മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്). മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ (ആർഐഎൽ) മറികടന്നാണ് ടിസിഎസ് ഒന്നാമതെത്തിയത്. തുടർച്ചയായ നാലാം ദിവസവും താഴ്ന്ന കമ്പോളത്തിൽ ആർഐഎൽ ഓഹരികൾ താഴേക്കുപോയതാണ് ടിസിഎസിനു നേട്ടമായത്.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 8.13 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ മൂല്യം. ആർഐഎലിന് 7.95 ലക്ഷം കോടി രൂപയും. കഴിഞ്ഞ നാലു ദിവസംകൊണ്ട് ആർഐഎൽ ഓഹരികൾക്ക് 11 ശതമാനം ഇടിവുണ്ടായി. ഇന്നലെ മാത്രം 3.4 ശതമാനമാണ് ആർഐഎലിന്റെ നഷ്ടം. ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ആർഐഎലിന്റെ റേറ്റിംഗ് “തുല്യ ഭാര’ത്തിലേക്കു താഴ്ത്തിയതാണ് ആർഐഎൽ ഓഹരികളെ തളർത്തിയത്. ഇന്നലെ 96,288 കോടി രൂപയാണ് ആർഐഎലിന്റെ നഷ്ടം.
ഈ മാസം മൂന്നിനാണ് ആർഐഎലിന്റെ വിപണിമൂല്യം 8.91 ലക്ഷം കോടി രൂപയായി ഉയർന്നത്. ജനുവരി 10ന് ടിസിഎന്റെ വിപണിമൂല്യം 7.08 ലക്ഷം കോടി രൂപയും ആർഐഎലിന്റേത് ഏഴു ലക്ഷം കോടി രൂപയുമായിരുന്നു.