ചാലക്കുടി: ആധുനിക മാർക്കറ്റിനുവേണ്ടി നഗരസഭ അവതരിപ്പിച്ച മാസ്റ്റർ പ്ലാൻ വിസ്മൃതിയിൽ. ഇന്നത്തെ കൗൺസിലിന്റെ ആദ്യവർഷത്തിലാണ് ആധുനിക മാർക്കറ്റ് നിർമിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചത്.
സ്വകാര്യ കൺസൾട്ടസിയെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിയോഗിക്കുകയും ചെയ്തു. വൻ തുക നൽകി മാസ്റ്റർ പ്ലാൻ തയാറാക്കി കൗൺസിലിൽ അവതരിപ്പിച്ചെങ്കിലും പിന്നീട് വെളിച്ചം കണ്ടില്ല.
ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെയാണ് ആധുനിക മാർക്കറ്റ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. നിലവിലുള്ള നഗരസഭയുടെ കെട്ടിടങ്ങളും സ്റ്റാളുകളും പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നിർമിക്കാൻ പദ്ധതി തയാറാക്കിയത്.
എന്നാൽ ഇതിന്റെ വിശദമായ പ്രോജക്ട് തയാറാക്കി അയക്കാൻ നഗരസഭയുടെ ഭാഗത്തുനിന്നും തുടർനടപടികളുണ്ടായില്ല. നഗരസഭയുടെ മത്സ്യ – മാംസ സ്റ്റാൾ മാത്രമാണ് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് പുതുക്കി നിർമിച്ചത്. മറ്റുള്ള സ്റ്റാളുകളെല്ലാം വളരെ പഴക്കം ചെന്ന ഷെഡുകളിലാണ് സ്ഥിതി ചെയ്യുന്നത്.
40 വർഷം മുന്പ് നിർമിച്ച മാർക്കറ്റ് കെട്ടിടത്തിന്റെ അവസ്ഥയും ശോചനീയമാണ്. നിരവധി കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ കെട്ടിടം പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന അവസ്ഥയാണ്. മാർക്കറ്റിലെ അറവുശാലയുടെ സ്ഥിതിയും മറ്റൊന്നുമല്ല.
ആധുനിക അറവുശാല നിർമിക്കുമെന്ന പറഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മുൻ കൗൺസിലുകളുടെ കാലത്ത് കേന്ദ്ര സർക്കാരിന്റെ ഐഡിഎസ്എംടി പദ്ധതിയിലുൾപ്പെടുത്തി ആധുനിക അറവുശാല സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയതായിരുന്നു.
എന്നാൽ കൗൺസിൽ മാറിയതോടെ പദ്ധതി നടപ്പിലായില്ല. ഇപ്പോഴത്തെ അറവുശാലയുടെ സ്ഥിതി ശോചനീയമാണ്. പ്രശസ്തമായ ചാലക്കുടി ചന്തയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കച്ചവടക്കാർ എത്തുന്ന സ്ഥലമാണ്.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് ഇവിടെ ചന്ത ദിവസം എന്നാൽ ഇന്നു മാർക്കറ്റിൽ എത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഇനിയും ഏർപ്പെടുത്തിയിട്ടില്ല. പരിമിതമായ സ്ഥലത്താണ് പച്ചക്കറി ചന്തയും മത്സ്യലേലവും കന്നുകാലി ചന്തയും എല്ലാം പ്രവർത്തിക്കുന്നത്.