ഇരിങ്ങാലക്കുട: സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചതിനെതുടർന്നു മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ പ്രതിഷേധമുയർത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ രണ്ടായിരത്തോളം വിദ്യാർഥിനികൾ.
ഇന്നലെ രാവിലെ വിദ്യാർഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാവിലെ കോളജിലേക്കുള്ള യാത്രാമധ്യേയാണു പിതാവിനൊപ്പം സ്കൂട്ടറിൽ വരുന്പോൾ സെന്റ് ജോസഫ്സ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനി വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ഡേവിസിന്റെ മകൾ ലയ (22) സ്വകാര്യ ബസിടിച്ചു മരിച്ചത്.
കൂട്ടുകാരോടും അധ്യാപകരോടും പ്രിയ കലാലയത്തോടും യാത്രപറയാൻ പുറപ്പെട്ട ലയയെ അമിത വേഗതയിൽ വന്ന ബസിടിച്ചു തെറിപ്പിച്ചതോടെ ഈ ലോകത്തോടുതന്നെ വിടപറയേണ്ടി വന്നു.
ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുയെന്ന മുദ്രാവാക്യമുയർത്തി വിദ്യാർഥികൾ അധ്യാപകർക്കൊപ്പം രാവിലെ കോളജിൽ നിന്നും ഇരിങ്ങാലക്കുട നഗരത്തിലേക്കിറങ്ങിയതോടെ കണ്ണീരണിഞ്ഞ പ്രതിഷേധത്തിനു നഗരം സാക്ഷിയായി.
ഠാണാ വഴി ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ സ്റ്റാൻഡിന്റെ മുൻ ഗേറ്റ് ഉപരോധിച്ചു സ്റ്റാൻഡിനകത്തു കുത്തിയിരുന്നു.
വിദ്യാർഥിനികളുടെ പ്രതിഷേധം വിളിച്ചുയർത്തിയ മുദ്രാവാക്യങ്ങളിലൂടെ വ്യക്തമായിരുന്നു. ബസ് ജീവനക്കാർക്കെതിരെ രോഷം ശക്തമായിരുന്നു.
ബസുകൾ മരണക്കളി അവസാനിപ്പിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇനിയെത്ര മരണം എന്ന ചോദ്യവും വിദ്യാർഥികളുന്നയിച്ചു. കറുത്ത ബാഡ്ജും ലയയുടെ ചിത്രം പതിച്ച ബാഡ്ജും ധരിച്ചായിരുന്നു പ്രതിഷേധം.
ലയയുടെ ക്ലാസിലെ കുട്ടികളാണു തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓർമകൾ ഹൃദയത്തിൽ പേറി പ്രതിഷേധനിരയുടെ മുന്നിൽ ഫ്ലക്സുമായി ഉണ്ടായിരുന്നത്. ഒരു മണിക്കൂറോളം സ്റ്റാൻഡിനകത്തു വിദ്യാർഥികൾ പ്രതിഷേധം തീർത്തു.
സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളിൽ വിദ്യാർഥിനികൾ കയറുകയും യാത്രക്കാരേയും ബസ് ജീവനക്കാരേയും അമിതവേഗത അപകടകമാണെന്നു ബോ ധവത്കരിക്കുകയും ചെയ്തു.
ഒരു മണിക്കൂറിലേറെ ബസ് സ്റ്റാൻഡ് ഉപരോധിച്ച ശേഷം മൗനജാഥയായി വിദ്യാർഥികൾ കോളജിലേക്കു തന്നെ മടങ്ങി.
കണ്ണീരണിഞ്ഞ് കലാലയം
ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ മരിച്ച ലയ ഡേവിസിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സഹപാഠികൾ. ഇന്നലെ രാവിലെ കോളജിൽ നടന്ന അനുശോചന സമ്മേളനം ഏറെ വികാരഭരിതമായിരുന്നു.
ലയയ്ക്കു പലപ്പോഴും സഹായിയായിരുന്ന കൂട്ടുകാരികൾക്കു ദുഃഖം അടക്കാനായില്ല. അനുശോചന യോഗത്തിന്റെ ഭാഗമായി നടന്ന പ്രാർഥനാ ചടങ്ങുകൾക്ക് ഐക്കഫ് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി, ക്ലാസ് ടീച്ചർ എസ്. രമ്യ, സഹപാഠി ബിൻസി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധിച്ചവരെ ബസിൽ കയറ്റിയില്ലെന്ന്
പ്രതിഷേധിക്കുന്നവർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ കയറേണ്ട എന്നു പറഞ്ഞ് ബസ് കണ്ടക്ടർ കോളജ് വിദ്യാർഥിനികളെ കയറ്റിയില്ലെന്നു വിദ്യാർഥിനികൾ പറഞ്ഞു.
ഇന്നലെ സെന്റ് ജോസഫ് കോളജിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ വച്ച് കൊടുങ്ങല്ലൂരിലേക്കുള്ള ബസിൽ കയറാൻ ശ്രമിച്ചപ്പോഴായിരുന്നു ബസ് കണ്ടക്ടറുടെ ശകാരം.
സ്കൂൾ വിദ്യാർഥിനിയെയും പിതാവിനെയും ഇടിച്ചിടാൻ ശ്രമം; സംഘർഷത്തിനിടയാക്കി
ഇരിങ്ങാലക്കുട: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാരുടെ അതിക്രമങ്ങൾ തുടരുന്നു. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂൾ വിദ്യാർഥിനിയെയും പിതാവിനെയും ഇടിച്ചിടാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കി.
ഇന്നലെ ഉച്ചതിരിഞ്ഞാണു സംഭവം. ഇരിങ്ങാലക്കുടയിൽനിന്നും സ്കൂൾ വിട്ട് വിദ്യാർഥിനിയുമായി പോകുകയായിരുന്ന ഐക്കരക്കുന്ന് സ്വദേശി ജെയ്സന്റെ ഇരുചക്രവാഹനത്തിനെയാണ് കോന്പാറ പരിസരത്തുവച്ച് ഇതേ ദിശയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചിടാൻ ശ്രമിച്ചതായി പറയുന്നത്.
ഇദ്ദേഹത്തിന്റെ കൈക്കു പരിക്കേറ്റിട്ടുണ്ട്. തുടർന്നു നാട്ടുകാർ ചേർന്നു സഹകരണ ആശുപത്രി പരിസരത്തുവച്ച് ബസ് റോഡിൽ തടഞ്ഞിട്ടു.
ഏകദേശം അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് യാത്രക്കാരെ ഇറക്കി മറ്റു ബസുകളിൽ കയറ്റിവിട്ടു. പോലീസെത്തി ബസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കരുവന്നൂരിൽ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥിനിയും പിതാവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചിരുന്നു.