സ്വന്തം ലേഖകൻ
തൃശൂർ: കണ്ടാൽ ഫാമിലി ലുക്കാണ്..പക്ഷേ കയ്യിലിരുപ്പാണെങ്കിൽ അതി മാരകമായ ഹാഷിഷ് ഓയിലും കഞ്ചാവും എംഡിഎംഎപോലുള്ള മയക്കുമരുന്നുകളും – അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനകത്തും മയക്കുമരുന്ന് ക്യാരിയർമാരായി സ്ത്രീകൾ കൂടുന്നുവെന്ന് കഴിഞ്ഞദിവസം തൃശൂരിൽ പിടിയിലായ സംഘം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.
മയക്കുമരുന്ന് ക്യാരിയർമാരായും വിൽപനക്കാരായും സ്ത്രീകൾ കേരളത്തിൽ വർധിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
സുരക്ഷിതമായി മയക്കുമരുന്നടക്കമുളള നിരോധിത വസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്താൻ സ്ത്രീകളെ കൂടെ കൂട്ടുന്ന പതിവ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്നുണ്ട്.
പോലീസടക്കമുള്ളവർ ചെക്കിംഗ് നടത്താനെത്തുന്പോൾ വണ്ടിയിൽ സ്ത്രീകളടക്കമുള്ളവരുണ്ടെങ്കിൽ ഫാമിലിയാണല്ലോ എന്ന് കരുതി കാര്യമായ പരിശോധന നടത്താതെ വണ്ടികൾ കടത്തിവിടും. ഇതു തന്നെയാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ തുറുപ്പുഗുലാൻ.
സ്ത്രീകളെ മുൻനിർത്തിയാണ് ഇവർ ചരക്കുനീക്കം നടത്തുന്നത്.
എന്നാൽ സ്ത്രീകൾ ക്യാരിയർമാരായി മയക്കുമരുന്നും സ്വർണവുമെല്ലാം കടത്തുന്നത് പതിവായതോടെ പോലീസും എൻഫോഴ്സ്മെന്റുമെല്ലാം കൂടുതൽ ജാഗ്രതയോടെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
ക്യാരിയർമാരായി എത്തുന്ന സ്ത്രീകൾ മയക്കുമരുന്ന് വിൽപനശൃംഖലയിലും കണ്ണികളാണ്. പെണ്കുട്ടകളാണ് ഇവരുടെ പ്രധാന കസ്റ്റമേഴ്സ് എന്ന് പോലീസ് പറയുന്നു.
പെണ്കുട്ടികളുമായി പെട്ടന്ന് സൗഹൃദത്തിലാവുകയും അവരെ പതുക്കെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് അടുപ്പിക്കുകയും പിന്നീട് വലിയൊരുറാക്കറ്റിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണ് ഇവരുടെരീതി.
ക്യാരിയറായും വിൽപനക്കാരായും മാറുന്ന സ്ത്രീകൾ മയക്കുമരുന്നുപയോഗത്തിലും മുന്നിലാണ്.
തൃശൂരിൽ ഹാഷിഷ് ഓയിലുമായി പിടിയിലായ സ്ത്രീകൾക്കൊപ്പമുണ്ടായിരുന്നത് പല മയക്കുമരുന്നുകേസുകളിലും പ്രതിയായിരുന്നയാളാണ്. പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
പരിശോധനകൾ കർശനമാകുന്പോൾ ഫാമിലി ട്രിപ്പാണെന്ന് കൂടുതൽ ബോധ്യപ്പെടുത്താനായി ചെറിയ കുട്ടികളേയും ക്യാരിയർമാരായ സ്ത്രീകൾ കൂടെ കൂട്ടുമത്രെ.