അരിന്പൂർ: ഭാര്യയുടെ മൃതദേഹം പുഴുവരിച്ച നിലയിലായിട്ടും മരണവിവരം തിരിച്ചറിയാതെ മനോദൗർബല്യമുള്ള ഭർത്താവ് മൃതദേഹത്തോടൊപ്പം കഴിഞ്ഞത് അഞ്ചു രാവും പകലും.
അരിന്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന മഠത്തിപറന്പിൽ സരോജിനി (64)യാണു മരിച്ചത്. മാനസിക ദൗർബല്യമുള്ള ഭർത്താവ് രാമകൃഷ്ണൻ മരണവിവരമറിയാതെ വീട്ടിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി.
ഈ പ്രദേശം കോവിഡ് ക്ലസ്റ്റർ ആയതിനാൽ അയൽവാസികളൊന്നും ദിവസങ്ങളായി പരസ്പരം ബന്ധമുണ്ടായിരുന്നില്ല.
ആശാരിപ്പണിക്കാരനായ മകൻ ദിനേശൻ തൃശൂരിൽ ജോലിക്കു പോയാൽ ആഴ്ചയിൽ ഒരിക്കലാണു വീട്ടിൽ വരിക എന്നതിനാൽ മരണവിവരം അറിഞ്ഞില്ല.
60 വയസു കഴിഞ്ഞവർക്കു വാക്സിൻ എടുക്കുന്നതിന്റെ കാര്യം പറയുന്നതിനും ഇവരിൽ നിന്ന് ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി സമീപത്തെ അങ്കണവാടി ടീച്ചർ ഗീത ജയരാജ് ഇന്നലെ ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വിവരമറിഞ്ഞ് എത്തിയ അന്തിക്കാട് എസ്എച്ച്ഒ സുരേഷ് കുമാർ, എസ്ഐ സുധീഷ് കുമാർ, തൃശൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധർ, വനിത പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന നടത്തി.
പിപിഇ കിറ്റ് ധരിച്ച് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്റ്മോമോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാക്കാൻ കഴിയൂ എന്നു പോലീസ് അറിയിച്ചു. അരിന്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും എത്തിയിരുന്നു.