക്ലാസുകൾ തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് അഖില അപകടത്തിൽ മരിച്ച വിവരം ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്.
എന്തുകൊണ്ടോ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി ക്ലാസിൽ വന്നില്ല എന്ന ധാരണയിലായിരുന്നു അഖിലയുടെ സുഹൃത്തുക്കൾ.
ഇനിയൊരിക്കലും തങ്ങളുടെ കൂട്ടുകാരി ഈ ക്ലാസിലേക്കു വരില്ലെന്ന കാര്യം കണ്ണീരോടെയാണ് അധ്യാപകർ കുട്ടികളെ അറിയിച്ചത്.
കൂട്ടുകാരികൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദുരന്തവാർത്ത കേട്ടത്. കുട്ടികളെ ആശ്വസിപ്പിക്കാൻ കഴിയാതെ അധ്യാപകരും രക്ഷിതാക്കളും വിഷമിച്ചു.
സാന്പത്തികമായി വളരെ മോശം അവസ്ഥയിലുള്ള അഖിലയുടെ കുടുംബത്തിനു താങ്ങും തണലുമായിരുന്നത് എന്നും പേരാമംഗലം ദുർഗാവിലാസം സ്കൂളായിരുന്നു.
അസുഖബാധിതനായ അഖിലയുടെ അച്ഛൻ ജീവിതത്തിലേക്കു പതിയെ തിരിച്ചുവരാൻ തുടങ്ങുന്നതിനിടെയാണു പൊന്നുമകളുടെ മരണം വീണ്ടും ആ അച്ഛനെ തളർത്തിയിരിക്കുന്നത്.
കൂലിപ്പണിക്കും വീട്ടുപണിക്കും പോയാണ് അഖിലയുടെ അമ്മ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നത്.
മൂന്നു മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു അഖില. ചേച്ചി ഇതേ സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ്. ഇളയ സഹോദരനും പഠിക്കുകയാണ്.
സ്വന്തമായി നല്ലൊരു വീടുപോലുമില്ലാത്ത അഖിലയുടെ കുടുംബത്തിനു സന്നദ്ധ സംഘടനകളുടേയും സുമനസുകളുടയും സഹായത്താൽ ഒരു വീടുവച്ചു കൊടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അപകടത്തിന്റെ രൂപത്തിൽ അഖിലയെന്ന കൊച്ചുമിടുക്കിയെ മരണം കവർന്നെടുത്തത്.