തിരുവനന്തപുരം: വ്യാജവിവാഹ സർട്ടിഫിക്കറ്റ് നിർമിച്ച് യുവതിയെ മാലി സ്വദേശിയ്ക്ക് വിവാഹം ചെയ്തു കൊടുത്ത് പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി.
വള്ളക്കടവ് സ്വദേശി ഹാജ നിസാമുദീൻ (48), മുട്ടത്തറ വടുവത്ത് കോവിൽ സ്വദേശി ആനന്ദ് (41) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ പ്രധാന പ്രതിയായ മണക്കാട് ഗംഗാ നഗറിൽ ഡോ.അസീസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് ചികിത്സയ്ക്ക് എന്ന പേരിൽ എത്തിയ മാലി സ്വദേശിയായ യൂസഫ് അബ്ദുൾ കരീമിൽ നിന്ന് സംഘം 2000 ഡോളർ വാങ്ങി ഭർത്താവ് ഉപേക്ഷിച്ച യുവതിയുമായി വിവാഹം നടത്തിയെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് ഒാൾ ഇന്ത്യ മുസ്ലിം കൗൺസിൽ എന്ന സംഘടനയുടെ പേരിലുള്ള വ്യാജലെറ്റർ പാഡിൽ വിവാഹം മുസ്ലീം ജമാഅത്ത് ഹാളിൽ വച്ച് നടത്തിയതായുള്ള വ്യാജവിവാഹ സർട്ടിഫിക്കറ്റ് വാങ്ങിയെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് മാലിയിലേയ്ക്ക് പോയ ദമ്പതികൾ മാലി സർക്കാർ അഥോറിറ്റിയ്ക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ അധികൃതർ തിരുവനന്തപുരം ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസർ (എഫ്ആർആർഒ) വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഒളിവിൽ പോയ ഡോ.അസീസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജവിവാഹ സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തു.
പ്രതികൾ സമാനരീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അനിൽദാസിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ സി.ബിനു, എസ്ഐമാരായ സജു ഏബ്രഹാം, സെൽവിയസ് രാജ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.