കണ്ടശാംകടവ് (തൃശൂർ): മാന്പുള്ളിയിൽ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും, മകനും വീടിനുള്ളിൽ മരിച്ച നിലയിൽ .
മാന്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടി മകൻ ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് (40) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ സമീപത്തെ കുടുംബ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരൻ വീടിന്റെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും പുറത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗോപാലന്റെയും മകൻ റിജോയിയുടെയും മൃതദേഹം നടുമുറിയിലും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.
ശാരീരികന്യൂനതയുള്ള ഗോപാലൻ ഒറ്റയ്ക്ക് കൃത്യം നിർവഹിക്കാൻ സാധ്യതയില്ല. മകനോ ഭാര്യയോ ഇയാളെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അന്തിക്കാട് പോലീസിൽ പരാതി നിലനിൽക്കുന്നുണ്ട്. ഇതാകാം മരണകാരണമെന്നാണ് സംശയം. മരിച്ച ഗോപാലൻ കയർ വകുപ്പിൽ ജീവനക്കാരനായിരുന്നു.
ഭാര്യ മല്ലിക കരിക്കൊടി കയർ വ്യവസായ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി വിരമിച്ചതാണ്. വിദേശത്തായിരുന്ന റിജോയ് ഏതാനും മാസങ്ങളായി നാട്ടിലുണ്ട്.
ഗോപാലന്റെ മകൾ: രഹന. റിജോയിയുടെ ഭാര്യ: രമ്യ. മകൻ. ഹൃതിൻ കൃഷ്ണ. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.