തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ ഇന്നലെ രാത്രി ഗുണ്ടാ ആക്രമണം.
ബൈക്കിലും ഓട്ടോയിലുമായെത്തിയ സംഘം ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കുകയും നാല് ഓട്ടോറിക്ഷകൾ കേടുവരുത്തുകയും ചെയ്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് നഗരത്തെ വിറപ്പിച്ച സംഭവം.
ഓട്ടോ സ്റ്റാൻഡിലെ രണ്ടു ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കമാണ് ഗുണ്ടാസംഘങ്ങളെ ഇറക്കിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് സൂചിപ്പിച്ചു.
സ്റ്റാൻഡിലെ രണ്ടു ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടാവുകയും ഇതിൽ അടിയേറ്റ ഒരു ഡ്രൈവർ പുറമേനിന്നും ഗുണ്ടകളെ കൊണ്ടുവന്ന് പ്രത്യേക്രമണം നടത്തുകയുമായിരുന്നു.
ഇതിനിടയിലാണ് ഓട്ടോറിക്ഷകൾ തകർത്തതും ഡ്രൈവർമാർക്ക് പരിക്കേറ്റതും. വടിവാൾ വീശിയും മറ്റും ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നഗരത്തിലെ സ്ഥിരം ഗുണ്ടകളെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായതെന്ന് മനസിലായത്. എന്നാൽ ഇവർ പ്രതികളല്ല.
സംഭവത്തിലെ യഥാർഥ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.