പനങ്ങാട്: കുസൃതികളെ മെരുക്കാൻ ക്ലാസ് ടീച്ചർ പ്രയോഗിച്ച തന്ത്രം ഹിറ്റായി; പാഴ്കടലാസിൽ പിറന്നതു കൗതുകക്കാഴ്ച. ശ്രീനാരായണപുരം പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിലാണ് ടീച്ചറുടെ തന്ത്രം.
ക്ലാസിൽ ഇരിപ്പുറയ്ക്കാത്ത കുസൃതികളെ മര്യാദ രാമൻമാരാക്കുവാനായാണ് ക്ലാസ് ടീച്ചർ സിംപിൾ തന്ത്രം പ്രയോഗിച്ചത്. പല മാർഗങ്ങളും പരീക്ഷിച്ച് തോറ്റിടത്താണ് കടലാസ് സൂത്രം വിജയം കണ്ടത്. വായിച്ചു കഴിഞ്ഞ പത്രങ്ങൾ ഉപയോഗിച്ച് കൗതുക വസ്തുക്കൾ നിർമിക്കുന്നതു കുട്ടികളെ ഏറെ ആകർഷിച്ചു.
ഒഴിവു സമയങ്ങളിലെല്ലാം കടലാസുമായി മല്ലിട്ട കുട്ടികൾ കൊച്ചു സൈക്കിൾ മാതൃക ഉൾപ്പടെ കരകൗശല വസ്തുക്കൾ നിർമിച്ചു. മലയാളം അധ്യാപികയായ സിംപിൾ ക്രാഫ്റ്റ് വിഷയത്തിലും വിദഗ്ധയാണ് . ടീച്ചറുടെ തന്ത്രം വിജയിച്ചതോടെ കുട്ടികൾ ഒന്നടങ്കം കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന തിരക്കിലാണ് .