ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയിൽ മത്തിക്കായലിലേക്ക് 200-ൽ പരം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലിന്യം തള്ളി. മാലിന്യംതള്ളിയ ആളെ മണിക്കൂറുകൾക്കകം പിടികൂടി. ഇയാളെക്കൊണ്ട് തന്നെ മാലിന്യം മത്തിക്കായലിൽ നിന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്ന് തിരിച്ചെടുപ്പിച്ചു.
മാലിന്യംതള്ളിയ ബ്ലാങ്ങാട് ബീച്ച് സ്വദേശിയെ ശനിയാഴ്ച അറസ്റ്റുചെയ്യുമെന്ന് എസ്ഐ കെ.പി. ആനന്ദ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ഹോട്ടലുകളിലെയും കാറ്ററിംഗ് സ്ഥാപനങ്ങളിലെയും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യംനിറച്ച പ്ലാസ്റ്റിക് കവറുകൾ ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു പടിഞ്ഞാറ് മത്തിക്കായലിൽ നാട്ടുകാർ കണ്ടത്.
ചാവക്കാട് എഎസ്ഐ വിൽസൻ ചെറിയാന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. പ്ലാസ്റ്റിക് കവറുകളിൽനിന്ന് ഗുരുവായൂരിലെ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ചില കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ബില്ലുകൾ കണ്ടെത്തിയതോടെയാണ് മാലിന്യംതള്ളിയ ആളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇയാളെക്കൊണ്ട് തന്നെ മാലിന്യം എടുപ്പിക്കുകയായിരുന്നു.
ഒരു കവർ മാലിന്യത്തിന് 120-150 രൂപ നിരക്കിലാണ് ഇയാൾ മാലിന്യം ഹോട്ടലുകളിൽനിന്നും മറ്റും എടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് സി. മുസ്താഖലി, പഞ്ചായത്ത് മെന്പർമാരായ കെ.ഡി. വീരമണി, എം.കെ. ഷണ്മുഖൻ, പൊതുപ്രവർത്തകരായ സി.വി. ശശിധരൻ, കെ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യാൻ നടപടിയെടുപ്പിച്ചത്. കടപ്പുറം പഞ്ചായത്ത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരായ സനൽ, സെബി വർഗീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.