ഋഷി
പാലഭിഷേകങ്ങളില്ല, കൊട്ടുംകുരവയും കാവടിയാട്ടങ്ങളുമില്ല..പടുകൂറ്റൻ ഫ്ളെക്സ് ബോർഡുകളും പരസ്യപ്രചാരണ കോലാഹലങ്ങളുമില്ല…അഞ്ഞൂറോളം സ്ക്രീനുകളിൽ പ്രദർശനവുമില്ല. പക്ഷെ ഇതും സിനിമ തന്നെയാണ്. പ്രേക്ഷകർക്കായി ഒരുക്കിയ സിനിമ. കെട്ടുകാഴ്ചകളും ആലഭാരങ്ങളുമില്ലാതെ കഥയുടെ കരുത്തും ക്രാഫ്റ്റിന്റെ മികവും കൊണ്ട് നട്ടെല്ലുവളയാതെ തലയുയർത്തി നിൽക്കുന്ന ഒരു നല്ല സിനിമ – രക്തസാക്ഷ്യം.
മലയാള സിനിമയിൽ നിരവധി നല്ല സിനിമകൾ പിറവി കൊണ്ട നാടാണ് തൃശൂർ. ജനറേഷൻ ഗ്യാപ്പില്ലാതെ തൃശൂരിൽ നിന്ന് സിനിമകൾ വന്നുകൊണ്ടേയിരിക്കുന്പോൾ അതിലെ ഏറ്റവും പുതിയ ചിത്രമാണ് രക്തസാക്ഷ്യം.
പ്രഗല്ഭരായ പല സംവിധായകർക്കൊപ്പം വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള ബിജുലാലാണ് രചനയും സംവിധാനവും.
സിനിമ വെറുമൊരു നേരന്പോക്കല്ല എന്ന് വിശ്വസിക്കുന്ന, സിനിമയെ അഗാധമായി സ്നേഹിക്കുന്ന ഒരു കൂട്ടം കലാകാരൻമാരുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ഈ സിനിമ. സിനിമ പണസന്പാദനത്തിനുളള ഒരു മാർഗമാണെന്ന് കരുതാത്ത ഒരു കൂട്ടം സിനിമ പ്രവർത്തകർ. അവരുടെ കൂട്ടായ്മയാണ് സ്ക്രീൻപ്ലേ സിനിമാസ്. ആ കൂട്ടായ്മയിൽ നിന്ന് മലയാളത്തിന് സമ്മാനിച്ച നല്ല ചിത്രമാണ് രക്തസാക്ഷ്യം.
കച്ചവട താല്പര്യങ്ങൾക്കതീതമായി കലാപരമായ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സാമൂഹ്യ പ്രസക്തമായ നല്ല സിനിമകളുടെ നിർമിതി എന്ന ലക്ഷ്യവുമായാണ് സ്ക്രീൻപ്ലേ സിനിമാസ് എന്ന കൂട്ടായ്മ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവന്നിരിക്കുന്നത്.
കാണണോ….കാണിച്ചുതരും…
സിനിമ കാണാൻ തയാറുള്ള പ്രേക്ഷകന് സിനിമ കാണിച്ചു കൊടുക്കുകയെന്ന ഉത്തരവാദിത്തം കൂടി പുതിയകാലത്തെ സിനിമ പ്രവർത്തകർ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. കാലം ആവശ്യപ്പെടുന്ന മാർക്കറ്റിംഗ് സ്്ട്രാറ്റജിയാണത്. ബ്രഹ്മാണ്ഡ ചിത്രങ്ങൾ തീയറ്ററുകൾ നിറഞ്ഞാടുന്പോൾ രക്തസാക്ഷ്യം പോലെയുളള നല്ല ചെറുചിത്രങ്ങളെ പ്രേക്ഷക സമക്ഷത്തേക്ക് കടത്തിവിടാൻ പോലുംതിയറ്ററുകൾ തയാറാവാത്ത സ്ഥിതിയുണ്ട്.
രക്തസാക്ഷ്യം എന്ന സിനിമ ചിത്രാഞ്ജലി തിയറ്ററുകൾ വഴി റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ വലിയ സിനിമകളുടെ തിരക്കൊഴിഞ്ഞ് ചിത്രാഞ്ജലി തിയറ്ററുകൾ ലഭിക്കുന്നതിനനുസരിച്ചേ അത് സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞതോടെ തങ്ങളുടെ സിനിമ ചിത്രാഞ്ജലി തീയറ്ററുകളിലൂടെ പ്രദർശിപ്പിക്കുകയെന്നത് എളുപ്പമല്ലെന്നും അതൊരുപാട് കാലതാമസമെടുക്കുന്ന കാര്യമാകുമെന്നും രക്തസാക്ഷ്യത്തിന്റെ അണിയറ പ്രവർത്തകർ തിരിച്ചറിഞ്ഞു. എടുത്തു പൂർത്തിയാക്കിയ ഒരു സിനിമ പെട്ടിക്കുള്ളിൽ അടയിരുന്ന് പൊടിപിടിച്ചുപോകുന്നത് കാണാൻ ഇഷ്ടമില്ലാതിരുന്ന സംവിധായകൻ ബിജുലാലും കൂട്ടരും സിനിമ കാണിച്ചുകൊടുക്കാൻ തന്നെ ഉറപ്പിച്ചതോടെ രക്തസാക്ഷ്യത്തിന്റെ പ്രദർശനത്തിന് വഴിതെളിഞ്ഞു.
തൃശൂർക്കാരനായ പ്രിയനന്ദനന്റെ നെയ്ത്തുകാരനും സുദേവന്റെ ക്രൈം നന്പർ 89 തുടങ്ങിയ സിനിമകൾ പ്രേക്ഷകരിലേക്ക് എത്താൻ കൈക്കൊണ്ട മാർഗങ്ങളുടെ വഴിയേ രക്തസാക്ഷ്യത്തിന്റെ പ്രവർത്തകരും നീങ്ങി. വർഷങ്ങൾക്കു മുന്പ് ജോണ് എബ്രഹാം കാണിച്ചു തന്ന വഴി കൂടിയാണിത്.
കേരളത്തിലെ പ്രധാനപ്പെട്ട റിലീസിംഗ് സ്റ്റേഷനുകളിൽ തീയറ്ററുകൾ വാടകയ്ക്കെടുത്ത് പ്രമോഷൻ ഷോകൾ എന്ന പേരിൽ രക്തസാക്ഷ്യം പ്രദർശിപ്പിക്കുകയെന്ന ഉത്തരവാദിത്തം അണിയറ പ്രവർത്തകർ ഏറ്റെടുത്തു. നല്ല സിനിമകൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നവരും സ്നേഹിക്കുന്നവരും തങ്ങൾക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ബിജുലാലും കൂട്ടരും രക്തസാക്ഷ്യത്തെ ഈ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തീരുമാനമെടുത്തത്.
സംവിധായകൻ പറയുന്നു…
താരപ്രഭയില്ലാത്ത പല ചെറിയ സിനിമകൾക്കും നേരിടേണ്ടി വന്ന ദുരന്തമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. ഇതൊരു വിജയമായി മാറണമെങ്കിൽ എല്ലാവരുടേയും ആത്മാർഥമായ പ്രയത്നവും സഹകരണവും അനിവാര്യമാണ്. അവധി ദിവസങ്ങളിൽ പ്രധാനപ്പെട്ട തീയറ്ററുകളിൽ റഗുലർ ഷോകൾക്ക് മുന്നേ തന്നെ സ്പെഷൽ ഷോ ആയാണ് രക്തസാക്ഷ്യം പ്രദർശിപ്പിക്കുക. ഒരു ടിക്കറ്റിന് 100 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ പ്രേക്ഷകരെത്തി ടിക്കറ്റെടുത്താൽ മാത്രമേ ഈ ഉദ്യമം വിജയിക്കുകയുള്ളുവെന്നത് സത്യം.
മുടക്കിയ പണത്തിന്റെ ചെറിയൊരു വിഹിതം തിരിച്ചുപിടിക്കുകയെന്ന ചെറിയ ആഗ്രഹവും നല്ല സിനിമ പരമാവധി പ്രേക്ഷകരിലേക്ക് എത്തണമെന്ന വലിയ ആഗ്രഹവും ഞങ്ങൾക്കുണ്ട്. പ്രേക്ഷകർക്ക് നല്ല സിനിമ കാണാനുള്ള അവസരം ഇല്ലെന്ന പരാതി ഇതുപോലുള്ള പ്രദർശനങ്ങളിലൂടെ നികത്തുകയാണ് ഞങ്ങൾ. ഇനി കാണേണ്ടത് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ട പ്രേക്ഷകരുടെ സാന്നിധ്യമാണ്.
കഴിഞ്ഞ മാസം തൃശൂർ ഗിരിജയിലും മാപ്രാണം വർണയിലും രാവിലെ ഒന്പതിന് ഇത്തരത്തിൽ രക്തസാക്ഷ്യം പ്രദർശിപ്പിച്ചു. കാണാൻ പ്രേക്ഷകരുമെത്തി. ഇത് ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു. അതുകൊണ്ടുതന്നെ രക്തസാക്ഷ്യവുമായി കൂടുതൽ തിയറ്ററുകളിലേക്ക് യാത്ര തുടരുകയാണ് ഞങ്ങൾ.
സിനിമ ഒരു സ്വപ്നമാണ്…പലപ്പോഴും ത്യാഗവും
കലയ്ക്കു വേണ്ടി പണം ചെലവഴിക്കുക എന്നത് ഇന്നത്തെ കാലത്ത് അപൂർവം ചിലർ മാത്രം ചെയ്യുന്ന നല്ലകാര്യമാണ്. മുടക്കിയ പണം തിരിച്ചുകിട്ടണം എന്ന വാശിപിടിക്കാത്ത നല്ല നിർമാതാക്കളാണ് മലയാള സിനിമയ്ക്ക് ഇന്നാവശ്യം. രക്തസാക്ഷ്യത്തിന്റെ നിർമാതാവ് ബാബു ചൊവ്വല്ലൂരിനെ അഭിനന്ദിക്കേണ്ടതും അതുകൊണ്ടുതന്നെയാണ്. താരപരിവേഷങ്ങളില്ലാത്ത ഒരു നല്ല സിനിമയ്ക്കായി പണം മുടക്കാൻ തയാറായ ബാബു ചൊവ്വല്ലൂർ ലാഭം മാത്രം നോക്കി പണം മുടക്കുന്ന നിർമാതാക്കളുടെ കൂട്ടത്തിലല്ല.
ബോക്സോഫീസിൽ ഒരുപക്ഷെ ബാബു ചൊവ്വല്ലൂരിന്റെ പേര് അടയാളപ്പെടുത്താതെ പോയേക്കാം…പക്ഷേ നല്ല സിനിമകളുടെ നിർമാതാക്കൾ എന്ന പട്ടികയിൽ ബാബു ചൊവ്വല്ലൂരിന്റെ പേരുണ്ടാകും. രക്തസാക്ഷ്യം പോലുള്ള ചെറിയ നല്ല സിനിമകൾ സാധ്യമാക്കാൻ നിർമാതാക്കൾ പണക്കണക്ക് നോക്കാതെ സധൈര്യം കടന്നുവരണമെന്ന് ബാബു ചൊവ്വല്ലൂർ കാണിച്ചു തരുന്നു…
സഹനിർമാണം: മുസ്തഫ കീത്തടത്ത്, ഹരിലാൽ കടയ്ക്കൽ, പി.എസ്.അച്യുതൻ, അനിൽ കൈപറന്പ് എന്നീ സഹനിർമാതാക്കളും അർഹിക്കുന്നു നല്ലൊരു കൈയടി.
പുതുമുഖങ്ങളാണ് രക്തസാക്ഷ്യത്തിന്റെ കരുത്ത്
അർഹതയുണ്ടായിട്ടും ഒരു അവസരം പോലും കിട്ടാതെ പോയവർക്കുള്ള അരങ്ങേറ്റം കൂടിയാണ് രക്തസാക്ഷ്യം എന്ന സിനിമ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള പുതുമുഖങ്ങളാണ് രക്തസാക്ഷ്യത്തിന്റെ കരുത്ത്. നിർബന്ധബുദ്ധികളില്ലാതെ നല്ല സിനിമ എന്ന സ്വപ്നത്തിന് നിറം പകരാൻ മനസർപ്പിച്ച് നൂറു ശതമാനമത്തിലേറെ ആത്മാർഥമായി ചിത്രത്തിനൊപ്പം നിന്ന നിരവധി പേർ..വാടകയ്ക്കെടുത്ത തിയറ്ററുകളിൽ രക്തസാക്ഷ്യമെന്ന ടൈറ്റിൽ തെളിയുന്പോൾ ഉയരുന്ന കൈയടികൾ ഈ പുതുമുഖങ്ങൾക്കുള്ള കൈയടി കൂടിയാണ്…മലയാളസിനിമയുടെ വിശാലമായ ലോകത്തേക്കുള്ള നിങ്ങളുടെ കടന്നുവരവിനുള്ള ഹർഷാരവമാണത്…
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ജിജോയ് രാജഗോപാലാണ് രക്തസാക്ഷ്യത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സുനിൽ സുഗത, ദേവി അജിത്, ദിവ്യ ഗോപിനാഥ് എന്നിവരും ചിത്രത്തിലുണ്ട്.
സാഗർ ഛായാഗ്രഹണവും ഹരിഗോവിന്ദൻ, അറയ്ക്കൽ നന്ദകുമാർ എന്നിവർ സംഗീതസംവിധാനവും നിർവഹിച്ചു. ബാലമുരളിയാണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്. താഹിർഹംസ എഡിറ്റിംഗും നടത്തി.
ക്രയോണ് ജയൻ, കാളിദാസൻ, ഷൈൻ നെല്ലങ്കര, സന്തോഷ് ചിറ്റിലപ്പിള്ളി, അനൂപ് സണ്ണി, നിധിൻ, ജിജോ തരകൻ, അഷ്ക്കർ, സായ് പ്രബീഷ്, പ്രേംജി ഗുരുവായൂർ, സുരേഷ് രാജൻ, വിനയ് ലാൽ എന്നിവരാണ് രക്തസാക്ഷ്യത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
രക്തസാക്ഷ്യം മുന്നോട്ടു വയ്ക്കുന്നത്…
ഇതൊരു രാഷ്ട്രീയ ചിത്രമല്ലെന്നും എന്നാൽ കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള നിഷ്പക്ഷമായ ചില രാഷ്ട്രീയ യാഥാർഥ്യങ്ങൾ രക്തസാക്ഷ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും സംവിധായകൻ ബിജുലാൽ പറയുന്നു. ഒരു സാധാരണ മനുഷ്യനെ മത രാഷ്ട്രീയ കാപട്യങ്ങൾ എങ്ങനെയാണ് അപകടത്തിലാക്കുന്നത് എന്നാണ് ആത്യന്തികമായി ഈ സിനിമ പറയാൻ ശ്രമിക്കുന്നത്.
കേരളത്തിന്റെ സമകാലീക സാമൂഹ്യ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്. മതം ആത്മീയത തുടങ്ങിയവയിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന സാംസ്ക്കാരിക അപചയങ്ങളെ തുറന്നു കാട്ടാനുള്ള ധീരമായ ഒരു ശ്രമം കൂടിയാണ് രക്തസാക്ഷ്യമെന്ന് ചിത്രം കണ്ടിറങ്ങുന്നവർ സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ കാത്തിരിക്കുക…തിയറ്റർ വാടകയ്ക്കെടുത്ത് ബിജുലാലും കൂട്ടരും വൈകാതെ നിങ്ങളുടെ അടുത്തുള്ള തിയറ്ററിലെത്തും…