സ്വന്തം ലേഖകൻ
തൃശൂർ: കൗണ്‍സിലർമാരെ ചട്ടം പഠിപ്പിക്കാൻ വിളിച്ചു ചേർത്ത കൗണ്‍സിൽ യോഗത്തിൽ മേയർക്കു ചട്ടങ്ങളെഴുതിയ പുസ്തകം നൽകി പ്രതിപക്ഷത്തിന്റെ തിരിച്ചടി. നടത്തുന്നത് ഉഡായ്പ്പ് ഭരണമാണെന്നും ആദ്യം ചട്ടത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മേയറും ഭരണാധികാരികളും ചെയ്തു കാണിക്കണമെന്നും ബിജെപിയും യുഡിഎഫ് അംഗങ്ങളും ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളത്തോടെയാണ് കൗണ്‍സിൽ യോഗത്തിന് തുടക്കം കുറിച്ചത്. തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് വിളക്കുകാലിൽ റീത്തുവച്ച് പ്രതീകാത്മക സമരവുമായി ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി.
സ്വരാജ് റൗണ്ടിലെ മേനാച്ചേരി കെട്ടിടം പൊളിക്കാൻ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തുവെന്ന മേയറുടെ പ്രസ്താവന കള്ളമാണെന്നും ഇതു തിരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. ഇതിനിടെ കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ കെട്ടിടം പൊളിക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തതിൽ തെറ്റു പറ്റിയിട്ടുണ്ടെന്നു ഡെപ്യൂട്ടി മേയർ റാഫി ജോസ് പറഞ്ഞിട്ടില്ലെന്ന മേയറുടെ പ്രസ്താവനയ്ക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തി. ആർജവമുണ്ടെങ്കിൽ ഡെപ്യൂട്ടി മേയർ തന്നെ ഇതു തിരുത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ചെങ്കിലും ഡെപ്യൂട്ടി മേയർ അനങ്ങിയില്ല.
ചട്ടങ്ങളുടെ അജ്ഞത മൂലം കോർപറേഷനെ സംബന്ധിച്ച് തെറ്റായ വാർത്തകൾ വരുന്നുണ്ടെന്നും, അതിനാൽ ചട്ടങ്ങളെന്തൊക്കെയാണെന്ന് അറിയാനും ചർച്ച നടത്തി ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുമാണ് അജൻഡ ചർച്ചയ്ക്കു വയ്ക്കു ന്നതെന്നായിരുന്നു ഭരണകക്ഷിയുടെ നിലപാട്.
നൂറുകോടി രൂപ വായ്പയെടുക്കുന്നതിനുവേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് ചട്ടങ്ങൾ എന്തൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചുള്ള അജൻഡയുമായി ഭരണപക്ഷം വന്നതെന്നു പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. എന്തായാലും നൂറു കോടി രൂപ വായ്പയെടുക്കാൻ കൗണ്‍സിൽ അംഗീകാരം നൽകിയെന്നുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദൻ ആവശ്യപ്പെട്ടു.
ഇനി ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ എന്തു വികസനം നടത്താനാണ് ഇത്രയും വലിയ തുക വായ്പയായി എടുക്കുന്നതെന്നു ബിജെപിയിലെ എം.എസ്.സന്പൂർണ ചോദിച്ചു. ഒരു തെരുവുവിളക്കു പോലും കത്തിക്കാൻ കഴിയാത്തവരാണ് നൂറു കോടി വായ്പയെടുത്ത് വികസനം നടത്താൻ പോകുന്നതെന്ന് ബിജെപിയിലെ കെ.മഹേഷും വിൻഷി അരുണ്‍കുമാറും പറഞ്ഞു.
ഉഡായ്പ്പ് വേണ്ട…
ഉഡായ്പ്പ് ഭരണമാണ് നടത്തുന്നതെന്നും കാര്യങ്ങൾ നടത്തുന്നതിന് ആത്മാർഥത വേണമെന്നും മുൻ മേയർ രാജൻ പല്ലൻ പറഞ്ഞു. മുഖം നന്നാകാത്തതിന് കണ്ണാടി തല്ലിപ്പൊളിച്ചിട്ട് കാര്യമില്ല. നൂറു കോടി രൂപ വായ്പയെടുക്കുന്നതു സംബന്ധിച്ച് കൗണ്‍സിൽ ചർച്ച ചെയ്തിട്ടില്ല. മേയറുടെ ചേംബറിൽ പോയിരുന്നു വിഷയം പാസാക്കിയെന്ന് പറഞ്ഞാൽ കാര്യങ്ങൾ നടക്കില്ലെന്നും പല്ലൻ പറഞ്ഞു.
നഗരത്തിൽ കഴിഞ്ഞ ഭരണസമിതി വികസനം നടത്തിയിട്ടുണ്ടോയെന്നു ജനങ്ങളോട് ചോദിച്ചാൽ അറിയാം. ട്രാഫിക് ബ്ലോക്ക് മാറ്റിയാൽ എന്തു വരുമാനം കിട്ടുമെന്ന് എഴുതിവയ്ക്കാൻ നാണമില്ലേ ഭരണസമിതിക്കെന്നു പല്ലൻ ചോദിച്ചു.
തരാമെന്നു പറഞ്ഞ പണം പോലും വാങ്ങിക്കാൻ തയാറാകാതെ വായ്പയെടുക്കാൻ പോകുന്നതിന്റെ പിന്നിലെ കാര്യങ്ങൾ എല്ലാവർക്കും ബോധ്യമാകും. എംജി റോഡിലെ മേൽപാലം പണിയാൻ പണം തരാമെന്നു വ്യവസായി പറഞ്ഞിട്ടും അതു വാങ്ങാൻ ഇതുവരെ തയാറായിട്ടില്ല.
മേയറിന് ചട്ടമറിയുമോ
ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നു മേയർ ആദ്യം പരിശോധിക്കണമെന്ന് പ്രതിപക്ഷത്തെ എ.പ്രസാദ് പറഞ്ഞു. കോർപറേഷനിൽ ചട്ടപ്രകാരമല്ല കാര്യങ്ങൾ നടക്കുന്നത്. ഡിപിസി അംഗത്തിന്റെ മുറിയിൽ കോർപറേഷന്റെ ഫയലുകൾ കൊണ്ടുവയ്ക്കുന്നത് ഏതു ചട്ടത്തിലാണ് പറഞ്ഞിരിക്കുന്നതെന്നു കാണിച്ചു തരണമെന്നു പ്രസാദ് ചോദിച്ചു. യാതൊരു അവകാശവുമില്ലാതെ ഡിപിസി അംഗമായ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിക്ക് മൂന്നു സ്റ്റാഫിനെ നിയമിച്ചിരിക്കുന്നതും ഏതു ചട്ടപ്രകാരമാണെന്നു വ്യക്തമാക്കണം. പിന്നീട്, മേയർ ആദ്യം ചട്ടങ്ങൾ പഠിക്കൂവെന്ന പ്രഖ്യാപനവുമായി ചട്ടങ്ങളെഴുതിയ പുസ്തകം പ്രസാദ് മേയറുടെ മേശപ്പുറത്തു വച്ചു.
ഡിപിസി അംഗമെന്ന നിലയിൽ വർഗീസ് കണ്ടംകുളത്തി ഫയലുകൾ കസ്റ്റഡിയിൽ വയ്ക്കുകയാണെന്നു ലാലി ജെയിംസും ആരോപിച്ചു. പല ഫയലുകളും കിട്ടണമെങ്കിൽ കണ്ടംകുളത്തിയുടെ മുന്പിൽ ക്യൂ നിൽക്കേണ്ട സാഹചര്യമാണ്. ചട്ടങ്ങൾ പഠിപ്പിക്കാനെത്തിയിരിക്കുന്ന മേയർ കോർപറേഷനിൽ ഡിപിസി മെന്പറുടെ അധികാരം എന്താണെന്നു വ്യക്തമാക്കണമെന്നും ലാലി ജെയിംസ് പറഞ്ഞു. കമ്മീഷൻ വാങ്ങാൻ മാത്രമാണ് നൂറു കോടി രൂപ വായ്പയെടുക്കാനുള്ള നീക്കം നടത്തുന്നത്.
മേയർ സ്വന്തം പാർട്ടിക്കാരായ എംഎൽഎയേയും മുൻ എംപിയെയും കുറ്റപ്പെടുത്തി അജൻഡയിൽ എഴുതിയിരിക്കുന്നതു നാണക്കേടാണെന്ന് ടി.ആർ.സന്തോഷ് പറഞ്ഞു. ദിവാൻജിമൂല മേൽപാലവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ എംപിയും എംഎൽഎയും ഇടപെട്ടില്ലെന്നാണ് അജൻഡയിൽതന്നെ പറഞ്ഞിരിക്കുന്നത്. തന്നെ കോർപറേഷൻ അവഗണിക്കുകയാണെന്നു മുൻ എംപി സി.എൻ.ജയദേവൻതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സന്തോഷ് പറഞ്ഞു.
താൻ പറയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപിയിലെ സി.രാവുണ്ണി പറഞ്ഞു. മേനാച്ചേരി കെട്ടിടം പൊളിക്കാൻ താൻ പറഞ്ഞിട്ടില്ല.
ഇതിനിടെ ഭരണകക്ഷിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്നും അതിനാലാണ് അവിശ്വാസം കൊണ്ടുവരാത്തതെന്നും രാവുണ്ണി പറഞ്ഞതു കോണ്‍ഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചു. നൂറുകോടി വായ്പയെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് കോടതിയിൽ പോയിരിക്കുന്നതു വക്കീലിനു പണം കൊടുക്കാൻവേണ്ടി മാത്രമാണെന്നും പറഞ്ഞതോടെ കോണ്‍ഗ്രസ് അംഗങ്ങൾ എഴുന്നേറ്റു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയാൻ അനുവദിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം. ഇതോടെ കുറച്ചുനേരം യോഗം ബഹളത്തിൽ മുങ്ങി.
ഭരണകക്ഷിയംഗങ്ങളായ എം.എൽ.റോസി, അനൂപ് കരിപ്പാൽ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ നൂറുകോടി രൂപ വായ്പയെടുക്കുന്നതിനെ അനുകൂലിച്ചു. വികസന വിരോധികളാണ് വായ്പയെടുക്കുന്നതിനെ തടസപ്പെടുത്തുന്നതെന്നായിരുന്നു ഭരണകക്ഷിയംഗങ്ങളുടെ വാദം. പ്രതിപക്ഷാംഗങ്ങളായ ഫ്രാൻസിസ് ചാലിശേരി, വത്സല ബാബുരാജ്, ജേക്കബ് പുലിക്കോട്ടിൽ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.