മാള: കോവിഡ് ബാധിതയായി മരിച്ച വൃദ്ധയുടെ സംസ്കാരച്ചടങ്ങുകൾക്കു നേതൃത്വം നൽകിയതു യുവതികൾ.
മേലഡൂർ ഇൻഫാന്റ് ജീസസ് ഇടവകാംഗമായ മാളിയേക്കൽ കുടുംബാംഗം ഏല്യക്കുട്ടി (84) ആണു മരിച്ചത്. വെള്ളിക്കുളങ്ങര അൽവേർണിയ എഫ്സിസി പ്രൊവിൻസ് സഹായ അംഗമായിരുന്നു ഇവർ. കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡിനെതുടർന്ന് ആശുപത്രിയിലായിരുന്നു ഇവർ.
ഏല്യക്കുട്ടിയമ്മയോടുള്ള ആദരസൂചകമായി മേലഡൂർ ഇൻഫന്റ് ജീസസ് ടാസ്ക് ഫോഴ്സ് അംഗങ്ങളായ തെക്കുംപുറം റിയ ബാബു, തെക്കേക്കര ആൻഡ്രിയ വിത്സൻ എന്നീ യുവതികൾ പള്ളി വികാരി ഫാ. ജോളി വടക്കനോട് സംസ്കാരച്ചടങ്ങുകളിൽ സഹായസന്നദ്ധത അറിയിക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചക്കാലക്കൽ ഗ്ലോറി, ചക്കാലക്കൽ ചഞ്ചൽ എന്നിവരുടെ സഹായത്തോടെ ഇവർ മരണാനന്തര ചടങ്ങുകൾക്കു സഹായികളായി.
അഭ്യസ്തവിദ്യരായ യുവതികളുടെ മാതൃകാപരമായ പ്രവൃത്തിയേ മേലഡൂർ ഇടവക വികാരി ഫാ. ജോളി വടക്കനും ഇടവകക്കാരും അഭിനന്ദിച്ചു.
മേലഡൂരിലെ ടാസ്ക് ഫോഴ്സ് അംഗങ്ങൾ ജാതിമതഭേദമന്യേ മൃതസംസ്കാരങ്ങൾക്കും മറ്റ് എല്ലാവിധ ആവശ്യങ്ങൾക്കും തയാറായി മുൻനിരയിലുണ്ട്. സൗജന്യ ആംബുലൻസ് സേവനവും മേലഡൂർ ഇടവക നടത്തിവരുന്നുണ്ട്.