തൃശൂർ: നാലു പതിറ്റാണ്ടായി മേളത്തിലലിഞ്ഞാണു ജീവിതമെങ്കിലും തങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിച്ചതു തൃശൂർ പൂരം തന്നെയാണെന്നു തിരുവന്പാടി- പാറമേക്കാവ് മേള പ്രമാണിമാർ പറഞ്ഞു. തൃശൂർ പ്രസ്ക്ലബിൽ മേള പ്രമാണിമാരായ തിരുവന്പാടിയുടെ കിഴക്കൂട്ട് അനിയൻമാരാർ, കോങ്ങാട് മധു (പഞ്ചവാദ്യം), പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടൻമാരാർ, പരയ്ക്കാട് തങ്കപ്പൻ (പഞ്ചവാദ്യം) എന്നിവരുടെ സംഗമത്തിലാണു മേളത്തിന്റെ പിന്നിലെ ബുദ്ധിമുട്ടുകളും ആവേശവുമൊക്കെ പങ്കുവച്ചത്.
പെരുവനം കുട്ടൻമാരാർ
എല്ലാ പൂരങ്ങളിലും കൊട്ടുന്നതു പോലെയാണു തൃശൂർ പൂരത്തിലും കൊട്ടുന്നത്. പക്ഷേ എല്ലായിടത്തുനിന്നും വ്യത്യസ്തമായ അനുഭവമാണു തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിനു പ്രാമാണ്യം വഹിക്കുന്പോൾ ഉണ്ടാകുന്നതെന്നു പെരുവനം കുട്ടൻമാരാർ പറഞ്ഞു. ഇത്തവണ 21-ാമത്തെ പ്രാവശ്യമാണ് ഇലഞ്ഞിത്തറ മേളത്തിനു പ്രാമാണ്യം വഹിക്കുന്നത്. പാറമേക്കാവിന്റെ എഴുന്നള്ളിപ്പിൽ ഉച്ചയ്ക്ക് 12.30 മുതൽ ഒന്നു വരെ പാണ്ടി കൊട്ടി ചെന്പടമേളം. പിന്നെ ഒന്നു മുതൽ പാണ്ടിമേളം. പിന്നെ കൂട്ടിപ്പെരുക്കൽ.
രണ്ട് കലാശം കഴിയുന്നതോടെ എഴുന്നള്ളിപ്പ് ഇലഞ്ഞിത്തറയിലെത്തും. തുടർന്ന് ഇലഞ്ഞിത്തറ മേളത്തിന്റെ ആവേശത്തിലേക്ക്. കഴിഞ്ഞ 20 വർഷവും പൂർവികർ സഞ്ചരിച്ച പാതയിലൂടെ തന്നെയാണ് ഇലഞ്ഞിത്തറ മേളത്തിനു പ്രാമാണിത്തം നൽകിയത്. ഇത്തവണയും ഇതേ വഴി തന്നെയാകും സ്വീകരിക്കുകയെന്നും പെരുവനം പറഞ്ഞു.
കിഴക്കൂട്ട് അനിയൻമാരാർ
എല്ലാ മേളങ്ങൾക്കും ഒരേ പ്രാധാന്യമാണെന്നു കഴിഞ്ഞ എട്ടു വർഷമായി തിരുവന്പാടി മേളത്തിന്റെ പ്രമാണിയായ കിഴക്കൂട്ട് അനിയൻമാരാർ പറഞ്ഞു. മേളം കൂട്ടായ്മയാണ്. സ്വന്തം കഴിവിനു പ്രാധാന്യമില്ല. എല്ലാവരുടെയും സഹകരണത്തോടെയാണു മേളം വിജയിക്കൂവെന്ന് അനിയൻമാരാർ പറഞ്ഞു. മേളം ആസ്വദിക്കാനെത്തുന്നവരുടെ ആവേശം കാണുന്പോൾ മേളക്കാരുടെ ആവേശവും കൂടാറുണ്ട്. പക്ഷേ താളം കൈവിട്ടു പോകാതെ തന്നെ അവരുടെ ആവേശത്തിന് കൂടെ ചേരും.
പഞ്ചവാദ്യത്തെ പുകഴ്ത്തി പെരുവനം
പഞ്ചവാദ്യത്തിൽനിന്നുള്ള ശബ്ദസുഖം വേറെ എവിടെനിന്നും കിട്ടില്ല. ശ്വസിക്കുന്ന താളത്തെ പോലെ താളാധിഷ്ഠിതമാണ് പഞ്ചവാദ്യം. മേളം അറിഞ്ഞാസ്വദിക്കണമെങ്കിൽ ഘട്ടങ്ങൾ അറിയണം. ഒട്ടു മിക്കവർക്കും അതറിയില്ല. പഞ്ചവാദ്യത്തിൽ മേളക്കാരന് തന്റേതായ കഴിവു കാണിക്കാനുള്ള അവസരമുണ്ട്. എന്നാൽ സിംഫണിയായ ഇലഞ്ഞിത്തറ മേളത്തിൽ എല്ലാം ഒരുപോലെയാകണം താളം. എവിടെയെങ്കിലും താളം തെറ്റുകയോ ശബ്ദം കുറയുകയോ ചെയ്യുന്പോഴാണ് താൻ കണ്ണിറുക്കുന്നതും ഗൗരവത്തോടെ നോക്കുകയും ചെയ്യുന്നതെന്ന് പെരുവനം കുട്ടൻമാരാർ പറഞ്ഞു.
പരയ്ക്കാട് തങ്കപ്പൻമാരാർ
ഇലഞ്ഞിത്തറ മേളത്തിനുള്ള പ്രാധാന്യം തന്നെ രാത്രിയിൽ പാറമേക്കാവിൽ നടക്കുന്ന പഞ്ചവാദ്യത്തിനുണ്ടെന്നു പ്രമാണി പരയ്ക്കാട് തങ്കപ്പൻമാരാർ പറഞ്ഞു. തിരുവന്പാടിയിൽനിന്നു വരെ ആളുകൾ ഇവിടെയെത്തി രാത്രി പഞ്ചവാദ്യം ആസ്വദിക്കുന്നത് പതിവാണ്. പക്ഷേ രാത്രിയായതിനാൽ പ്രാധാന്യം ലഭിക്കുന്നില്ലെന്നു മാത്രം.
17-ാമത്തെ തിമിലക്കാരനായാണ് എത്തിയതെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി പഞ്ചവാദ്യത്തിലെ പ്രമാണിത്വം വഹിക്കാനുള്ള ഭാഗ്യമുണ്ടായെന്നു പരയ്ക്കാട് വ്യക്തമാക്കി. താളബോധമുള്ളവരുള്ളതുകൊണ്ടാണ് പഞ്ചവാദ്യം ഇത്രയും ആകർഷകമാകുന്നത്. 90 ശതമാനം പേർക്കും കാലങ്ങൾ മാറുന്നത് അറിയില്ലെങ്കിലും താളത്തിലലിഞ്ഞു നിൽക്കുന്നതു കാണുന്പോൾ കൊട്ടുന്ന തങ്ങൾക്കും ആവേശമാണുണ്ടാകുന്നത്.
കോങ്ങാട് മധു
നാലു പതിറ്റാണ്ടായി പഞ്ചവാദ്യത്തിലലിഞ്ഞുള്ള ജീവിതം മൂലം പ്രസിദ്ധമായ മഠത്തിൽ വരവിന്റെ മേളത്തിനു പ്രമാണിത്വം വഹിക്കുന്നതിൽ മനസ് നിറഞ്ഞ സന്തോഷമാണ്. സഹപ്രവർത്തകരുടെ സഹകരണമാണു പഞ്ചവാദ്യം ഇത്രയും മനോഹരമാകാൻ കാരണം. ഇത്തവണ വളരെ സീനിയറായ കലാകാരന്മാർ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനുള്ളതിനാൽ ആത്മവിശ്വാസം കൂടുകയാണെന്നും കോങ്ങാട് മധു പറഞ്ഞു.