തൃശൂർ: സ്വകാര്യ ആശുപത്രിയിൽ ജോലി നൽകാമെന്നു പറഞ്ഞ് പുതുക്കാട് സ്വദേശിനിയും നഴ്സുമായ യുവതിയിൽനിന്നും 60,000 രൂപ തട്ടിയെടുത്തു. തൃശൂരിലെ സ്വകാര്യ ആശുപത്രിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് ഓണ്‍ലൈൻ തട്ടിപ്പുകാർ പണം തട്ടിയത്.
ജോലി ശരിയാക്കിനൽകുന്ന ഏജൻസി എന്ന നിലയിലാണ് യുവതിയെ ഫോണിലൂടെ ആദ്യം ബന്ധപ്പെട്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയു കെയർസ്റ്റാഫ് നഴ്സിന്റെ ഒഴിവുകൾ ഉണ്ടെന്നും ആശുപത്രി തങ്ങളുടെ ഏജൻസിയെയാണ് ജോലിക്കാരെ തെരഞ്ഞെടുക്കാൻ ഏൽപ്പിച്ചിട്ടുള്ളതെന്നും ഓണ്‍ലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
രജിസ്ട്രേഷന് ആവശ്യപ്പെട്ടതു ചെറിയ തുകയായതിനാൽ ഓണ്‍ലൈൻ ബാങ്കിംഗ് വഴി നൽകി. പിറ്റേന്നു ഫോണിലൂടെ ഇന്റർവ്യൂവും ജോലി അഭിരുചി പരീക്ഷയും നടത്തി വിശ്വാസം നേടി. ഇതിന്റെ ചെലവിലേക്ക് 10,000 രൂപ കൂടി ആവശ്യപ്പെട്ടു.
അതും ഓണ്‍ലൈൻ വഴി അടച്ചു. ഇതിനകം പെണ്‍കുട്ടി വിദ്യാഭ്യാസ യോഗ്യതയും തൊഴിൽപരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സ്ഥാപനം നൽകിയ ഇ-മെയിൽ വിലാസത്തിൽ അയച്ചുനൽകി.
ആശുപത്രി അധികൃതർ പെണ്‍കുട്ടിയെ ജോലിക്കു തെരഞ്ഞെടുത്തതായും രണ്ടു ദിവസത്തിനകം ജോലിക്കു ഹാജരാകാനുള്ള ഉത്തരവ് ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.
ഏജൻസി ഫീസ് ഇനത്തിൽ 50,000 രൂപകൂടി ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താരതമ്യേന ഉയർന്ന ശന്പളം വാഗ്ദാനം ചെയ്തതിനാൽ ആ തുക കൂടി ബാങ്കിൽ അടച്ചു. പിറ്റേന്ന് ഇ-മെയിൽ മുഖേന നിയമന ഉത്തരവ് അയച്ചുനൽകി.
ഈ ഉത്തരവുമായി പെണ്‍കുട്ടിയും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴാണ് തട്ടിപ്പു പുറത്തായത്. തുടർന്ന് ആശുപത്രി അധികൃതർ സിറ്റി പോലീസിനു പരാതി നൽകി.
പോലീസിന്റെ സൈബർസെൽ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനു പിന്നിൽ സൈബർ കുറ്റവാളികളാണെന്നു ബോ ധ്യമായത്.
ഓണ്‍ലൈൻ വഴി നൽകുന്ന സ്വകാര്യ വിവരങ്ങളാണ് തട്ടിപ്പുകാരുടെ കൈവശം എത്തുന്നത്. പണമിടപാട് നടത്തുന്നതിനു മുന്‍പ് സ്ഥാപനത്തിന്റെ ഫോണ്‍ നന്പറിൽ ബന്ധപ്പെടുകയോ യഥാർഥ വെബ്സൈറ്റ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുകയോ ചെയ്യണമെന്നു പോലീസ് അറിയിച്ചു.