കണ്ണിലേക്കു പ്രതി കുരുമുളക് സ്പ്രേ അടിച്ചപ്പോൾ കുറേനേരത്തേക്ക് ഒന്നും കാണാൻ സാധിച്ചില്ല. നീറ്റലും പുകച്ചിലും മൂലം അവിടെ ഇരുന്നുപോയി.
ഈ പ്രതി മുന്പ് പോലീസുകാരെ ഇത്തരത്തിൽ കുരുമുളക് സ്പ്രേ അടിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി അറിയാമായിരുന്നുവെങ്കിലും പെട്ടന്ന് ഇയാളെ കൈയിൽ കിട്ടിയപ്പോൾ മുൻകരുതലൊന്നുമെടുക്കാൻ സാധിച്ചില്ല.
രക്ഷപ്പെടാനായി അവൻ നല്ല ഡോസിൽതന്നെ സ്പ്രേ ചെയ്തിരുന്നു. വേനൽചൂടുകൂടിയായപ്പോൾ കണ്ണിന്റെ നീറ്റലും പുകച്ചിലും കൂടി.
കണ്ണാകെ ചുവന്നുതുടുത്തു. നേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണു കഴുകി പ്രാഥമിക ചികിത്സ തന്നു.
മരുന്നുകളും കണ്ണിലൊഴിക്കാനുള്ള ഐ ഡ്രോപ്സുമുണ്ട്. കുരുമുളക് സ്പ്രേ കണ്ണിലായ പലർക്കും അലർജി വരാറുണ്ടത്രെ. അതിനാൽ അതു വരാതിരിക്കാനുള്ള മരുന്നുകളും തന്നു.
ആലപ്പുഴയിലാണ് എന്റെ വീട്. വ്യാഴാഴ്ച രാത്രിതന്നെ ബസിൽ ആലപ്പുഴയ്ക്കു വന്നു. വീട്ടിൽ എത്തിയശേഷമാണ് ഭാര്യയോട് ആക്രമണത്തക്കുറിച്ചു പറഞ്ഞത്.
ഇപ്പോൾ രണ്ടുദിവസത്തെ വിശ്രമത്തിലാണ്. സർവീസിൽ കയറിയശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്. ഇതു മറക്കില്ല.
ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞദിവസം അറസ്റ്റിലായ മറ്റൊരാളിൽനിന്നും ഫവാദിനെക്കുറിച്ച് വിവരം ലഭിച്ചു.
ഫവാദ് ഗുരുവായൂർ സ്റ്റേഷൻ പരിധിയിലെ പേരകത്തെ ഭാര്യവീട്ടിലുണ്ടെന്നറിഞ്ഞു ഗുരുവായൂർ പോലീസ് ഇയാളെ പിടികൂടാൻ ചെല്ലുകയായിരുന്നു.
സിപിഒ രതീഷിനെക്കൂടാതെ സിപിഒ ശശിധരനും ഒപ്പമുണ്ടായിരുന്നു. പോലീസ് പിടിക്കാനെത്തിയതറിഞ്ഞ് വീടിന്റെ പിൻവാതിലിലൂടെ ഇറങ്ങിയോടി രക്ഷപ്പെടാൻ ഫവാദ് ശ്രമിച്ചപ്പോൾ രതീഷ് തടഞ്ഞു.
അപ്പോഴാണ് പോക്കറ്റിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ രതീഷിന്റെ കണ്ണിലേക്കു പ്രതി അടിച്ചത്.
ഇതോടെ കണ്ണു കാണാതായ രതീഷിനെ തള്ളിയിട്ട് പ്രതി കടന്നുകളഞ്ഞു. രതീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയതായി ഗുരുവായൂർ പോലീസ് അറിയിച്ചു. ഗുരുവായൂർ, വാടാനപ്പിള്ളി, ചാവക്കാട്, കോഴിക്കോട്, വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
ഒരു വർഷം മുൻപ് പാലയൂരിൽ യാത്രക്കാരന്റെ മുഖത്തു കുരുമുളക് സ്പ്രേ അടിച്ച് സ്കൂട്ടർ തട്ടിയെടുത്ത കേസും ഇയാൾക്കെതിരെയുണ്ട്.