കണ്ണൂർ: നഗരമധ്യത്തിൽ വ്യാപാരിയെ അക്രമിക്കാൻ എത്തിയ ക്വട്ടേഷൻ സംഘത്തിൽ യുവതിയും.മുംബൈ സ്വദേശിനിയും തെക്കീബസാറിൽ താമസിക്കുന്നതുമായ യുവതിയാണ് ക്വട്ടേഷൻസംഘത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടുന്നതിനിടയിൽ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
വ്യാപാരിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഷമീം എന്ന ചാണ്ടി ഷമീം (34), അരിന്പ്ര സ്വദേശി നൗഫൽ (32), അത്താഴക്കുന്നിലെ വിഷ്ണു (22), എടക്കാട് സ്വദേശി അഷ്ഹാദ് (30) എന്നിവരെയാണ് ടൗൺപോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ചാണ്ടി ഷമീമിനും നൗഫലിനുമെതിരേ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകൾ നിലവിലുണ്ട്. ക്വട്ടേഷൻ കൊടുത്തത് എടക്കാട് സ്വദേശി അഷ്ഹാബാണ്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ബാങ്ക് റോഡിലെ വ്യാപാരിയെ ആക്രമിക്കാനാണ് കാറിൽ യുവതിയടങ്ങുന്ന നാലംഗ ക്വട്ടേഷൻ സംഘം എത്തിയത്. എന്നാൽ വ്യാപാരിയെ ആക്രമിക്കുന്നത് സമീപത്തുണ്ടായിരുന്ന ആളുകൾ തടയുകയായിരുന്നു.തുടർന്ന് ആളുകൾ വിവരമറിയച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
ഇതിനിടയിൽ ക്വട്ടേഷൻസംഘം പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ പോലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. 10 മിനിറ്റ് നീണ്ടു നിന്ന മൽപിടുത്തത്തിന് ശേഷമാണ് പ്രതികളെ പോലീസ് കീഴടക്കിയത്.
ഇതിനിടയിൽ യുവതി ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പോലീസ് പിടികൂടുന്നതിനിടയിൽ പ്രതികളിൽ ഒരാൾ “ബോലോ തക്ബീർ’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതി മുദ്രാവാക്യം വിളിച്ചതോടെ കൂടുതൽ ആളുകൾ പോലീസിനെ വളഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.
രക്ഷപ്പെടുത്താൻ ശ്രമിച്ചവർ വിചാരിച്ചത് സിഎഎ നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ്ചെയ്യുന്നുവെന്നായിരുന്നു. ക്വട്ടേഷൻ സംഘത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ച എറമുള്ളാൻ (42) എന്നയാളെയും ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ മതസൗഹാർദം തകർക്കുന്നതിനും കേസെടുത്തിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തിൽനിന്ന് ഷോക്ക് അടിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഇരകളെ ഷോക്ക് അടിപ്പിച്ച് ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുകയാണ് പുതിയ രീതി.