സ്വന്തം ലേഖകൻ
തൃശൂർ: മഴയും ആശങ്കകളുമൊഴിയാതെ തൃശൂർ. ചാലക്കുടി പുഴയിൽ ജലനിരപ്പുയരുന്നത് ചാലക്കുടി നിവാസികളുടെ ആശങ്ക ഉയർത്തുന്നു.
പീച്ചിഡാമിന്റെ ഷട്ടറുകൾ തുറന്നു. തൃശൂർ നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്.
ജില്ലയിൽ 37 ദുരിതാശ്വാസ ക്യാന്പുകളുണ്ട്. 469 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.1533പേർ ക്യാന്പുകളിലുണ്ട്. ജില്ലയിൽ മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
തൃശൂർ-പാലക്കാട് ദേശീയപാതയിൽ മണ്ണിടിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് ഇവിടെ ഒറ്റവരിയായാണ് വണ്ടികൾ കടത്തിവിടുന്നത്.
പുത്തൂർ എട്ടാം കല്ലിൽ വീടിനു സമീപത്തേക്ക് മണ്ണിടിഞ്ഞു വീണു. ഇതെ തുടർന്ന് വീട്ടുകാരെ മാറ്റിപാർപ്പിച്ചു.
മാന്ദാമംഗലം ദർഭയിൽ റോഡിന്റെ ഒരുവശം ഇടിഞ്ഞു.
തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് ഭീഷണിയുടെ സൂചന പലയിടത്തുമുണ്ട്. തൃശൂർ പൂങ്കുന്നം ഉദയനഗറിലെ ചില വഴികളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.
ചിമ്മിനിഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. ശക്തമായമഴ തുടരുന്ന സാഹചര്യത്തില് ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്.
നിലവിൽ കുറുമാലി പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
കുറുമാലി പുഴയുടെ തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആവശ്യം വന്നാൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജില്ല കളക്ടർ പറഞ്ഞു.
വലപ്പാട് ബീച്ചിൽ തീരത്ത് ഒരു മൃതദേഹം ഇന്നുരാവിലെ കണ്ടെത്തി. ചേറ്റുവയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സൂചന.
തമിഴ്നാട്ടിലെ പറന്പിക്കുളം, തൂണക്കടവ് ഡാമുകളിൽ നിന്ന് രാവിലെ മുതൽ പൊരിങ്ങൽകുത്ത് ഡാമിലേക്ക് ജലം ഒഴുകി വന്നുകൊണ്ടിരിക്കുകയാണെന്നും നിലവിൽ 13,000 ക്യുസെക്സ് വെള്ളമാണ് പറന്പിക്കുളത്തുനിന്ന് ഡാമിലേക്ക് എത്തുന്നതെന്നും അധികൃതർ പറഞ്ഞു.
ചാലക്കുടിപുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നുകൊണ്ടിരിക്കുകയാണ്.
തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറിതാമസിക്കണമെന്നും നിർദ്ദേശമുണ്ട്.
പൊരിങ്ങൽകുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം തുറുന്നുവിടേണ്ട സാഹചര്യമാണെന്നും അധികൃതർ പറഞ്ഞു.ഡാം തുറക്കുന്നതോടെ ചാലക്കുടിപുഴയിൽ വെള്ളം ഒന്നര മീറ്ററോളം ഉയരാൻസാധ്യതയുണ്ട്.
അതോടൊപ്പം വേലിയേറ്റ സമയമാകുന്നതിനാൽ വെളളം കടലിലേക്ക് ഒഴുകിപോകില്ലെന്നതും പുഴയിൽ നിന്നുള്ള വെള്ളം കടലെടുക്കില്ലെന്നതും സ്ഥിതി ഗുരുതരമാക്കും.
പുഴക്കരയിൽ താമസിക്കുന്നവരെ എത്രയുംവേഗം വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിക്കാൻ അടിയന്തിര നിർദ്ദേശം നൽകിക്കഴിഞ്ഞു.
വെള്ളം ഉയർന്നുകഴിഞ്ഞാൽ ഒഴിപ്പിക്കൽ നടപടികൾ പ്രയാസമാകുമെന്നും അതിൽ എല്ലാവരും നേരത്തെ തന്നെ മാറിത്താമസിച്ചെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
പൊരിങ്ങൽകുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയീസ് ഗേറ്റ് കൂടി ഉടൻ തുറക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. ഇതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടരമാകും വിധം ഉയരും.
2018ൽ ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുളളവർ മുഴുവൻ ക്യാംപുകളിലേക്ക് മാറാൻ അടിയന്തിര നിർദ്ദേശം നൽകി.
ഇരിങ്ങാലക്കുട കാട്ടൂരിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. ചെന്പച്ചാൽ, ഇട്ടിക്കുന്ന്, ശ്രീകാളീശ്വരി കോളനി എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറുന്നത്.