തൃശൂർ: റോഡുകളിൽ മരണക്കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികാരികൾക്ക് ഒരു കുലുക്കവുമില്ല. ബൈക്കുകളിൽ സഞ്ചരിക്കുന്ന നിരവധി പേരാണ് കുഴികളിൽ വീണ് പരിക്കേറ്റ് ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇരുപതിലധികം പേരാണ് കുഴികളിൽ വീണ് പരിക്കേറ്റ് കിടക്കുന്നത്. പുതുക്കാട് ഒരാൾ കുഴിയിൽ വീണ് മരിച്ചു. എന്നിട്ടും ബന്ധപ്പെട്ടവർ നടപടികളെടുക്കാതെ മഴയുടെ പേരിൽ രക്ഷപെടുകയാണിപ്പോൾ.
ടോൾ പിരിക്കുന്ന നാലുവരി പാതയും കുഴികളാൽ നിറഞ്ഞു കഴിഞ്ഞു. ഇവിടെയും രാത്രി കാലങ്ങളിൽ കുഴികളിൽ വീണ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. ടോൾ പിരിക്കുന്ന കന്പനി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമന്നതാണ് വ്യവസ്ഥ. ഇത് ലംഘിച്ചാൽ ടോൾ കന്പനിക്കെതിരെ കേന്ദ്രസർക്കാരിന് നടപടിയെടുക്കാം. എന്നാൽ ഇവിടെ ആരും ചോദിക്കാനും പറയാനുമില്ലാത്ത സാഹചര്യാണ്. തദ്ദേശിയർക്കുള്ള ടോൾ സൗജന്യം വരെ എടുത്തു കളിഞ്ഞിരിക്കയാണിപ്പോൾ.
തൃശൂർ നഗരത്തിലും റോഡിലെ കുഴികൾ വില്ലനായി മാറിയിരിക്കയാണ്. മഴ പെയ്ത് വെള്ളം കിടക്കുന്നതിനാൽ കുഴിയുടെ ആഴം മനസിലാകാതെ പലരും വീഴുന്നുണ്ട്. കുടുംബമായി ബൈക്കിൽ യാത്ര ചെയ്യുന്നവരാണ് വൻ അപകടങ്ങളിൽ പെടുന്നത്. മഴ മാറിയാൽ മാത്രമേ റോഡ് ടാർ ചെയ്യാൻ സാധിക്കൂവെന്നാണ് കോർപറേഷൻ അധികാരികളുടെ വിശദീകരണം. എന്നാൽ മഴ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് റോഡിന്റെ ടാറിംഗ് നടത്താൻ കഴിയാത്തതാണ് കഴിവുകേടെന്ന് ചുണ്ടിക്കാണിക്കുന്നത്.
മഴയ്ക്കുമുന്പേ റോഡിലുണ്ടാകുന്ന ചെറിയേ ഗട്ടറുകൾ അറ്റകുറ്റപ്പണികൾ നടത്തിയാൽ പിന്നെ ഇത്രയും വലിയ കുഴികൾ ഉണ്ടാകില്ലെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ എല്ലാ കാലത്തും ഭരണാധികാരികൾ മഴയുടെ പേരിലാണ് ജനങ്ങളെ കുഴിയിൽ ചാടിക്കുന്നത്.
മഴയറിഞ്ഞുള്ള ടാറിംഗ് വൈദഗ്ധ്യം എൻജിനിയർമാർക്ക് ഇല്ലാത്തത് ആയിരക്കണക്കിന് ജനങ്ങളെയാണ് കഷ്ടത്തിലാക്കുന്നത്. രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞും മറ്റും വീടുകളിലേക്ക് മടങ്ങുന്നവരാണ് കുഴികളിൽ വീഴുന്നതിൽ അധികം പേരും. പലപ്പോഴും മറ്റു വാഹനങ്ങളുടെ മുന്പിലേക്കാണ് ഇവർ വീഴുന്നതെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്.