സ്വന്തം ലേഖകൻ
തൃശൂർ: റോഡ് നന്നാക്കാൻ മേയർ തന്ന ഉറപ്പ് പാലിക്കാൻ ഇനി രണ്ടു നാൾ, പുഴയ്ക്കൽ പാലം തുറക്കാൻ ഇനി പത്തുനാൾ, ബസുകൾ സമരത്തിലേക്ക് നീങ്ങാൻ ഇനി ഒന്‍പതു നാൾ…..തൃശൂരിൽ റോഡിന്റെയും പാലത്തിന്റെയുമൊക്കെ പേരിലുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു.
തകർന്ന റോഡുകൾ ആറു ദിവസത്തിനകം മഴക്കാലത്ത് പ്രത്യേകമായി ഉപയോഗിക്കുന്ന ടാർ ഉപയോഗിച്ച് നന്നാക്കുമെന്ന മേയർ അജിത വിജയന്റെ പ്രഖ്യാപനം വന്ന് നാലു ദിവസം പിന്നിട്ടിരിക്കുന്നു. ഇനി രണ്ടു ദിവസം മാത്രമാണ് പ്രഖ്യാപനം നടപ്പാക്കാൻ ്അവശേഷിക്കുന്നത്.
പുഴയ്ക്കലിൽ പണി തീർത്ത പാലം ചെറിയ വാഹനങ്ങൾക്കെങ്കിലും തുറന്നുകൊടുക്കുന്നത് സംബന്ധിച്ച വിവാദത്തിനും കോണ്‍ഗ്രസിന്റെ രാപ്പകൽ സമരത്തിനും വിരാമമായത് പാലം അടുത്തമാസം രണ്ടിന് തുറന്നുകൊടുക്കുമെന്ന മന്ത്രിയുടെ ഉറപ്പിൻമേലാണ്. ഇനി പാലം തുറക്കാൻ പത്തുദിവസം ബാക്കി.അതിനിടെ ഒരുവിഭാഗം ബസുടമകൾ പത്തുദിവസത്തിനകം തൃശൂരിലെ തകർന്ന റോഡുകൾ നന്നാക്കിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന അന്ത്യശാസനം മുഴക്കിയിട്ടുമുണ്ട്.
ഇനിയുള്ള പത്തുനാളുകൾ തൃശൂരിനെ സംബന്ധിച്ച് പലതിന്റെയും തീരുമാനങ്ങൾ നടപ്പാക്കാനുള്ള ദിവസങ്ങളാണ്.
തൃശൂർ നഗരത്തിൽ തകർന്നുകിടക്കുന്ന റോഡുകൾ നന്നാക്കുന്ന പണികൾ മഴ മൂലം ആരംഭിച്ചിട്ടില്ല. ഗട്ടറുകൾ നികത്തുന്ന പണികളാണ് ആറു ദിവസത്തിനകം ചെയ്യുമെന്ന് മേയർ പ്രഖ്യാപിച്ചിരുന്നത്.
പുഴയ്ക്കൽ പാലത്തിന്റെ പേരിൽ കോണ്‍ഗ്രസ് ആരംഭിച്ച 24 മണിക്കൂർ രാപ്പകൽ സമരം പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒരു പകൽ തീരും മുന്‍പേ അവസാനിച്ചത്. സെപ്റ്റംബർ രണ്ടിന് പാലം തുറന്നുകൊടുക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ബസുടമകൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പത്തുദിവസമാണ് അധികൃതർക്ക് സമയം നൽകിയിരിക്കുന്നത്. ഈ സമയം കഴിഞ്ഞാൽ സമരമെന്നാണ് ഒരുവിഭാഗം ബസുടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാൻ റോഡ് നന്നാക്കാൻ അഞ്ചിന പദ്ധതി പ്രഖ്യാപിച്ച് ഒരുമാസം പിന്നിടുകയും ചെയ്തു.