സ്വന്തം ലേഖകൻ
തൃശൂർ: “കഴുതക്കാമം കരഞ്ഞുതീർക്കും’ എന്ന പദപ്രയോഗം സഭ്യമാണോ എന്നതായിരുന്നു കർശനനിയന്ത്രണമുള്ള കൊറോണക്കാലത്തു കോർപറേഷനിൽ വിളിച്ചുചേർത്ത കൗണ്‍സിൽ യോഗത്തിലെ പ്രധാന ചർച്ച.
കഴുതക്കാമം പറഞ്ഞു തീർക്കാനെടുത്തതു രണ്ടുമണിക്കൂർ. പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാൻ ലക്ഷ്യമിട്ടു ഭരണപക്ഷം കൊണ്ടുവന്ന ഒന്നാം അജൻഡയ്ക്കിടെ കോവിഡിനും പിടിച്ചുനിൽക്കാനായില്ല.
മുൻ പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദന്റെ പരാതി അജൻഡയായി ചർച്ചയ്ക്കെടുത്തപ്പോൾ കോവിഡ് വിഷയം നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.
കഴിഞ്ഞദിവസം കോർപറേഷൻ പ്രതിപക്ഷനേതാവിന്റെ മുറിയിൽ നടന്ന കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലെ തമ്മിൽത്തല്ലും ചർച്ചാവിഷയമായി.
വനിതാകൗണ്‍സിലറെ കോണ്‍ഗ്രസുകാർ മർദിച്ചെന്നു പറഞ്ഞ് ഭരണപക്ഷം കോണ്‍ഗ്രസിനെ കണക്കിനു പ്രഹരിച്ചു. കോർപറേഷന് അകത്തു നടന്ന കാര്യമായതിനാൽ ചർച്ചചെയ്യാതെ കഴിയില്ലെന്നു ബിജെപിയിലെ എം.എസ്. സന്പൂർണയും പറഞ്ഞു.
മുൻ കൗണ്‍സിലുകളിൽ ഭരണപക്ഷക്കാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെടുത്തിട്ട് പ്രതിപക്ഷം തിരിച്ചടിച്ചു. രണ്ടു വിഷയത്തിലും ഉൾപ്പെട്ട ടി.ആർ.സന്തോഷിന്റെകൂടി വിശദീകരണം കേട്ടശേഷം നടപടി പിന്നീടു തീരുമാനിക്കുമെന്നു മേയർ അജിത ജയരാജൻ വ്യക്തമാക്കി.
“കഴുതക്കാമം’ പ്രയോഗത്തിനു പല അർഥങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ പോലീസ് നടപടി അനിവാര്യമെന്നും എം.കെ. മുകുന്ദൻ പറഞ്ഞു. സന്തോഷിനു പറയാനുള്ളതും കേൾക്കേണ്ടിവരുമെന്നും വീണ്ടും ചർച്ചയാകാമെന്നുമായിരുന്നു വർഗീസ് കണ്ടംകുളത്തിയുടെ നിലപാട്.
അടുത്ത കുറേ കൗണ്സിലുകളിൽകൂടി ഈ വിഷയം ഒന്നാം അജൻഡയാക്കി ചർച്ചചെയ്യാനാണോ ഉദ്ദേശിക്കുന്നതെന്ന് സി.ബി.ഗീത പരിഹസിച്ചു. രണ്ടുമണിക്കൂർ ചർച്ച വലിച്ചുനീട്ടിയതിനു ഭരണപക്ഷം തൃശൂർ ജനതയോടു മാപ്പുചോദിക്കണമെന്നായി ഗീത.
കോണ്‍ഗ്രസിലെ വഴക്കു ചർച്ചയാക്കാതെ പറ്റില്ലെന്നു സിപിഎമ്മിലെ പ്രേമകുമാരനും സതീഷ് ചന്ദ്രനും അനൂപ് കരിപ്പാലും വാദിച്ചു.
പലർക്കും വ്യത്യസ്ത സ്വഭാവം: പ്രതിപക്ഷനേതാവ്
പലർക്കും പലവിധ സ്വഭാവമുണ്ടാകുമെന്നും ചിലർ പ്രത്യേകരീതിയിൽ പ്രതികരിക്കുമെന്നും വിശദീകരിച്ച പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, പ്രശ്നമുണ്ടായാൽ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നു വ്യക്തമാക്കി. അതിനു കഴിയുന്നില്ലെങ്കിൽ നിയമവഴി തേടാം.
കോണ്‍ഗ്രസ് കൗണ്‍സിലർ ലാലി ജെയിംസിന് എതിരേ പരോക്ഷമായി ബിജെപി കൗണ്‍സിലർ വി.രാവുണ്ണി നടത്തിയ പരാമർശത്തിൽ ജോണ്‍ ഡാനിയൽ ശക്തമായി പ്രതിഷേധിച്ചു. പലരുമായും ഉടക്കിയ വ്യക്തികളെ ആസൂത്രിതമായി ചിലർ ഇളക്കിവിടുകയാണെന്നായിരുന്നു രാവുണ്ണിയുടെ ആക്ഷേപം.
കോമഡി കൗണ്‍സിൽ: ഷീബ ബാബു
അജൻഡ വച്ചല്ല ഇത്തരം വിഷയത്തിൽ ചർച്ച വേണ്ടതെന്നും മേയർ ഇരുവിഭാഗത്തേയും വിളിച്ചു സംസാരിച്ചാണ് പരിഹാരമുണ്ടാക്കേണ്ടതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഷീബ ബാബു നിർദേശിച്ചു.
വിലപ്പെട്ട സമയം ഇത്തരം കാര്യങ്ങളുടെ ചർച്ചയ്ക്കായി നീക്കിവച്ച് കോമഡി കൗണ്‍സിലാക്കി മാറ്റരുത്.
മുന്‍പ് ആർ.ബിന്ദു മേയറായിരിക്കേ സിപിഎമ്മിലെ എ.ജി. രാധാകൃഷ്ണൻ വനിതാകൗണ്‍സിലർ എം.എൽ. റോസിക്കെതിരേ നടത്തിയ ചൊറിച്ചിൽ പരാമർശം മേയറുടെ ചേംബറിൽ ചർച്ചചെയ്താണ് പരിഹരിച്ചതെന്നു ഷീബ വിശദീകരിച്ചു.
ആ രീതിയാണ് പിന്തുടരേണ്ടതെന്നും അവർ പറഞ്ഞു.ശകുനിമാരുടെ കരുനീക്കമാണ് വിഷയം പർവതീകരിക്കുന്നതെന്നായിരുന്നു ഫ്രാൻസിസ് ചാലിശേരിയുടെ പരാതി.
ബിജെപിയിൽ ഭിന്നത
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനിടെയുണ്ടായ മർദനം സാംസ്കാരിക നഗരിക്കു നാണക്കേടുണ്ടാക്കിയതായും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലർ കെ.മഹേഷ് കൗണ്‍സിലിൽ പ്രമേയം അവതരിപ്പിച്ചു.
എന്നാൽ പാർട്ടിയുടെ ആറു കൗണ്‍സിലർമാരിൽ വി.രാവുണ്ണി അനുകൂലിച്ചില്ല. ഭരണപക്ഷമാണ് സംഘർഷത്തിനു പിറകിലെന്ന നിലപാടിലാണ് അദ്ദേഹം. ഭരണപക്ഷ നിലപാടിനൊപ്പമായിരുന്നു എം.എസ്.സന്പൂർണയും മഹേഷും.