മേലൂർ: ഒരു ഭാഗത്ത് വളർത്തുകോഴികൾക്ക് ഒപ്പം ചങ്ങാത്തംകൂടിയും മറുഭാഗത്തു കൃഷികൾ നശിപ്പിച്ചും മയിലുകൾ.
മേലൂർ പിണ്ടാണി യിലാണു നാലുമാസം മുന്പ് അഞ്ചു ചെറു പക്ഷിക്കുഞ്ഞുങ്ങളെ നാട്ടുകാർ കണ്ടെത്തിയത്.
ഏതു പക്ഷിയുടെ കുഞ്ഞാണെന്നു മനസിലായില്ല. വീടുകളിൽ വളർത്തുന്ന കോഴികൾക്കു തീറ്റ നൽകുന്പോൾ ഇവയും ഒപ്പം നിന്ന് ഭക്ഷിക്കുക പതിവായിരുന്നു.
തുടർന്ന് കുഞ്ഞുങ്ങളുടെ വളർച്ചയിലും നിറത്തിലും ശബ്ദത്തിലും മാറ്റം വന്നു തുടങ്ങിയപ്പോഴാണു മയിലുകളാണെന്നു നാട്ടുകാർക്കു മനസിലായത്.
നിലവിൽ പ്രദേശത്തെ കോഴികൾക്കൊപ്പം ചങ്ങാത്തം കൂടിയാണു നടപ്പ്. മയിലുകൾ വലുതായെങ്കിലും ഇവ ഇതുവരെയും കോഴികളെ ഉപദ്രവിച്ചിട്ടില്ലത്രേ.
പാലപ്പിള്ളി, പൂത്തുരത്തി, അടിച്ചിലി പ്രദേശങ്ങളിലെല്ലാം ഇടതൂർന്ന പൊന്തക്കാടുകളും കൃഷിയിടങ്ങളുമുള്ളതുകൊണ്ടുതന്നെ ധാരാളം മയിലുകൾ കൂട്ടത്തോടെ എത്തുന്നതു കൗതുകത്തിനൊപ്പം കർഷകരിൽ ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
തങ്ങളുടെ കൃഷിയിടങ്ങളിലെ പയറുവർഗങ്ങൾ തുടങ്ങി വിവിധതരം വിളകൾ കൊത്തി നശിപ്പിക്കുന്നതായി കർഷകർ
പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും സ്വാഭാവിക വനം നശിച്ചുകൊണ്ടിരിക്കുന്നതും നാട്ടിലെ മണ്ണിന്റെ ആർദ്രത കുറയുന്നതുമെല്ലാം മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.